എവിടെ കുത്തിയാലും താമര വന്നോ എന്ന അന്വേഷണം കേരളത്തിൽ വേണ്ടേ? രാഹുൽ ഗാന്ധി മറുപടി പറയണം- ബി. ഗോപാലകൃഷ്ണൻ

#ന്യൂസ് ഡെസ്ക്
ബി. ഗോപാലകൃഷ്ണൻ, രാഹുൽ ഗാന്ധി | Photo: Mathrubhumi,PTI
ബി. ഗോപാലകൃഷ്ണൻ, രാഹുൽ ഗാന്ധി | Photo: Mathrubhumi,PTI

തിരുവനന്തപുരം: കേരളത്തിൽ വോട്ട് ചോരി ഇല്ലേയെന്നും കോൺഗ്രസ് ജയിച്ചപ്പോൾ വോട്ട് ചോരി ഇല്ലാതായോയെന്നും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. എവിടെ കുത്തിയാലും താമര വന്നോ എന്ന അന്വേഷണം കേരളത്തിൽ വേണ്ടേയെന്നും വിദേശ വനിതകളാരെങ്കിലും 25 വോട്ട് ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കണ്ടേയെന്നും ഗോപാലകൃഷ്ണൻ രാഹുൽ ഗാന്ധിയോടായി ചോദ്യം ഉന്നയിച്ചു.

'സംഘ പരിവാർ വോട്ട് ചോരിയോ എന്ന് തപ്പി നോക്കണ്ടേ? വ്യാജ വീട്ടു നമ്പറിൽ എത്രവോട്ട് ചേർത്തു? ഇതൊക്കെ അന്വേഷിക്കണ്ടേ മിസ്റ്റർ രാഹുൽ. അതോ കോൺഗ്രസ് ജയിച്ചപ്പോൾ വോട്ട് ചോരി ഇല്ലാതായോ? ഒന്നും അന്വേഷിക്കാതെ ഈ വിജയം നിയമസഭയിലേക്കുള്ള ചൂണ്ടുപലക എന്ന് പറയുമ്പോൾ ഇതിന് മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ താങ്കൾ ചൂണ്ടിക്കാട്ടിയ കാര്യം കേരളത്തിൽ അപ്രസക്തമാണെന്നാണോ?’ ഗോപാലകൃഷ്ണൻ ചോദിച്ചു.

ബിജെപി ജയിക്കുമ്പോൾ മാത്രമേയുള്ളോ വോട്ട് ചോരി ഗീർവാണം. രാഹുൽ ഗാന്ധി മറുപടി പറയണം. അല്ലങ്കിൽ ഇതുവരെ രാഹുൽ ഗാന്ധി വോട്ട് ചോരിയെപ്പറ്റി പറഞ്ഞത് ശുദ്ധ തട്ടിപ്പും ബിജെപി വിജയത്തോടുള്ള അസൂയയും മാത്രമാണെന്ന് വിലയിരുത്തേണ്ടിവരും. വോട്ട് ചോരി വിവാദത്തിന് പിന്തുണ നൽകിയ വി.ഡി. സതീശനും എം.വി. ഗോവിന്ദനും വോട്ട് ചോരി ഉണ്ടായിട്ടുണ്ടോ? അന്വേഷണം നടത്തേണ്ടതല്ലേ? ചോദ്യങ്ങൾക്ക് ഉത്തരം പറയണം. കോൺഗ്രസ് ജയിക്കുമ്പോൾ വോട്ട് ചോരിയില്ല, ബിജെപി ജയിക്കുന്നിടത്ത് മാത്രമേ വോട്ട് ചോരി ഉണ്ടാകൂ എന്നാണങ്കിൽ അതും തുറന്ന് പറയണം, ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

Content Highlights: B. Gopalakrishnan of BJP questions Rahul Gandhi and Congress on vote leak allegations, demanding answers. Find out more here.