സതീശൻ രാവിലെതൊട്ട് രാത്രിവരെ നുണപറയുന്നു, ഡീൽ ആരോപണം അസംബന്ധം- എം.വി. ഗോവിന്ദൻ

കണ്ണൂർ: കേരളത്തിലെ എൽഡിഎഫ് ഭരണസംവിധാനം മൂന്നാമൂഴത്തിലേക്ക് നീങ്ങാൻ പോവുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആ ജനവിധിയാണ് ജനങ്ങൾ എൽഡിഎഫിന് അനുകൂലമായി എഴുതാൻ പോകുന്നത്. യുഡിഎഫിലെ പടലപ്പിണക്കവും കുഴപ്പവും ഇപ്പോഴും പരിഹരിക്കാൻ സാധിച്ചിട്ടില്ല. അത് ഇപ്പോഴും തുടരുകയാണ്. അവർക്ക് കേരളത്തിന്റെ പുതിയ നിലപാടുകളുമായി ബന്ധപ്പെട്ട് ഒന്നും പറയാനില്ല. എല്ലാ വികസനപ്രവർത്തനത്തെയും പൂർണമായി തള്ളിപ്പറഞ്ഞവരാണ് അവർ. ഒരു വികസനത്തെയും പിന്തുണയ്ക്കില്ലെന്ന് പരസ്യനിലപാട് എടുത്ത രാഷ്ട്രീയപാർട്ടിയാണ് യുഡിഎഫിന്റെ ഭാഗമായി നിൽക്കുന്നവരെന്നും അദ്ദേഹം പറഞ്ഞു.
110 സീറ്റാണ് എൽഡിഎഫ് ഉന്നംവെക്കുന്നതെന്നും ഗോവിന്ദൻ വ്യക്തമാക്കി. ഏഴ് സിപിഎം നേതാക്കൾ പാർട്ടിവിട്ടതിനെ കുറിച്ചുള്ള ചോദ്യത്തിന്- സിപിഎമ്മിന് അഞ്ചരലക്ഷം പാർട്ടി അംഗങ്ങളുണ്ട്. രണ്ടരലക്ഷം അനുഭാവികളുമുണ്ട്. അതിലും എത്രയോ ഇരട്ടി ആളുകൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒപ്പം നിൽക്കുന്നുണ്ട് കേരളത്തിൽ. അതിനകത്തുനിന്ന് നാലോ അഞ്ചോ ആളുകൾ തെറ്റായ പ്രവണതയുടെ ഭാഗമായി മുന്നോട്ടുപോവുകയും പുറത്താക്കപ്പെടുകയും ചെയ്താൽ ആ പുറത്താക്കപ്പെട്ടവരാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയെ നയിക്കുന്നത് എന്നാണോ നിങ്ങളുടെ ധാരണ എന്ന് ഗോവിന്ദൻ ചോദിച്ചു. കോൺഗ്രസിൽ ഇനി ആരും പോകാൻ ബാക്കിയില്ല. മിക്കവാറും എല്ലാവരും പൊയ്ക്കൊണ്ടിരിക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.
പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥിയുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി ഡീൽ എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണത്തെയും എം.വി. ഗോവിന്ദൻ തള്ളിക്കളഞ്ഞു. നുണ പറയുന്നതിനുള്ള നൊബേൽ സമ്മാനം കിട്ടാൻ അയാൾ ഓരോദിവസവും ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. എട്ടും ഒൻപതും നുണയാണ് സതീശൻ ഓരോദിവസവും പറഞ്ഞുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് സതീശന്റെ പരാമർശത്തോട് പ്രതികരിക്കേണ്ടതില്ല. അദ്ദേഹം രാവിലെ മുതൽ രാത്രിവരെ നുണ പറയുന്ന പ്രതിപക്ഷ നേതാവായി മാറിക്കഴിഞ്ഞു. സതീശന്റെ ആരോപണം അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയതിനേക്കുറിച്ചുള്ള ചോദ്യത്തിന്, ‘പോട്ടെ, അയാൾ അവിടെനിന്നുതന്നെ വന്നതാണല്ലോ’ എന്നായിരുന്നു ഗോവിന്ദന്റെ മറുപടി.
Content Highlights: LDF aims for 110 seats in the upcoming election, MV Govindan dismisses BJP-CPM deal allegations as baseless, Critique of VD Satheesan's political statements, Assertion of party stability despite minor departures