ട്വന്റി 20-ക്ക് ചിഹ്നം മാങ്ങ, മറ്റുള്ളവർ ആവശ്യപ്പെട്ടത് ആപ്പിൾ, ശംഖ്, പൈനാപ്പിൾ; കിഴക്കമ്പലത്ത് അപരന്മാരുടെ നീണ്ടനിര

കിഴക്കമ്പലം(കൊച്ചി): കിഴക്കമ്പലം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നാമനിർദേശ പത്രിക നൽകിയ ട്വന്റി 20 സ്ഥാനാർഥികളുടെ പേരുകളോടും ചിഹ്നമായ മാങ്ങയോടും സാമ്യവും സാദൃശ്യവുമുള്ളവർ ഏറെ.
ചിഹ്നമായി ആവശ്യപ്പെട്ടിരിക്കുന്നത് ആപ്പിൾ, ശംഖ്, പൈനാപ്പിൾ എന്നിവയാണ്. അമ്പുനാട് വാർഡിൽ പ്രീത, പ്രീതി, ലീല മാക്കീനിക്കര വാർഡിൽ ചിന്നമ്മാ ഏലിയാസ്, ചിന്നമ്മാ പൗലോസ് കാരുകുളം വാർഡിൽ മേരി ഏലിയാസ് പേരുകാർ രണ്ടുണ്ട്.
കാവുങ്ങപറമ്പ് വാർഡിൽ സുജിതമോൾ, സുനിത, കുമ്മനോട് വാർഡിൽ രാജൻ ഇ.ആർ. രണ്ടുപേരുണ്ട്, ചൂരക്കോട് വാർഡിൽ ജോബി മാത്യുവും ജോബിയുമുണ്ട്. ചൂരക്കോട് വെസ്റ്റ് വാർഡിൽ മിനി വി.സി., മിനി വി.കെ., ഷിബി, ഷിബി ടീച്ചർ, സിബി എന്നീ പേരുകാരാണുള്ളത്.
കുന്നത്തുകുടി വാർഡിൽ പ്രസന്ന, പ്രസീദ, പ്രസീല, രാജൻ, എം.പി. രാജൻ, രാജൻ കെ.കെ. എന്നിവരാണുള്ളത്. പൊയ്യക്കുന്നം വാർഡിൽ ബിനി തോമസ്, ബിനി ബിജു, മിനി ബാബു എന്നിവരാണുള്ളത്. കിഴക്കമ്പലം വാർഡിൽ ജിൻസി, ജിൻസി അജി എന്നിവരുണ്ട്.
ഊരക്കാട് വാർഡിൽ ആൻസി ഏലിയാസ്, ജിൻസി കുര്യാക്കോസ്, ജിൻസി ബിജു ജെനീഷ് എന്നിവരാണ് രംഗത്തുള്ളത്. കാനാപ്രുറം വാർഡിൽ ചിക്കു രാജൻ, രാജു, രാജു കെ.വി. എന്നിവരാണ് സാമ്യമുള്ള പേരുകാർ.
സിപിഎം ഒരു വാർഡിൽ
കിഴക്കമ്പലം പഞ്ചായത്തിലെ ചൂരക്കോട് വാർഡിൽ എ.ജി. കരുണൻ മാത്രമാണ് സിപിഎം ചിഹ്നമായ ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നത്തിൽ മത്സരിക്കുന്നത്. ചൂരക്കോട്, കാനാമ്പുറം, കുമ്മനോട് വാർഡുകളിൽ താമര ചിഹ്നത്തിൽ പത്മകുമാരും, നിതിൻകുമാർ സജീവും മത്സരിക്കുന്നു. കോൺഗ്രസിലെ എം.പി. രാജൻ, സജി പോൾ, റംല ഉമ്മർ, ഹംസ എന്നിവരാണ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നവർ.
Content Highlights: Kizhakkambalam Panchayat elections see many candidates with names and symbols similar to 20/20`s mango. Opponents choose apple, conch, pineapple. See the full list!