ഇടത്തുനിന്നു തിരിയുമോ കിഴക്കിന്റെ വെനീസ്? കൈവിട്ട ഭരണം നിലനിർത്താൻ UDF, ഭരണത്തുടർച്ചയ്ക്ക് LDF

#രേവതി എസ്. പിള്ള
ആലപ്പുഴ നഗരത്തലൂടെയുള്ള കനാൽ തോട് (ഫയൽ ചിത്രം) | Photo: Mathrubhumi
ആലപ്പുഴ നഗരത്തലൂടെയുള്ള കനാൽ തോട് (ഫയൽ ചിത്രം) | Photo: Mathrubhumi

ആലപ്പുഴ: കേരളത്തിലെ ആദ്യത്തെ ആസൂത്രിതനഗരം, കിഴക്കിന്റെ വെനീസ് തുടങ്ങി വിശേഷങ്ങളേറെയാണ് ആലപ്പുഴ നഗരത്തിന്. 1969-ൽ ഇന്ത്യയിൽ ആദ്യമായി തോട്ടിപ്പണി നിർത്തലാക്കി ചരിത്രത്തിൽ പ്രാധാന്യം നേടിയ നഗരസഭയാണ് ആലപ്പുഴ. ചരിത്രസാക്ഷിയായ ഈ നഗരം ഒരു നൂറ്റാണ്ടു പിന്നിട്ടു. 1894-ലാണ് നഗരപരിഷ്കരണസമിതി രൂപംകൊണ്ടത്. 1919-20-കളിൽ നഗരം മുനിസിപ്പാലിറ്റിയായി ഉയർത്തി. നഗരത്തിന്റെ പിതാവായി അന്ന് ആലപ്പുഴയെ ഭരിച്ചത് കെ.എ. കൃഷ്ണ അയ്യങ്കാർ ആയിരുന്നു. അന്നും നഗരസഭ ഏറ്റവും മുൻഗണന നൽകിയത് ശുചിത്വത്തിനായിരുന്നെന്ന് നഗരസഭ വർഷങ്ങൾക്കു മുൻപിറക്കിയ സ്മരണികയിൽ സൂചിപ്പിച്ചിട്ടുണ്ട്.

കൈവിട്ടുപോയ ഭരണം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിൽ യുഡിഎഫും തുടർഭരണപ്രതീക്ഷയിൽ എൽഡിഎഫും രംഗത്തുണ്ട്. നഗരസഭ വന്നതിനുശേഷം കൂടുതൽ കാലവും കോൺഗ്രസ് മുന്നണിയാണ് നഗരസഭ ഭരിച്ചത്. 2000 മുതൽ ചാഞ്ചാട്ടം കണ്ടുതുടങ്ങി. ആ വർഷം എൽഡിഎഫ് വിജയപ്രതീക്ഷ പുലർത്തിയെങ്കിലും ഭരണം നേടാനായില്ല. എന്നാൽ, 2005-ൽ എൽഡിഎഫ് ഭരണം പിടിച്ചെടുത്തു. 2010-ൽ അവർ തുടർഭരണം നേടി. 26 സീറ്റ്‌ എൽഡിഎഫിനും 23 സീറ്റ്‌ യുഡിഎഫിനും കിട്ടി. രണ്ടു സ്വതന്ത്ര സ്ഥാനാർഥികൾ എൽഡിഎഫിനൊപ്പവും മുസ്‌ലിം ലീഗ് യുഡിഎഫിനൊപ്പവും ചേർന്നു. എൽഡിഎഫ് 28 അംഗങ്ങളുടെ ബലത്തിൽ ഭരിച്ചു. എന്നാൽ, 2015-20 കാലഘട്ടത്തിൽ യുഡിഎഫ് 26 സീറ്റുമായി ഭരണം പിടിച്ചെടുത്തു. എൽഡിഎഫിന്‌ 19 സീറ്റും എൻഡിഎയ്ക്ക് നാലു സീറ്റും ഒരു സ്വതന്ത്രനും പിഡിപിക്ക് രണ്ടു സീറ്റുമാണ് കിട്ടിയത്.

പക്ഷേ, 2020-ൽ എൽഡിഎഫ് വീണ്ടും ഭരണം പിടിച്ചു- 35 സീറ്റ്. യുഡിഎഫിന്‌ 11 സീറ്റിൽ ഒതുങ്ങേണ്ടിവന്നു. മൂന്നു സീറ്റ്‌ എൻഡിഎയും ഓരോ സീറ്റുവീതം എസ്ഡിപിഐ, പിഡിപി, സ്വതന്ത്രൻ തുടങ്ങിയവർക്കും കിട്ടി.

അതേനേട്ടം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. എന്നാൽ, 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലെ 27 നഗരസഭാ വാർഡുകളിൽനിന്നായി കെ.സി. വേണുഗോപാലിന്‌ 6,850 വോട്ടുകളുടെ ഭൂരിപക്ഷവും ആലപ്പുഴ മണ്ഡലത്തിലെ 25 വാർഡുകളിൽനിന്ന്‌ 9,750 വോട്ടുകളുടെ ഭൂരിപക്ഷവും ലഭിച്ചിരുന്നു.

ഈ വിജയം തദ്ദേശത്തിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. മുൻവർഷത്തെ തിരഞ്ഞെടുപ്പുകളിൽനിന്നു വ്യത്യസ്തമായി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ അമ്പലപ്പുഴ മണ്ഡലത്തിലെ നഗരസഭാ വാർഡുകളിൽ 11,006 വോട്ടുനേടി.

ആലപ്പുഴ മണ്ഡലത്തിൽ എൻഡിഎയ്ക്കു കിട്ടിയ 35,594 വോട്ടിൽ ബഹുഭൂരിപക്ഷവും ആലപ്പുഴ നഗരത്തിലെ വോട്ടാണ്. ഇത്തവണ കൂടുതൽ വാർഡുകൾ പിടിക്കാനാകുമെന്ന പ്രതീക്ഷയാണ് അവർക്കുള്ളത്.

ആലപ്പുഴ, അമ്പലപ്പുഴ നിയമസഭാ മണ്ഡലങ്ങളിലായാണ് നഗരസഭയുടെ കിടപ്പ്.

നഗരസഭയുടെ ചരിത്രമിങ്ങനെ

സ്വാതന്ത്ര്യത്തിനുശേഷം എ.ആർ. സുലൈമാൻ സേഠാണ് (1948-1952 ) ആലപ്പുഴ നഗരത്തെ ഭരിച്ചത്. പിന്നീട് ടി.വി. തോമസ് (1953-57), എം. ഉസ്മാൻ (1957-62) എന്നിവർ നഗരപിതാക്കന്മാരായി. 1962-67 കാലഘട്ടത്തിൽ വീണ്ടും ടി.വി. തോമസ് വന്നു.

പിന്നീടദ്ദേഹം കേരള മന്ത്രിസഭയിലെ അംഗമായി. കെ.പി. രാമചന്ദ്രൻ നായർ, വി.കെ. സോമൻ, കെ.എസ്. ജനാർദനൻ, എം.കെ. കൊച്ചുബാവ, എ.എ. ഷുക്കൂർ, അരവിന്ദാക്ഷൻ, സോണി ജെ. കല്യാൺകുമാർ, ഷാനിമോൾ ഉസ്മാൻ, മോളി ജേക്കബ്, ലളിതമ്മ സോമനാഥൻ എന്നിവർ പിന്നീടുള്ള കാലം നഗരം ഭരിച്ചു.

പി.പി. ചിത്തരഞ്ജൻ (2005-2010) നഗരപിതാവായതോടെയാണ് എൽഡിഎഫിലേക്കുള്ള മാറ്റം പ്രധാനമായി കണ്ടുതുടങ്ങിയത്. തൊട്ടടുത്ത തവണ എൽഡിഎഫ് ഭരണം നിലനിർത്തി. മേഴ്സി ഡയാനാ മാസിഡോ നഗരം ഭരിച്ചു. പക്ഷേ, 2015-ൽ വീണ്ടും യുഡിഎഫ് അധികാരത്തിലെത്തി. ആദ്യ നാലുവർഷം തോമസ് ജോസഫും (2015-19), ഒരുവർഷം ഇല്ലിക്കൽ കുഞ്ഞുമോനും (2019-20) ഭരണം ഏറ്റെടുത്തു.

2020-ലെ തിരഞ്ഞെടുപ്പിൽ വീണ്ടും എൽഡിഎഫിന്റെ കൈകളിലെത്തിയ നഗരഭരണനേതൃത്വത്തിന്‌ രണ്ടു സ്ത്രീകൾ മുന്നിട്ടിറങ്ങിയപ്പോൾ ആദ്യ മൂന്നുവർഷം സൗമ്യാരാജും (2020- 23), പിന്നീടുള്ള രണ്ടുവർഷം (2023-25) കെ.കെ. ജയമ്മയും അധ്യക്ഷസ്ഥാനം വഹിച്ചു.

Content Highlights: Political Battle for the 'Venice of the East': Analysing Alappuzha Municipality's 100-Year History and Recent LDF-UDF Election Swings