ആദ്യ തിരഞ്ഞെടുപ്പിൽതന്നെ ആദ്യ നഗരസഭാ ചെയർമാൻ; തിരഞ്ഞെടുപ്പ് ഓർമകളുമായി കെ.ബാബു എംഎൽഎ

തൃപ്പൂണിത്തുറ: അങ്കമാലി നഗരസഭയായ ശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പിലാണ് ഞാൻ ആദ്യമായി തിരഞ്ഞെടുപ്പ് രംഗത്ത് സ്ഥാനാർഥിയാകുന്നത്. അന്ന് എ.കെ. ആന്റണിയുടെ കൂടെയായിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥിയായിട്ടാണ് അന്ന് മത്സരിച്ചത്.
എതിർ സ്ഥാനാർഥി അച്ഛന്റെ ഏറ്റവും അടുത്ത ആളായിരുന്ന കോൺഗ്രസിന്റെ എം.വി. ചാക്കോയും. നാട്ടിൽ വളരെ അറിയപ്പെടുന്ന ആളായിരുന്നു അദ്ദേഹം. ആ തിരഞ്ഞെടുപ്പിൽ ഞാൻ 60 വോട്ടിന് വിജയിച്ചു. അങ്കമാലി നഗരസഭയുടെ ആദ്യ ചെയർമാനുമായി.
1979-80ലായിരുന്നു അത്. ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർമാനായിരുന്നു. ആ തിരഞ്ഞെടുപ്പുകാലം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്ന ഓർമ്മകളാണ്-കോൺഗ്രസ് നേതാവും തൃപ്പൂണിത്തുറ എംഎൽഎയുമായ കെ. ബാബു പറയുന്നു.
പിന്നീട് നഗരസഭാ തിരഞ്ഞെടുപ്പിൽ നിൽക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടും വേണ്ടെന്നുപറഞ്ഞു മാറി. പിന്നീട് എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ ഞങ്ങളെല്ലാവരും കോൺഗ്രസിലെത്തി. 1990-ൽ ആദ്യ ജില്ലാ കൗൺസിൽവന്ന സമയം ഞാനുൾപ്പെടെ നേതൃത്വത്തിലുള്ളവരെയൊക്കെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു.
അന്ന് കെ. കരുണാകരൻ പ്രതിപക്ഷ നേതാവും എ.കെ. ആന്റണി കെപിസിസി പ്രസിഡന്റുമാണ്. സ്ഥാനാർഥിയാകാനില്ലെന്നും ഒഴിവാക്കണമെന്നുമാണ് താൻ ആവശ്യപ്പെട്ടത്. എ.കെ. ആന്റണി മാറ്റിനിർത്തി ആവശ്യപ്പെട്ടെങ്കിലും പ്രാദേശിക രാഷ്ട്രീയ തിരഞ്ഞെടുപ്പിൽനിന്ന് തന്നെ ഒഴിവാക്കണമെന്നു തന്നെ ആവശ്യപ്പെടുകയാണുണ്ടായത്.
പിന്നീട് 1991-ൽ അസംബ്ലി സീറ്റ് തന്നപ്പോൾ പഴയ പള്ളുരുത്തി സീറ്റിനോടാണ് താത്പര്യം കാണിച്ചത്. തോൽക്കുന്ന സീറ്റാണെങ്കിൽ വടക്കേക്കര മതി എന്നും നേതാക്കളോട് പറഞ്ഞു. എന്നാൽ തൃപ്പൂണിത്തുറ സീറ്റാണ് തന്നത്.
തൃപ്പൂണിത്തുറയെക്കുറിച്ച് ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല. അവിടത്തെ അടുത്ത ഒരാളോട് തൃപ്പൂണിത്തുറ സീറ്റിന്റെ കാര്യം പറഞ്ഞപ്പോൾ "എന്തിനാ ഇങ്ങോട്ട് വരുന്നേ " എന്നാണ് പറഞ്ഞത്. പോയി നോക്ക് എന്നാണ് എ.കെ. ആന്റണി പറഞ്ഞത്. അങ്ങനെ തൃപ്പൂണിത്തുറ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി എത്തി.
ആ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ മുതിർന്ന നേതാവ് എം.എം. ലോറൻസിനെ 4946 വോട്ടുകൾക്കാണ് പരാജയപ്പെടുത്തി ആദ്യമായി എംഎൽഎയായത്. പിന്നീട് തൃപ്പൂണിത്തുറയിൽ 1996-ൽ സിപിഎമ്മിലെ ഗോപി കോട്ടമുറിക്കലിനെ 14,773 വോട്ടുകൾക്കും 2001-ൽ കെ. ചന്ദ്രൻ പിള്ളയെ 24,296 വോട്ടുകൾക്കും 2006-ൽ കെ.എൻ. രവീന്ദ്രനാഥിനെ 7,342 വോട്ടുകൾക്കും 2011-ൽ സി.എം. ദിനേശ്മണിയെ 15,778 വോട്ടുകൾക്കും പരാജയപ്പെടുത്തി.
2016-ൽ സിപിഎമ്മിലെ എം. സ്വരാജിനോട് മത്സരിച്ച് പരാജയപ്പെട്ടു. 2021-ലെ തിരഞ്ഞെടുപ്പിൽ എം. സ്വരാജിനെ പരാജയപ്പെടുത്തി വീണ്ടും എംഎൽഎയായിയെന്നും ജില്ലയിൽ സിപിഎമ്മിന് ഏറെ ശക്തിയുള്ള മണ്ഡലത്തിലാണ് തന്റെ വിജയങ്ങളെല്ലാമെന്നും കെ. ബാബു പറഞ്ഞു.
ഉമ്മൻചാണ്ടി മന്ത്രിസഭയിൽ എക്സൈസ്-തുറമുഖ-ഫിഷറീസ് മന്ത്രിയുമായിരുന്നു കെ. ബാബു. വിദ്യാർഥിരാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തുവന്ന കെ. ബാബു ഇപ്പോൾ കോൺഗ്രസ് നിയമസഭാ പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡറും എഐസിസി അംഗവുമാണ്. തൃപ്പൂണിത്തുറ സംസ്കൃത കോളേജിനുസമീപം കണ്ണുപറമ്പത്തുവീട്ടിൽ കുടുംബസമേതം താമസിക്കുന്നു.
Content Highlights: Congress leader K Babu MLA shares his inspiring journey from becoming the youngest municipal chairman to his multiple Assembly wins in Thripunithura. Relive his election memories!