രാഷ്ട്രീയത്തിൽ മാത്രമല്ല, പേരിലുമുണ്ട് പോര്; ആലപ്പുഴയിലെ ചില പേര് വിശേഷങ്ങൾ

#ഇലക്ഷൻ ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

ആലപ്പുഴ: വോട്ടുകിട്ടാൻ സത്പേരും വേണം. ചിലപ്പോൾ പേരുതന്നെ പൊല്ലാപ്പുമാകും. ഒരേ വാർഡിൽ ഒരേ പേരുള്ള ഒന്നിലധികം പേരായാലോ? ഇനിഷ്യലും ഒന്നുതന്നെയാണെങ്കിൽ ആകെ ആശയക്കുഴപ്പമാകും. അതുതന്നെയാണ് പ്രശ്നം.

തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലയിലെ സ്ഥാനാർഥികളിൽ പലരും ‘പേരി’ലും മത്സരിക്കുന്നുണ്ട്. ആലപ്പുഴ നഗരസഭയിൽ ഒരു വാർഡിൽത്തന്നെ രണ്ടുപേരുകൾ ആവർത്തിച്ചുവരുന്നുണ്ട്. മൂന്നു രാജന്മാരും രണ്ടു കണ്ണന്മാരുമുണ്ടിവിടെ. യു.ഡി.എഫ്. സ്ഥാനാർഥി ജി. രാജനാണ്. ഇവിടെ സ്വതന്ത്രരായി മറ്റൊരു ജി. രാജനും മത്സരിക്കുന്നുണ്ട്. എൻ.ഡി.എ. സ്ഥാനാർഥി ആർ. കണ്ണനാണ്. കണ്ണൻ എന്നപേരിൽ ഒരു സ്വതന്ത്രനുമുണ്ട്.

വലിയകുളം വാർഡിൽ മുസ്‌ലിംലീഗിന്റെ സജീനാ ജമാലും പി.ഡി.പി.യുടെ എസ്. സജീനമോളും (സജീനാ ഹാരിസ്) മത്സരത്തിനുണ്ട്. ലജനത്ത് വാർഡിലുണ്ട് ഫൈസൽമാർ. പി.ഡി.പി.യുടെ എസ്. ഫൈസലും സ്വതന്ത്ര സ്ഥാനാർഥി എം. ഫൈസലും. മറ്റൊരു സ്വതന്ത്രൻ വൈ. ഫസലുദ്ദീനാണ്.

ഹരിപ്പാട് നഗരസഭ 28-ാം വാർഡിൽ യു.ഡി.എഫ്., എൻ.ഡി.എ. സ്ഥാനാർഥികൾ രാജേഷുമാരാണ്. യു.ഡി.എഫിന്റെ കോൺഗ്രസ് സ്ഥാനാർഥി ആർ. രാജേഷ്. ബി.ജെ.പി. സ്ഥാനാർഥി വി. രാജേഷ്. സ്ഥാനാർഥികളുടെ പേര് വോട്ടർമാരിലുണ്ടാക്കുന്ന ആശയക്കുഴപ്പമില്ലാതാക്കാൻ കോൺഗ്രസ് പ്രതിനിധി തന്റെ വിളിപ്പേരായ രഞ്ജിത്ത് എന്നുകൂടി ബാലറ്റിൽ ചേർക്കാൻ നടപടി സ്വീകരിച്ചു. ഇതോടെ കോൺഗ്രസ് സ്ഥാനാർഥിയുടെ പേര് ആർ. രാജേഷ് (രഞ്ജിത്ത്) എന്നായിരിക്കും ബാലറ്റിൽ ഇടംപിടിക്കുക.

കാർത്തികപ്പള്ളി ഗ്രാമപ്പഞ്ചായത്ത് അഞ്ചാംവാർഡിൽ രണ്ടു ശ്രീകലമാർ മത്സരിക്കുന്നുണ്ട്. ബി.ജെ.പി. സ്ഥാനാർഥി എസ്. ശ്രീകലയും സ്വതന്ത്രയായി ശ്രീകലയും. ബി.ജെ.പി. സ്ഥാനാർഥി പേരിനൊപ്പം വിളിപ്പേരായ അമ്പിളി എന്നുകൂടി ചേർത്തു. സ്വതന്ത്രയായി രംഗത്തുള്ള ശ്രീകല സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയാണ്.

ചെങ്ങന്നൂർ നഗരസഭാ ഐ.ടി.ഐ. വാർഡിൽ എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥിയായി ബിന്ദു അശോകും എൻ.ഡി.എ. സ്ഥാനാർഥിയായി ബിന്ദു പ്രകാശും മത്സരിക്കുന്നുണ്ട്.

സമ്മതിദാനം കാത്ത് ‘സമ്മതൻ’

തിരുവൻവണ്ടൂർ പഞ്ചായത്ത് മൂന്നാംവാർഡ് യു.ഡി.എഫ്. സ്ഥാനാർഥി കെ.പി. സമ്മതൻ ഇക്കുറി ജനത്തിന്റെ സമ്മതം കാത്തിരിക്കുകയാണ്. മുൻ സർക്കാർ ജീവനക്കാരനായ ഈ എഴുപത്തഞ്ചുകാരന്റെ ആദ്യ മത്സരമാണിത്. വ്യത്യസ്തമായ പേരുവേണമെന്ന ആഗ്രഹമാണ് മാതാപിതാക്കൾ ഈ പേരിടാൻ കാരണമെന്നു സമ്മതൻ പറയുന്നു.

Content Highlights: Local Body Polls Confusion: Alappuzha Candidates Fight Over Names; Rajan, Kannan, and Rajesh Seek to Add Nicknames on Ballot