നാദാപുരം നിലനിർത്താൻ ഗവാസിനെ ഇറക്കാൻ സിപിഐ; ജില്ലാ സെക്രട്ടറിയെങ്കിലും ഇളവ് നൽകിയേക്കും

കോഴിക്കോട്: ജില്ലയിൽ സിപിഐ മത്സരിക്കുന്ന ഏകമണ്ഡലമായ നാദാപുരം നിലനിർത്താൻ സിപിഐയുടെ ജനകീയമുഖമായ പി. ഗവാസിനെ രംഗത്തിറക്കാൻ നീക്കം. നിലവിലെ എംഎൽഎ ഇ.കെ. വിജയൻ മൂന്ന് ടേം പൂർത്തിയാക്കിയതിനാൽ സ്ഥാനാർഥിത്വത്തിൽനിന്ന് ഒഴിവാകും. ഇളവുനൽകാനുള്ള സാധ്യതയും വിദൂരമാണ്.
നിലവിൽ സിപിഐ ജില്ലാസെക്രട്ടറിയാണ് നാൽപ്പത്തിയാറുകാരനായ ഗവാസ്. യുവനേതാക്കളിൽ സംസ്ഥാനമൊട്ടാകെ അറിയപ്പെടുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ഇടതുമുന്നണിക്കും സ്വീകാര്യനാണ് ഗവാസാണ്.
ജില്ലാസെക്രട്ടറിമാർ മത്സരിക്കേണ്ടെന്നാണ് സിപിഐയിലെ പൊതുനിലപാട്. പക്ഷേ, ശക്തമായ രാഷ്ട്രീയപോരാട്ടം നടക്കുന്ന നാദാപുരത്ത് ഗവാസിന് സിപിഐ ഇളവുനൽകാൻ സാധ്യതയുണ്ട്. ഗവാസല്ലെങ്കിൽ വനിതാസ്ഥാനാർഥി വരാനാണ് സാധ്യത. എങ്കിൽ സിപിഐ ദേശീയ കൗൺസിലംഗവും മഹിളാസംഘം സംസ്ഥാനപ്രസിഡന്റുമായ പി. വസന്തത്തിനെ പരിഗണിച്ചേക്കും.
വസന്തത്തിന്റെ ഭർത്താവും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ സത്യൻ മൊകേരി മൂന്നുവട്ടം നാദാപുരത്തെ പ്രതിനിധാനംചെയ്ത് നിയമസഭാംഗമായിട്ടുണ്ട്.
മുൻ കെപിസിസി പ്രസിഡന്റായ മുല്ലപ്പള്ളി രാമചന്ദ്രനെ യുഡിഎഫ് മത്സരിപ്പിച്ചാൽ പോരാട്ടം കടുക്കും. അത്തരമൊരു സാഹചര്യമുണ്ടായാൽ സംസ്ഥാനനേതൃത്വത്തിൽനിന്ന് സ്ഥാനാർഥിയെ കൊണ്ടുവരാൻ സിപിഐ തയ്യാറാകും. എങ്കിൽ നറുക്കുവീഴുക സത്യൻ മൊകേരിക്കുതന്നെയാകും. സത്യൻ മൊകേരി മത്സരിക്കണമെങ്കിൽ തീരുമാനമെടുക്കേണ്ടത് സിപിഐ സംസ്ഥാനസെക്രട്ടേറിയറ്റും നിർവാഹകസമിതിയുമാണ്.
Content Highlights: p gavas likely to be contest from nadapuram constituency