തൃപ്പൂണിത്തുറയിൽ ത്രികോണ മത്സരമാകും; ഒരുക്കങ്ങളുമായി മുന്നണികൾ

പ്രതീകാത്മക ചിത്രം | Photo: Ai Generated
പ്രതീകാത്മക ചിത്രം | Photo: Ai Generated

തൃപ്പൂണിത്തുറ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കേ, തൃപ്പൂണിത്തുറ നഗരസഭയിൽ ഇത്തവണ കടുത്ത ത്രികോണ മത്സരമാകുമെന്ന് ഉറപ്പ്. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ തമ്മിലാകും ഇത്. 49 വാർഡുകളുണ്ടായിരുന്നയിടത്ത് പുതിയതായി വന്ന നാല് വാർഡുകൾ ഉൾപ്പെടെ 53 വാർഡുകളായിട്ടുണ്ട്.

നിലവിൽ ഇടതുമുന്നണിക്കാണ് തൃപ്പൂണിത്തുറ നഗരസഭാ ഭരണമെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ല. ഇടതുമുന്നണിക്ക്‌ 23 സീറ്റ് ലഭിച്ചപ്പോൾ എൻഡിഎ 17 സീറ്റ് നേടിയിരുന്നു. യുഡിഎഫിന് എട്ട്‌ സീറ്റേ ലഭിച്ചുള്ളൂ. ഒരു സീറ്റിൽ സ്വതന്ത്രനും ജയിച്ചിരുന്നു.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വരുംമുന്നേ തന്നെ യുഡിഎഫിൽ ഇക്കുറി സീറ്റ് വിഭജന ചർച്ചയും സ്ഥാനാർഥി നിർണയവും ഏതാണ്ട് പൂർത്തിയായതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു. കോൺഗ്രസ് 50 സീറ്റിൽ മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ചാത്താരി വാർഡ് കേരള കോൺഗ്രസ് (ജോസഫ്), കരിങ്ങാച്ചിറ വാർഡ്‌ കേരള കോൺഗ്രസ് (ജേക്കബ്) എന്നിവർക്കാണ് നൽകാൻ തീരുമാനം എന്നറിയുന്നു. ട്രാക്കോ കേബിൾ വാർഡിൽ യുഡിഎഫ് സ്വതന്ത്രനാകും സ്ഥാനാർഥി. ഡിസിസി ജനറൽ സെക്രട്ടറി സി.എ. ഷാജി ഉൾപ്പെടെ കോൺഗ്രസ് നേതാക്കളും സ്ഥാനാർഥികളായി രംഗത്തുണ്ടാകും.

ഇടതുമുന്നണിയിൽ ഘടകകക്ഷികൾക്കുള്ള സീറ്റുകളുടെ കാര്യത്തിൽ ഏതാണ്ട് ധാരണയായതായി അറിയുന്നു. ഇടതു മുന്നണിയിൽ ഭൂരിഭാഗം സീറ്റുകളിലും സിപിഎം സ്ഥാനാർത്ഥികളാകും മത്സരിക്കുക. അഞ്ചു സീറ്റ് സിപിഐയ്ക്ക് നൽകുമെന്നാണ് അറിയുന്നത്.

നഗരസഭാ പ്രദേശത്ത് സിപിഎമ്മിന് ഏഴ് ലോക്കൽ കമ്മിറ്റികളാണ് ഉള്ളത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ നിസ്സാരസമയം കൊണ്ടുതന്നെ സ്ഥാനാർഥി പ്രഖ്യാപനം ഉൾപ്പെടെ ഉണ്ടാകുമെന്നും സിപിഎം നേതാക്കൾ പറഞ്ഞു.

എൻഡിഎയിലും സീറ്റുകാര്യത്തിൽ ഏതാണ്ട് ധാരണയായെന്നറിയുന്നു. ബിജെപി സ്ഥാനാർഥികളായി നേതാക്കളടക്കം പുതുമുഖങ്ങൾ ഏറെ ഉണ്ടാകുമെന്നാണ് അറിയുന്നത്. സംസ്ഥാന നേതാക്കളുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് തൃപ്പൂണിത്തുറയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടക്കുന്നത്.

Content Highlights: Get ready for a thrilling triangular contest in Thrippunithura Municipality local body elections. LDF, UDF, and NDA gear up for the battle. Learn more about the wards and party strategies.