കുട്ടനാട്ടിൽ ഏറ്റുമുട്ടാനുറച്ച് സിപിഎമ്മും സിപിഐയും; സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ചു

#ഇലക്ഷൻ ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കുട്ടനാട്: രൂക്ഷമായ തമ്മിലടി മൂലം കുട്ടനാട്ടിൽ സിപിഎമ്മും സിപിഐയും 18 ഇടത്ത് ഏറ്റുമുട്ടും. രാമങ്കരി, മുട്ടാർ, നീലംപേരൂർ, തലവടി, തകഴി പഞ്ചായത്തുകളിൽ ഇരുകൂട്ടരും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ഇവരെല്ലാവരും പത്രിക സമർപ്പിച്ചു. രാമങ്കരിയിൽ ആറു സീറ്റിലും മുട്ടാറിൽ നാലു സീറ്റിലും നീലംപേരൂരിൽ രണ്ടു സീറ്റിലുമാണ് മത്സരം. ഇത് സിപിഐ കുട്ടനാട് നോർത്ത് മണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളാണ്. സൗത്ത് മണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെടുന്ന തലവടിയിൽ മൂന്നിടത്തും തകഴിയിൽ മൂന്നിടത്തും സിപിഎമ്മും സിപിഐയും തമ്മിൽ മത്സരിക്കും.

രാമങ്കരിയിലും മുട്ടാറിലും ഒഴിച്ച് മറ്റിടങ്ങളിൽ സമവായ സാധ്യതയും തള്ളിക്കളയാനാവില്ല. രാമങ്കരിയിൽ അഞ്ചിടത്ത് സിപിഎമ്മും സിപിഐയും തങ്ങളുടെ സ്വന്തം ചിഹ്നങ്ങളിലാണ് മത്സരിക്കുന്നത്. ഒരിടത്ത് സ്വതന്ത്ര സ്ഥാനാർഥിയെ ആണ് നിർത്തിയിരിക്കുന്നത്. രാമങ്കരി നാലാം വാർഡിൽ അനിതാ ബാബു, അഞ്ചിൽ സജീവ് ഉദുംതറ, ആറിൽ അരുൺ ലാൽ, 13-ൽ മീനു ശരത്, 14-ൽ കുഞ്ഞുമോൾ ശിവദാസ് എന്നിവരും എട്ടിൽ സ്വതന്ത്രയായി രമ്യാ സജീവുമാണ് മത്സരിക്കുന്നത്.

സിപിഐ വിരോധംകാരണം സിപിഎം കോൺഗ്രസിനു കൈകൊടുത്ത സ്ഥലമാണ് രാമങ്കരി. സിപിഎമ്മിന്റെ ടിക്കറ്റിൽ ജയിച്ച് പഞ്ചായത്ത് പ്രസിഡന്റായ രാജേന്ദ്രകുമാറിനെ താഴെയിറക്കാൻ അവർതന്നെ അവിശ്വാസം കൊണ്ടുവന്നിരുന്നു. അവിശ്വാസം ചർച്ചയ്ക്കെടുക്കുംമുൻപ് രാജേന്ദ്രകുമാർ രാജിവെച്ചൊഴിഞ്ഞു. പിന്നീട്, സിപിഎം പിന്തുണയോടെ കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയും ചെയ്തു.

മുട്ടാർ പഞ്ചായത്ത് സിപിഐ പിന്തുണയോടെ മത്സരിക്കുന്ന ഒന്നാം വാർഡിലെ സ്ഥാനാർഥി മോളിമ്മ തങ്കച്ചൻ, 13-ാം വാർഡിലെ സതിയമ്മ പ്രസാദ്, 14-ാം വാർഡിലെ സുലോചനാ അശോകൻ എന്നിവരാണ് പത്രിക നൽകിയത്. നാലാം വാർഡിലും സിപിഐ സിപിഎമ്മിനെതിരേ സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്.

സീറ്റ് വീതംവെക്കുന്നതു സംബന്ധിച്ച തർക്കമാണ്‌ സിപിഐയെ ഒറ്റയ്ക്കു മത്സരിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. 14 വാർഡുകളുള്ള പഞ്ചായത്തിൽ അഞ്ചു സീറ്റാണ്‌ സിപിഐ ആവശ്യപ്പെട്ടത്. എന്നാൽ, ഒരു സീറ്റുമാത്രമേ നൽകൂ എന്ന നിലപാടിലായിരുന്നു സിപിഎം. ഇതിൽ പ്രതിഷേധിച്ചാണ്‌ സിപിഐ ഒറ്റയ്ക്കു മത്സരിക്കാൻ തീരുമാനമെടുത്തത്.

സിപിഎം-സിപിഐ തർക്കങ്ങളുടെ പ്രധാനകേന്ദ്രം എന്ന നിലയിൽ രാമങ്കരി ശ്രദ്ധാകേന്ദ്രമാണ്. അഞ്ചു സീറ്റാണ് രാമങ്കരിയിൽ സിപിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു സീറ്റ് മാത്രമേ നൽകൂ എന്നാണ് സിപിഎം നിലപാട്. ഇതിൽ പ്രതിഷേധിച്ചാണ് ആറിടത്ത് സിപിഐ സ്വന്തംനിലയ്ക്ക് സ്ഥാനാർഥികളെ നിർത്തുന്നത്. മുട്ടാറിലും സമാനമായ സാഹചര്യമാണ്. മൂന്നു സീറ്റാണ് സിപിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരെണ്ണമേ നൽകൂ എന്ന സിപിഎം നിലപാടിൽ പ്രതിഷേധിച്ച് നാലു സീറ്റുകളിൽ മത്സരിക്കാനാണ് സിപിഐ തീരുമാനം. സിറ്റിങ് സീറ്റുകൾപോലും പലയിടത്തും സിപിഎം വിട്ടുനൽകുന്നില്ലെന്ന പരാതി സിപിഐക്കുണ്ട്. ജില്ലാതലത്തിലും പ്രാദേശിക തലത്തിലും സമവായ ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്.

Content Highlights: Kuttanad Local Body Election: CPI(M) and CPI to Battle in 18 Wards Across Five Panchayats Due to Severe Seat-Sharing Dispute