’എംഎൽഎയൊന്നും ആവില്ല, പഞ്ചായത്ത് മെമ്പറെങ്കിലും ആകാൻ നോക്ക്’; അന്ന് വാപ്പ പറഞ്ഞു

#എം.ജി.സുബിൻ
അൻവർ സാദത്ത് എംഎൽഎ |photo:anwarsadathmla/instagram
അൻവർ സാദത്ത് എംഎൽഎ |photo:anwarsadathmla/instagram

ആലുവ: 20 വർഷം മുൻപത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കാലം. ഇടതുപക്ഷത്തിന്റെ കൈയിലിരിക്കുന്ന സ്വന്തം വാർഡായ ചെങ്ങമനാട് പഞ്ചായത്തിലെ പറമ്പയം പിടിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവർത്തനം. ഈ സമയത്ത് പാർട്ടി സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന എ.പി. അലി വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് മത്സരിക്കാൻ കഴിയില്ലെന്ന് അറിയിച്ചു.

യുഡിഎഫ് പ്രവർത്തകർ പകരം സ്ഥാനാർഥിയെ തേടി നടന്നു. ഇതിനിടയിലാണ് പ്രവർത്തകരും സുഹൃത്തുക്കളും തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടത്. ദിവസം കഴിയുന്തോറും സമ്മർദം ഏറി. വെറും 30 വയസ്സ് മാത്രം പ്രായമുള്ള താൻ അപ്പോൾ മത്സര രാഷ്ട്രീയത്തിൽ ഇറങ്ങേണ്ട എന്ന തീരുമാനത്തിൽ ആയിരുന്നു. ഒരു ദിവസം രാവിലെ പാർട്ടി പ്രവർത്തനത്തിനായി വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ വരാന്തയിൽ ഇരുന്ന വാപ്പ ചോദിച്ചു- എല്ലാവരും നിന്നോട് മത്സരിക്കാൻ പറയുന്നു, എന്താ നിന്റെ തീരുമാനം?. ഇപ്പോൾ ഇല്ലെന്ന് മറുപടി നൽകി.

’നീയൊരു എംഎൽഎ ഒന്നും ആവില്ല, പഞ്ചായത്ത് മെംബർ എങ്കിലും ആകാൻ നോക്ക് ’. വാപ്പയുടെ അടുത്ത ഡയലോഗ്. ഇത് തന്റെ ജീവിതം മാറ്റിമറിച്ചു. വാപ്പയുടെ വാക്കുകൾ തന്നെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു. ദിവസങ്ങൾക്കുള്ളിൽ സഹപ്രവർത്തകരോട് യെസ് പറഞ്ഞു. എന്നാൽ, മത്സരിക്കേണ്ടത് പഞ്ചായത്തിലെ എൽഡിഎഫിന്റെ പ്രസിഡൻറ് സ്ഥാനാർഥിയും സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ പി.എം. അബ്ദുള്ളയോടായിരുന്നു.

കൈമെയ് മറന്നുള്ള പ്രവർത്തനമാണ് പിന്നീട് നടന്നത്. ഒടുവിൽ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ 300-ൽ അധികം വോട്ടുകൾക്ക് തനിക്ക് ജയിക്കാൻ കഴിഞ്ഞു- അൻവർ സാദത്ത് എംഎൽഎ പറഞ്ഞു. ഭാര്യ സബീനയുടെ കന്നിവോട്ടും തനിക്ക് ലഭിച്ചു. അന്ന് പിടിച്ച എൽഡിഎഫിന്റെ കുത്തക വാർഡ് വർഷങ്ങൾക്കിപ്പുറം, ഇന്നും യുഡിഎഫ് സ്ഥിരമായി വിജയിച്ചുപോരുന്നു. ചെങ്ങമനാട് പഞ്ചായത്തിൽ താൻ ഉൾപ്പെടെ രണ്ട് യുഡിഎഫ് അംഗങ്ങൾ മാത്രമാണ് ഉണ്ടായത്. മൂന്നുപേർ ബിജെപി അംഗങ്ങൾ ആയിരുന്നു.

വലിയ ഭൂരിപക്ഷത്തിൽ ഭരണം എൽഡിഎഫ് നേടി. പ്രധാന പ്രതിപക്ഷം പോലും ആകാൻ കഴിയാത്തത് തന്നെ തളർത്തിയില്ല. അഞ്ചുവർഷം വലിയ പരാതികൾ ഇല്ലാതെ വാർഡിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നിറവേറ്റി. അഞ്ചുവർഷത്തെ ഈ പ്രവർത്തനമാണ് 2010-ൽ ജില്ലാ പഞ്ചായത്തിലേക്ക് ഒരു സീറ്റ് ചോദിക്കാൻ തനിക്ക് ആത്മവിശ്വാസമേകിയതെന്ന് എംഎൽഎ പറയുന്നു.

യുവാവെന്ന പരിഗണനയ്ക്കൊപ്പം പഞ്ചായത്ത് അംഗമായിരുന്നപ്പോൾ താൻ നടത്തിയ പ്രവർത്തനങ്ങളും പാർട്ടി നേതൃത്വം വിലയിരുത്തി. മികച്ചതെന്ന് കണ്ടെത്തിയതോടെ ജില്ലാ പഞ്ചായത്ത് സീറ്റിലേക്ക് തന്നെ പരിഗണിക്കുകയായിരുന്നു. തന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നു ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാമെന്നുള്ളത്.

അന്നത്തെ നെടുമ്പാശ്ശേരി ഡിവിഷനിൽ നിന്നും 13000 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചത്. ഡിവിഷനിലെ എതിർകക്ഷികൾ പോലും ജയിച്ച എല്ലാ പഞ്ചായത്ത് വാർഡുകളിലും ലീഡ് നേടാൻ തനിക്ക് കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗമായി പൊരുത്തപ്പെട്ട് കൊണ്ടിരിക്കുന്ന സമയത്താണ് ആറുമാസങ്ങൾക്കിപ്പുറം 2011-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ദൗത്യം പാർട്ടി ഏൽപ്പിച്ചത്.

അന്നത്തെ എംഎൽഎ എ.എം. യൂസഫ് ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി. ജില്ലാ പഞ്ചായത്തംഗ സ്ഥാനം രാജിവെയ്ക്കാതെ തന്നെ നിയമസഭയിൽ മത്സരത്തിന് ഇറങ്ങി. നിയമസഭാ മണ്ഡലത്തിന്റെ അതിർത്തികൾ പുനർനിശ്ചയിച്ചതോടെ തന്റെ പ്രാദേശിക പ്രവർത്തന മേഖലയായ ചെങ്ങമനാടും നെടുമ്പാശ്ശേരിയുമെല്ലാം ആലുവ നിയോജകമണ്ഡലത്തിന്റെ ഭാഗമായി മാറിയിരുന്നു. ഇതോടെ കാര്യങ്ങൾ കൂടുതൽ തനിക്ക് അനുകൂലമായി.

13214 വോട്ടിനാണ് സിറ്റിങ് എംഎൽഎ യെ തോൽപ്പിച്ച് ആദ്യം നിയമസഭയിൽ എത്തിയത്. 2016-ൽ 18835 വോട്ടിനും 2021-ൽ 18886 വോട്ടിനും വിജയിക്കാൻ കഴിഞ്ഞു. രണ്ട് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ഇന്നും തദ്ദേശ തിരഞ്ഞെടുപ്പ് എംഎൽഎയ്ക്ക് തിരക്കിന്റെ കാലം തന്നെയാണ്. ആലുവ നഗരസഭയിലെയും ഏഴു പഞ്ചായത്തുകളിലെയും നൂറുകണക്കിന് യുഡിഎഫ് സ്ഥാനാർഥികളെ തർക്കരഹിതമായി പ്രഖ്യാപിക്കാനുള്ള ചുമതലയാണിപ്പോഴുള്ളത്.

Content Highlights: Anwar Sadath MLA shares his inspiring political journey, from humble beginnings in local body elections to becoming a successful MLA. Learn about his challenges and triumphs.