കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി; T K ഗോവിന്ദൻ പുറത്തേക്ക്‌, പി.കെ ശ്യാമളയ്‌ക്കെതിരെ മത്സരിച്ചേക്കും

#ന്യൂസ് ഡെസ്‌ക്
ടി.കെ. ഗോവിന്ദൻ, പി.കെ. ശ്യാമള | Photo: Mathrubhumi
ടി.കെ. ഗോവിന്ദൻ, പി.കെ. ശ്യാമള | Photo: Mathrubhumi

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയ തീരുമാനം കണ്ണൂർ സിപിഎമ്മിൽ വൻ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നു. മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ട് വിമതനായി മത്സരിച്ചേക്കുമെന്നാണ് സൂചനകൾ. നിലവിൽ ഹാൻഡ്‌വീവ് ചെയർമാനാണ് ഗോവിന്ദൻ.

നേരത്തെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരേ കമ്മിറ്റിയിൽ എതിർപ്പ് അറിയിച്ച ഗോവിന്ദൻ, ഇക്കഴിഞ്ഞ ദിവസങ്ങളിലെ യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം. അതേസമയം സിപിഎമ്മിലെ പൊട്ടിത്തെറിയെ കോൺഗ്രസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. തളിപ്പറമ്പിൽ കഴിഞ്ഞ തവണ മത്സരിച്ച വി.പി അബ്ദുൾ റഷീദിനെ ആദ്യം തീരുമാനിച്ചെങ്കിലും പുതിയ സാഹചര്യത്തിൽ ടി.കെ ഗോവിന്ദൻ മത്സരിച്ചാൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്താതെ അദ്ദേഹത്തെ പിന്തുണച്ചേക്കുമെന്നും സൂചനയുണ്ട്‌. 

അതേസമയം ഞായറാഴ്ചത്തെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ശ്യാമള പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പ്രവാസി വ്യവസായി ആന്തൂരിലെ സാജന്റെ ആത്മഹത്യ ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ശ്യാമളയുടെ സ്ഥാനാർഥിത്വത്തെ വിവാദത്തിലാക്കിയത്. പാർട്ടി സെക്രട്ടറിയായതിനാൽ എം.വി ഗോവിന്ദൻ മത്സരിക്കാത്ത സാഹചര്യത്തിൽ ഭാര്യയെ പകരം സ്ഥാനാർഥിയാക്കി എന്ന ആക്ഷേപമാണ് പാർട്ടി അണികളിൽ നിന്ന് ഉയരുന്നത്‌.

പാർട്ടിയുടെ കോട്ടയായ മണ്ഡലത്തിൽ ഇത്തരത്തിൽ വിവാദങ്ങളുണ്ടാകുന്നത് സിപിഎമ്മിനും തലവേദനയാണ്. 

Content Highlights: Internal dissatisfaction within CPM Taliparamba unit over P.K. Shyamala's candidacy., Senior leader T.K. Govindan likely to contest as a rebel candidate., Congress party monitoring the situation for potential strategic support., Past controversies like Sajan's suicide case impacting Shyamala's image.