ട്വന്റി-20 കളം വിടുന്നു, ചെല്ലാനത്ത് മുന്നണികൾക്ക് ആശ്വാസം

ചെല്ലാനം: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ചെല്ലാനം പഞ്ചായത്തിലെ എൽഡിഎഫ് - യുഡിഎഫ് മുന്നണികൾക്ക് തലവേദന സൃഷ്ടിച്ചത് ട്വന്റി-20 എന്ന പേരിൽ പഞ്ചായത്തിൽ രൂപപ്പെട്ട കൂട്ടായ്മയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെയുള്ള 21 സീറ്റുകളിൽ എട്ടും നേടിയ ട്വന്റി-20 രണ്ട് മുന്നണികളെയും ഞെട്ടിച്ചുകളഞ്ഞു. എന്നാൽ, അഞ്ച് വർഷം കഴിഞ്ഞപ്പോഴേക്കും, അന്ന് രാഷ്ട്രീയ കക്ഷികളെയെല്ലാം വിറപ്പിച്ച ആ സംഘടന ഏതാണ്ട് ഇല്ലാതായ മട്ടാണ്.
ഇക്കുറി ചെല്ലാനം പഞ്ചായത്തിലെ ട്വന്റി-20 കൂട്ടായ്മ മത്സര രംഗത്തുണ്ടാവില്ലെന്നാണ് സൂചന. എന്നാൽ, രണ്ട് മുന്നണികൾക്കും എതിരായ കൂട്ടായ്മയായി നിലകൊണ്ട ആ പ്രസ്ഥാനത്തിൽ അവശേഷിക്കുന്നവർ മറ്റ് പേരുകളിൽ മത്സരരംഗത്ത് എത്തിയേക്കാനുമിടയുണ്ട്. ഏതായാലും മുന്നണികളുടെ ഉറക്കം കെടുത്തിയ ട്വന്റി-20 രംഗത്തുണ്ടാവില്ലെന്ന കാര്യം അവർക്ക് ആശ്വാസമാകുകയാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ മുന്നണികൾ നിസ്സാരമാക്കി തള്ളിയ കൂട്ടായ്മയാണിത്. കോവിഡ് കാലത്ത് വാട്സാപ്പ് ഗ്രൂപ്പായി രൂപപ്പെട്ട പ്രസ്ഥാനം, പിന്നീട് നാട്ടിലെമ്പാടും ഒരു തരംഗമായി വളരുകയായിരുന്നു. കിഴക്കമ്പലത്തുള്ള ട്വന്റി-20 എന്ന രാഷ്ട്രീയ കക്ഷിയുമായി ഒരു ബന്ധവുമില്ലാതിരുന്ന ഈ സംഘടന, പക്ഷേ ചെല്ലാനത്തിന്റെ മനസ്സ് പിടിച്ചെടുത്തിരുന്നു.
അതിന്റെ ഫലമാണ് തിരഞ്ഞെടുപ്പിൽ കണ്ടത്. ഫലം പുറത്തുവന്നപ്പോൾ, മുന്നണികളുടെ പ്രധാന പോരാളികൾ പോലും താഴെ വീണുപോയി.പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്നണികൾ മത്സരിപ്പിച്ച സ്ഥാനാർഥികൾ തോൽവിയുടെ കയ്പറിഞ്ഞു. ട്വന്റി-20 പ്രതീക്ഷിക്കാത്ത വിജയം നേടിയതോടെ പഞ്ചായത്തിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയായി.
കേവല ഭൂരിപക്ഷമില്ലാത്തതിനാൽ, ഭരണത്തിൽ കയറാതെ ട്വന്റി-20 അംഗങ്ങൾ പ്രതിപക്ഷത്തിരുന്നു. ആദ്യഘട്ടത്തിൽ എൽഡിഎഫ് പഞ്ചായത്ത് ഭരിച്ചു. പിന്നീട് ട്വന്റി-20 ക്കാർ കോൺഗ്രസുമായി കൂട്ടുചേർന്ന് ഭരണത്തിലെത്തി. അതിനുശേഷം പഞ്ചായത്ത് പല നാടകീയ സംഭവങ്ങൾക്കും വേദിയായി. ഒടുവിൽ ട്വന്റി-20 യിലെ ഒരംഗം കൂറുമാറി എൽഡിഎഫിനോടൊപ്പം ചേർന്നു. അതോടെ ഭരണം വീണ്ടും എൽഡിഎഫിനായി.
ട്വന്റി-20 യിലുണ്ടായ തർക്കങ്ങൾ ആ കൂട്ടായ്മയ്ക്കുതന്നെ തിരിച്ചടിയായി. ആ കൂട്ടായ്മയുടെ പ്രവർത്തനവും ഇല്ലാതായി. പഞ്ചായത്ത് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവർ ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ, ഈ കൂട്ടായ്മയുടെ ബാനറിൽ വീണ്ടും ഒരു തിരഞ്ഞെടുപ്പിന് അവരില്ല. അതേസമയം മുന്നണികൾക്കെതിരായി പുതിയ സംഘടനകൾ രംഗത്തെത്തുന്നുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ അനുഭവങ്ങൾ അറിയാവുന്ന മുന്നണികൾ ഇക്കുറി ആശ്വാസത്തിലാണ്. എന്നാൽ, പുതിയ സംഘങ്ങൾ രൂപപ്പെടുന്നതിനാൽ കൂടുതൽ ജാഗ്രതയോടെയാണ് അവരുടെ നീക്കം.
Content Highlights: The 20/20 alliance that challenged LDF & UDF in Chellanam local elections is reportedly not contesting this time. Relief for parties, but new groups may emerge.