കോൺഗ്രസിൽ ‘ജെൻ സി’ കലാപം; യുവാക്കളെ അവഗണിക്കുന്നതിനെതിരെ ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ

#ഇലക്ഷൻ ഡെസ്ക്
ഡിസിസി ഓഫീസിനു സമീപം ശനിയാഴ്ച പ്രത്യക്ഷപ്പെട്ട പോസ്റ്റർ
ഡിസിസി ഓഫീസിനു സമീപം ശനിയാഴ്ച പ്രത്യക്ഷപ്പെട്ട പോസ്റ്റർ

ആലപ്പുഴ: സ്ഥാനാർഥി ചർച്ചകൾ പൊടിപൊടിക്കേ യുവാക്കളെ അവഗണിക്കുന്നതിൽ യൂത്ത്‌ കോൺഗ്രസിനു പ്രതിഷേധം. ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിനു മുൻവശത്ത്‌ പോസ്റ്റർ പ്രത്യക്ഷപ്പെടുകയും ചെയ്തു.

‘ജില്ലയിൽ യൂത്ത്‌ കോൺഗ്രസിന്‌ അവഗണന. സീറ്റുകളിലെല്ലാം കൂട്ടുകച്ചവടം നടക്കുന്നു’ എന്നെഴുതിയ പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്. സേവ് കോൺഗ്രസിന്റെ പേരിലാണിത്. പോസ്റ്റർ മാധ്യമ വാർത്തയായപ്പോൾ കോൺഗ്രസ് നേതാക്കളുടെ നിർദേശപ്രകാരം കീറിക്കളഞ്ഞു.

നിയോജകമണ്ഡലംതലത്തിൽ നടക്കുന്ന കോർ കമ്മിറ്റിയിൽപ്പോലും യൂത്ത് കോൺഗ്രസ് പ്രതിനിധികളില്ലെന്നാണ് അവരുടെ പരാതി. ജില്ലാ കൗൺസിലും ജില്ലാ പഞ്ചായത്തും വന്ന കാലംമുതൽ എൽഡിഎഫ് കുത്തകയാക്കിയ വാർഡുകളിൽപ്പോലും യൂത്ത്‌ കോൺഗ്രസുകാർക്ക് അവസരം നൽകുന്നില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തുന്നു.

എന്നാൽ, സ്ഥാനാർഥി പട്ടിക പുറത്തുവരുമ്പോൾ ഇത്തരം ആരോപണങ്ങൾക്കു കഴമ്പില്ലെന്നു മനസ്സിലാകുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ഷാജിമോഹൻ പറഞ്ഞു. ഇതിനകം കോർ കമ്മിറ്റി ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. ഇവയുടെ ലിസ്റ്റ് ഞായറാഴ്ച പരിശോധിച്ച്‌ അന്തിമ തീർപ്പുണ്ടാക്കും.

തികച്ചും ജനാധിപത്യപരമായ പാതയിൽത്തന്നെയാണ് സ്ഥാനാർഥിനിർണയം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Youth Congress Protest: Poster appears in front of DCC office over the 'Negligence of Youth' in candidate selection discussions