'തീവ്രത കുറഞ്ഞ പീഡന'മെന്ന വിവാദ പരാമര്‍ശം; സിപിഎം നേതാവ് ലസിത നായര്‍ നാലാം സ്ഥാനത്ത്

ലസിത നായര്‍ | Photo: Special Arrangement
ലസിത നായര്‍ | Photo: Special Arrangement

പത്തനംതിട്ട: 'തീവ്രത' പരാമര്‍ശം നടത്തിയ സിപിഎം വനിതാ നേതാവ് ലസിതാ നായര്‍ക്ക് തോല്‍വി. പന്തളം നഗരസഭാ എട്ടാം വാര്‍ഡില്‍ നിന്നാണ് ലസിത മത്സരിച്ചത്. നഗരസഭാ പ്രതിപക്ഷ നേതാവ് കൂടിയായിരുന്നു അവര്‍.

രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അതിതീവ്ര പീഡനമെന്നും മുകേഷ് എംഎല്‍എയുടേത് തീവ്രത കുറഞ്ഞ പീഡനം എന്നുമായിരുന്നു ലസിതയുടെ വിവാദ പരാമര്‍ശം. ഇരുവരുടേയും കേസുകള്‍ രണ്ട് പശ്ചാത്തലത്തിലുള്ളവയാണെന്നും മുകേഷിന്റേത് പീഡനമാണെന്ന് സിപിഎം അംഗീകരിച്ചിട്ടില്ല എന്നും ലസിത പറഞ്ഞിരുന്നു. മുകേഷിനെതിരെ കോടതി നടപടിയുണ്ടായിട്ടില്ലെന്നും വ്യക്തമായ തെളിവുകളോ പരാതിയോ ഇല്ലാത്തതുകൊണ്ടാണ് അദ്ദേഹം പുറത്തുനില്‍ക്കുന്നതെന്നും ലസിത കൂട്ടിച്ചേര്‍ത്തിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തു.

എട്ടാം വാര്‍ഡില്‍ എസ്ഡിപിഐയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ് ലസിത. 14 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ ഹസീനയാണ് ഇവിടെ വിജയിച്ചത്. 182 വോട്ടോടെ ബിജെപിയുടെ ലക്ഷ്മി കൃഷ്ണന്‍ രണ്ടാം സ്ഥാനത്തെത്തി. എസ്ഡിപിഐയുടെ തസ്‌നി ഹുസൈന്‍ 181 വോട്ട് നേടി. 138 വോട്ടാണ് ലസിത നായര്‍ക്ക് ലഭിച്ചത്.

Content Highlights: cpm leader lasith nair pandalam muncipality