കൗതുകമായി കുമ്പളങ്ങിയിലെ ‘കുറുപ്പശ്ശേരി’ പോരാട്ടം; മത്സരിക്കുന്ന നാലുപേരും ഒരേ കുടുംബക്കാർ

കുമ്പളങ്ങി: കുമ്പളങ്ങി പഞ്ചായത്തിലെ 16-ാം വാർഡിൽ ഇക്കുറി കുറുപ്പശ്ശേരി കുടുംബക്കാരുടെ പോരാട്ടമാണ്. പഞ്ചായത്തിലേക്ക് മത്സരിക്കുന്ന നാല് പേരും ഒരേ കുടുംബക്കാർ. മുൻ കേന്ദ്രമന്ത്രിയും, നിലവിൽ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധിയുമായ പ്രൊഫ. കെ.വി. തോമസിന്റെ കുടുംബക്കാരാണ് മത്സരിക്കുന്ന നാല് പേരും. സ്ഥാനാർഥികളെല്ലാം ഒരേ കുടുംബക്കാരായതിനാൽ, ആര് ജയിച്ചാലും കുറുപ്പശ്ശേരിക്കാരൻ പഞ്ചായത്തംഗമാകും. ഇവരിൽ മൂന്നുപേരും പ്രധാന മുന്നണികളുടെ സ്ഥാനാർഥികളാണ്.
ഒരാൾ ജനാധിപത്യ കേരള കോൺഗ്രസ് സ്ഥാനാർഥിയുമാണ്. കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റും ഡിസിസി നിർവാഹക സമിതി അംഗവുമായ ഷാജി കുറുപ്പശ്ശേരിയാണ് യുഡിഎഫ് സ്ഥാനാർഥി. മുൻ പഞ്ചായത്ത് പ്രസിഡന്റുകൂടിയായ മാർട്ടിൻ ആന്റണി എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്നു.
ബിജെപി മുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്നത് സാംസൺ കുറുപ്പശ്ശേരിയാണ്. ജനാധിപത്യ കേരള കോൺഗ്രസ് സ്ഥാനാർഥിയായി ടെൻസൺ കുറുപ്പശ്ശേരിയും മത്സരിക്കുന്നു. 16-ാം വാർഡിൽ അങ്കം മുറുകുകയാണ്.
പഴയ വാർഡിൽ ചെറിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, ഈ മാറ്റങ്ങൾകൂടി കണക്കിലെടുത്താണ് മുന്നണികൾ പ്രചാരണ തന്ത്രം മെനയുന്നത്. കുമ്പളങ്ങിയിലെ ഏറ്റവും വാശിയേറിയ പോരാട്ടവേദിയായി 16-ാം വാർഡ് മാറുകയാണ്.
Content Highlights: Unique election battle in Kumbhalangi`s Ward 16! Four family members from Kuruppassery contest for a Panchayat seat. Discover this fascinating political family drama.