വോട്ടെടുപ്പിന് സജ്ജമായി ആലപ്പുഴ; 1,666 ജനപ്രതിനിധികളെ തിരഞ്ഞെടുക്കാൻ 18.02 ലക്ഷം വോട്ടർമാർ

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ല ഒരുങ്ങി. വോട്ടുചെയ്യാനായി 2,085 പോളിങ് ബൂത്തുകൾ സജ്ജം. സ്ഥാനാർഥികളുടെ പേരും ചിഹ്നവും ഉൾപ്പെടുത്തിയ വോട്ടിങ് യന്ത്രങ്ങളും തയ്യാറായി. ഇനി വോട്ടുചെയ്യുകയേ വേണ്ടൂ. ചൊവ്വാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടിങ്. ആറിനുശേഷം ബൂത്തിൽ കാത്തുനിൽക്കുന്നവർക്ക് ടോക്കൺ നൽകി വോട്ടുചെയ്യാൻ അവസരമൊരുക്കുമെന്ന് ജില്ലാ വരണാധികാരിയും കളക്ടറുമായ അലക്സ് വർഗീസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലായി 1,666 ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനായി 18,02,555 വോട്ടർമാരാണുള്ളത്. 5,395 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. ഇക്കുറി വാർഡും ഡിവിഷനുമുൾപ്പെടെ 101 സീറ്റാണ് ജില്ലയിൽ കൂടിയിട്ടുള്ളത്.
സീറ്റും സ്ഥാനാർഥികളും
| തദ്ദേശസ്ഥാപനം | വാര്‍ഡുകള്‍ | സ്ഥാനാര്‍ഥികള്‍ |
| ഗ്രാമപഞ്ചായത്ത് | 1253 | 4069 |
ബ്ലോക്ക് പഞ്ചായത്ത് | 170 | 515 |
ജില്ലാ പഞ്ചായത്ത് | 24 | 80 |
നഗരസഭകള്‍ (ആറ്) | 219 | 731 |
| ആകെ | 1666 | 5395 |
ഒരുസമയം മൂന്നുപേർക്കുമാത്രം പ്രവേശനം
ബൂത്തിനുള്ളിൽ ഒരുസമയം മൂന്നു വോട്ടർമാർക്കു മാത്രമാണ് പ്രവേശനം. ഒന്നാം പോളിങ് ഓഫീസർ തിരിച്ചറിയൽ രേഖ പരിശോധിക്കും. പോളിങ് ഏജന്റുമാർ തർക്കം ഉന്നയിച്ചില്ലെങ്കിൽമാത്രമേ ചൂണ്ടുവിരലിൽ മഷിപുരട്ടൂ. രജിസ്റ്ററിൽ വോട്ടർ ഒപ്പോ വിരലടയാളമോ പതിക്കണം. തുടർന്ന്, വോട്ടർപട്ടികയിലെ നമ്പർ രേഖപ്പെടുത്തിയ സ്ലിപ്പ് നൽകും. ഇത് പ്രിസൈഡിങ് ഓഫീസറെ ഏൽപ്പിച്ചാൽ വോട്ടുചെയ്യാം.
പച്ചനിറം തെളിഞ്ഞാൽ വോട്ടുചെയ്യാം
വോട്ടിങ് യന്ത്രത്തിൽ പച്ചനിറം തെളിഞ്ഞാൽ വോട്ടുചെയ്യാം. സ്ഥാനാർഥിയുടെ പേരിനും ചിഹ്നത്തിനും നേരേയുള്ള നീല ബട്ടൺ അമർത്തണം. ചുവന്ന ബൾബ് തെളിഞ്ഞാൽ നീണ്ട ബീപ് ശബ്ദവും കേൾക്കും. ഇതുവഴി വോട്ടുചെയ്തെന്ന് ഉറപ്പിക്കാം.
ഗ്രാമങ്ങളിൽ മൂന്നു വോട്ട്, നഗരത്തിൽ ഒന്ന്
ഗ്രാമങ്ങളിലുള്ളവർക്ക് ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്നു വോട്ടുണ്ട്. നഗരത്തിലുള്ളവർക്ക് ഒരു വോട്ടാണുള്ളത്. പഞ്ചായത്തുകളിലുള്ളവർക്ക് ഇടത്തുനിന്ന് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് ബാലറ്റ് യൂണിറ്റുകൾ. മൂന്നുതലത്തിലെയും വോട്ടു രേഖപ്പെടുത്തിയാലേ നീണ്ട ബീപ് ശബ്ദം കേൾക്കൂ. മൂന്നു വോട്ടും ചെയ്യാതെ ഒന്നോ രണ്ടോ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും എൻഡ് ബട്ടൺ അമർത്തി വോട്ടിങ് പ്രക്രിയ പൂർത്തിയാക്കാം.
വോട്ടുചെയ്യാനുള്ള തിരിച്ചറിയൽ രേഖകൾ
കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി. ബുക്ക്, ദേശസാത്കൃത ബാങ്കിൽനിന്ന് തിരഞ്ഞെടുപ്പു തീയതിക്ക് ആറുമാസം മുൻപുവരെ നൽകിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, പുതുതായി പേരു ചേർത്തവർക്ക് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ തിരിച്ചറിയിൽ കാർഡ്.
വോട്ടിങ് യന്ത്രങ്ങളുടെ വിതരണം തിങ്കളാഴ്ച
കമ്മിഷനിങ് കഴിഞ്ഞ് സ്വീകരണ-വിതരണ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിട്ടുള്ള വോട്ടിങ് യന്ത്രങ്ങൾ തിങ്കളാഴ്ച രാവിലെ എട്ടുമുതൽ വിതരണം ചെയ്യും. പോളിങ് ഓഫീസർമാർ ഇവ ഏറ്റെടുത്ത് ബൂത്തുകളിലെത്തിക്കും. ചൊവ്വാഴ്ച രാവിലെ ഏഴിന് മോക്‌പോൾ നടത്തിയശേഷമായിരിക്കും വോട്ടിങ് തുടങ്ങുക.
തിരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമായി നടത്താൻ സേനയെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ പറഞ്ഞു. പ്രശ്നബാധിതമായി കണ്ടെത്തിയിട്ടുള്ള 273 ബൂത്തുകളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും. 60 ബൂത്തുകളിൽ വെബ്കാസ്റ്റിങ്ങുമുണ്ട്.
ബ്ലോക്കുതല വോട്ടെണ്ണൽകേന്ദ്രങ്ങൾ
(ബ്ലോക്ക്, കേന്ദ്രം എന്നീ ക്രമത്തിൽ)
• തൈക്കാട്ടുശ്ശേരി- എൻ.എസ്.എസ്. കോളേജ്, പള്ളിപ്പുറം
• പട്ടണക്കാട്- ടി.ഡി. ഹൈസ്കൂൾ, തുറവൂർ
• കഞ്ഞിക്കുഴി- ചേർത്തല സെയ്ന്റ് മൈക്കിൾസ് കോളേജ്
• ആര്യാട്- കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ
• അമ്പലപ്പുഴ- അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ
• ചമ്പക്കുളം- സെയ്ന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം
• വെളിയനാട്- സെയ്ന്റ് ജോർജ് എച്ച്.എസ്.എസ്., മുട്ടാർ
• ചെങ്ങന്നൂർ- ക്രിസ്ത്യൻ കോളേജ്, ചെങ്ങന്നൂർ
• ഹരിപ്പാട്- ടി.കെ. മാധവ മെമ്മോറിയൽ കോളേജ്, നങ്ങ്യാർകുളങ്ങര
• മാവേലിക്കര- ബിഷപ് ഹോഡ്ജസ് എച്ച്.എസ്.എസ്., മാവേലിക്കര
• ഭരണിക്കാവ്- സെയ്ന്റ് ജോസഫ്സ് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, പറയൻകുളം, നൂറനാട്
• മുതുകുളം- വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, മുതുകുളം
നഗരസഭാതല വോട്ടെണ്ണൽകേന്ദ്രങ്ങൾ
(നഗരസഭ, കേന്ദ്രം എന്നീ ക്രമത്തിൽ)
• കായംകുളം- നഗരസഭാ ഓഫീസ്, കായംകുളം
• മാവേലിക്കര- നഗരസഭാ ഓഫീസ്, മാവേലിക്കര
• ചെങ്ങന്നൂർ- ഗവ. ഹയർ സെക്കൻഡറി സ്കൂൾ, അങ്ങാടിക്കൽ തെക്ക്
• ആലപ്പുഴ- സെയ്ന്റ് ജോസഫ്സ് എച്ച്.എസ്.എസ്. ഫോർ ഗേൾസ്, ആലപ്പുഴ
• ചേർത്തല- ശ്രീനാരായണ മെമ്മോറിയൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ചേർത്തല
• ഹരിപ്പാട്- നഗരസഭാ ഓഫീസ്, ഹരിപ്പാട്
മത്സരിക്കാൻ കൂടുതൽ സ്ത്രീകൾ
72 ഗ്രാമപ്പഞ്ചായത്തുകളിലേക്കും 12 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ആറു നഗരസഭകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമായി മത്സരരംഗത്തുള്ള 5,395 സ്ഥാനാർഥികളിൽ 2,950 പേരും സ്ത്രീകളാണ്. പുരുഷന്മാർ- 2445.
Content Highlights: District Gears Up for Local Body Elections: 2,085 Polling Booths Ready for 18 Lakh Voters