'മത്സരിച്ചത് മതി, ഇനി പാർട്ടിയെ നയിക്കട്ടെ': ശശീന്ദ്രനെതിരേ പ്രമേയം പാസാക്കി NCP മണ്ഡലം കമ്മിറ്റികൾ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രി എ.കെ. ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരേ പ്രമേയം പാസാക്കി എൻ.സി.പി. ജില്ലയിലെ പത്ത് മണ്ഡലം കമ്മിറ്റികളാണ് ശശീന്ദ്രൻ മത്സരിക്കരുതെന്ന് പ്രമേയം പാസാക്കിയത്. ഇനി മൂന്ന് മണ്ഡലം കമ്മിറ്റികൾ കൂടി ചേരാനുണ്ട്.
എട്ട് തവണ മത്സരിക്കുകയും രണ്ട് തവണ മന്ത്രിയാവുകയും ചെയ്ത ശശീന്ദ്രൻ മത്സര രംഗത്തുനിന്ന് പിന്മാറി പാർട്ടി നേതൃസ്ഥാനം ഏറ്റെടുക്കണമെന്നാണ് മണ്ഡലം കമ്മിറ്റികളുടെ പ്രമേയം.
ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിൽ ജില്ലാ കമ്മിറ്റിയിൽ വിഭാഗീയത നിലനിൽക്കുന്നതിനിടെയാണ് മണ്ഡലം കമ്മിറ്റികൾ പ്രമേയം പാസാക്കിയത്. എന്നാൽ ഇത്തവണയും എലത്തൂരിൽ മത്സരിക്കാമെന്ന പ്രതീക്ഷയിൽ തന്നെയാണ് അദ്ദേഹം.
1980 മുതൽ തുടങ്ങിയതാണ് എ.കെ ശശീന്ദ്രന്റെ തിരഞ്ഞെടുപ്പ് യാത്ര. ഏഴ് തിരഞ്ഞെടുപ്പിൽ വിജയിച്ചു. പത്തുവർഷത്തോളം മന്ത്രിസ്ഥാനത്ത്. 1980-ൽ കണ്ണൂർ ജില്ലയിലെ പെരിങ്ങളത്തു നിന്ന് കോൺഗ്രസ് ടിക്കറ്റിലാണ് ശശീന്ദ്രൻ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുന്നത്. പിന്നീട് കോൺഗ്രസ് എസിലും അതിനുശേഷം എൻസിപിയിലുമെത്തി. തുടർന്നിങ്ങോട്ട് 1982-ൽ എടക്കാട്ടേക്ക് മാറി ജയം തുടർന്നു.
എന്നാൽ, അവിടെ നിന്ന് കണ്ണൂരിലേയ്ക്ക് മാറിയപ്പോൾ രണ്ട് തവണയും അടിതെറ്റി. 1987ൽ പി. ഭാസ്കരനോടും 1991ൽ എൻ. രാമകൃഷ്ണനോടുമായിരുന്നു തോൽവി. അങ്ങനെയാണ് തട്ടകം കോഴിക്കോട്ടേയ്ക്ക് മാറ്റുന്നത്. 2006ൽ ബാലുശ്ശേരിയിൽനിന്ന് ജയിച്ച് വീണ്ടും നിയമസഭയിലെത്തി. പിന്നീട് മണ്ഡലം പുനഃസംഘടനയിൽ ബാലുശ്ശേരി സംവരണ മണ്ഡലമായപ്പോൾ പുതിയ മണ്ഡലമായ എലത്തൂരിലേയ്ക്ക് മാറി. ഇടയ്ക്ക് വിവാദത്തിൽ പെടുകയും മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവരികയും ചെയ്തെങ്കിലും അവിടെ ഹാട്രിക് തികച്ച് നിൽക്കുകയാണ് ഇപ്പോൾ.
Content Highlights: NCP District Committees Pass Resolution Against Minister A.K. Saseendran's Electoral Candidacy