എറണാകുളം: വിധി കാത്തിരിക്കുന്നത് 7374 സ്ഥാനാർഥികൾ, 2219 സ്ഥാനങ്ങൾ, എല്ലാം നാളെ അറിയാം

കാക്കനാട്: ശനിയാഴ്ച ഫലമറിയാം. അതെന്തെന്ന ആകാംക്ഷയോടെ കാത്തിരിക്കുന്നത് 7374 സ്ഥാനാർഥികൾ. ജില്ലയിൽ ആകെയുള്ള 2220 തദ്ദേശ സ്ഥാപന വാർഡുകളിൽ ഒരെണ്ണത്തിൽ വോട്ടെടുപ്പു മാറ്റിവെച്ചിരുന്നു. ജില്ലയിലെ 2219 ജനപ്രതിനിധികൾ ആരൊക്കെയെന്ന് ഉച്ചയോടെ അറിയാം. പാമ്പാക്കുട പഞ്ചായത്തിൽ ഓണക്കൂർ 10-ാം വാർഡിലെ സ്ഥാനാർഥിയായ സി.എസ്. ബാബുവിന്റെ മരണത്തെ തുടർന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്.
ആദ്യം തപാൽ വോട്ട്
രാവിലെ 8-നു തുടങ്ങുന്ന വോട്ടെണ്ണലിൽ ആദ്യം തപാൽ വോട്ടുകൾ എണ്ണും. തപാൽ ബാലറ്റുകൾ ശേഖരിച്ച് എണ്ണൽ കേന്ദ്രങ്ങളിൽ എത്തിക്കാൻ തപാൽവകുപ്പ് വിപുലമായ സജ്ജീകരണങ്ങൾ ജില്ലയിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ 6 വരെ ലഭിക്കുന്ന തപാൽ വോട്ടുകൾ കൃത്യസമയത്ത് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തിക്കും.
പിന്നെ യന്ത്രങ്ങൾ
തപാൽ വോട്ടുകൾ എണ്ണിയ ശേഷമാണ് പോൾചെയ്ത വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണുക. ഫലം അപ്പോൾത്തന്നെ ജനങ്ങളിലെത്തിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
28 കേന്ദ്രങ്ങൾ
ജില്ലയിൽ 14 ബ്ലോക്കുകളിലും 13 നഗരസഭകളിലും കൊച്ചി കോർപ്പറേഷനിലും ഓരോന്നുവീതം എണ്ണൽ കേന്ദ്രങ്ങളുണ്ട്. 28 വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കുപുറമേ കളക്ടറേറ്റിൽ ജില്ലാ പഞ്ചായത്ത് പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിനു സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥാനാർഥിക്കും ചീഫ് ഇലക്ഷൻ ഏജന്റിനും പുറമേ എണ്ണൽ മേശകളിൽ ഒരു ഏജന്റിനു മാത്രമാണ് പ്രവേശനം. തിരിച്ചറിയൽ കാർഡ് ഇല്ലാതെ ആർക്കും എണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശനമില്ല.
വോട്ടെണ്ണൽ ഇങ്ങനെ
1.വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന മുറി സ്ഥാനാർഥികളുടെയോ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ തുറക്കും. കൺട്രോൾ യൂണിറ്റ് വോട്ടെണ്ണുന്ന മുറിയിലേക്ക്. കൗണ്ടിങ് സൂപ്പർവൈസർ, രണ്ട് കൗണ്ടിങ് അസിസ്റ്റന്റ് എന്നിവർ മേശയ്ക്കുചുറ്റും. ഈ മേശയ്ക്കുചുറ്റും മുള, പിവിസി പൈപ്പുകൾ എന്നിവ ചതുരത്തിൽ കെട്ടിത്തിരിച്ചിരിക്കും. അതിനുപുറത്ത് സ്ഥാനാർഥികളുടെ കൗണ്ടിങ് ഏജന്റുമാർ. ഒരു മുറിയിൽ മൂന്നോ അധികമോ ടേബിളുകൾ ഉണ്ടാകും. ഇവയെല്ലാം നിരീക്ഷിച്ച് റിട്ടേണിങ് ഓഫീസർ, അസി. റിട്ടേണിങ് ഓഫീസർ.
2. ഒരു ടേബിളിൽ ഒരു വാർഡാണ് ഒരു സമയം എണ്ണുക. ഒരു വാർഡിലെ ഒരു ബൂത്തിൽ രണ്ടോ മൂന്നോ കൺട്രോൾ യൂണിറ്റുകൾ. അവ ക്രമത്തിൽ എടുക്കും. പെട്ടിക്കു പുറത്ത് കൺട്രോൾ യൂണിറ്റിന്റെ വിവരങ്ങൾ എഴുതിയ ഫോമുകൾ ഉണ്ടാകും. ഇതിൽ പോളിങ് ഏജന്റുമാരുടെ ഒപ്പുണ്ടാകും.
കൗണ്ടിങ് ബൂത്തിലെ ഏജന്റുമാരെ ഇതു ബോധ്യപ്പെടുത്തും.
3. സീൽ ചെയ്ത കൺട്രോൾ യൂണിറ്റ് പെട്ടിതുറന്നു പുറത്തെടുക്കും. കൺട്രോൾ യൂണിറ്റിലെ നമ്പറും പെട്ടിയിലെ നമ്പറും ഒന്നാണെന്നു കൗണ്ടിങ് ഏജന്റുമാരെ ബോധ്യപ്പെടുത്തും. കൺട്രോൾ യൂണിറ്റ് സ്വിച്ച് ഓൺ ചെയ്ത് റിസൽറ്റ് ബട്ടൺ അമർത്തും. കംപ്യൂട്ടിങ് റിസൽറ്റ് എന്ന് സ്‌ക്രീനിൽ കാണിക്കുമ്പോൾ ഇവ കൗണ്ടിങ് ഏജന്റുമാർക്കു കാണിച്ചുകൊടുക്കും. പോൾചെയ്ത വോട്ടുകൾ, ഗ്രാമപ്പഞ്ചായത്തിലെ ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ടുകൾ ഇതോടെ കാണിക്കും. അതിനുശേഷം ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ സ്ഥാനാർഥികൾക്ക് ഈ ബൂത്തിൽ ലഭിച്ച വോട്ടുകൾ കാണിക്കും.
ഏതെങ്കിലും ഏജന്റുമാർക്ക് ഈ നടപടികൾ വീണ്ടും കാണണമെങ്കിൽ ആവർത്തിക്കും. ബൂത്തിലെ വോട്ടുകൾ കൂട്ടുന്നതോടെ ആ വാർഡിൽ ജയിച്ചത് ആരെന്ന് അറിയാം. ഗ്രാമപ്പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥികൾക്കു കിട്ടിയ വോട്ടുകൾ കൂട്ടിച്ചേർക്കുന്നത് (ടാബുലേഷൻ) റിട്ടേണിങ് ഓഫീസറാണ്. ബ്ലോക്കിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ടാബുലേഷൻ ബ്ലോക്ക് തലത്തിലെ റിട്ടേണിങ് ഓഫീസറാണ്.
ബാലറ്റ് യൂണിറ്റ് / കൺട്രോൾ യൂണിറ്റ്
പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്ക് വോട്ടുചെയ്യുന്നത് ഒരു പോളിങ് ബൂത്തിലെ വ്യത്യസ്ത ബാലറ്റ് യൂണിറ്റുകളിലാണെങ്കിലും വോട്ടുകളെല്ലാം ഒരു കൺട്രോൾ യൂണിറ്റിലാണ് രേഖപ്പെടുത്തിയിട്ടുണ്ടാകുക.
നഗരസഭയിൽ ഒരു ബാലറ്റ് യൂണിറ്റും അതിന് ഒരു കൺട്രോൾ യൂണിറ്റും മാത്രം. വോട്ടെടുപ്പിനുശേഷം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും പ്രത്യേകം പെട്ടിയിലാക്കി സീൽ ചെയ്ത് ഇവ സൂക്ഷിക്കുന്ന കേന്ദ്രത്തിലെത്തിച്ചിട്ടുണ്ടാകും. പൂട്ടി സീൽ ചെയ്ത മുറി സ്ഥാനാർഥികളുടെയോ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ തുറക്കും.
Content Highlights: Ernakulam awaits election results! 7374 candidates, 2219 posts across 2219 local body wards. Find out who wins tomorrow. Postal votes counted first, then EVMs.