ഗൗരിയമ്മയ്ക്കു ശേഷം ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്; മത്സരം തുടങ്ങിയതും അവസാനിപ്പിച്ചതും ചേർത്തലയിൽ

#കെ.പി.ജയകുമാർ
കെ.ആർ. ഗൗരിയമ്മ| ഫോട്ടോ: ഫോട്ടോ: ബിജു. സി
കെ.ആർ. ഗൗരിയമ്മ| ഫോട്ടോ: ഫോട്ടോ: ബിജു. സി

ആലപ്പുഴയുടെ മാത്രമല്ല, സംസ്ഥാനത്തിന്റെ തന്നെ നേതാക്കളായി വളർന്ന ഒട്ടറെപ്പേർ ഇന്നില്ല. ഒരു തിരഞ്ഞെടുപ്പും ഇവരെ അനുസ്മരിക്കാതെ കടന്നുപോകാറില്ല. അങ്ങനെയുള്ള ഓർമ്മകളിലേക്കൊരു നടത്തം..

ചേർത്തല: ഇക്കുറി സംസ്ഥാനത്തു നടക്കുന്നത് കെ.ആർ. ഗൗരിയമ്മയുടെ സാന്നിധ്യമില്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്. 1957- മുതൽ 2010 വരെ തിരഞ്ഞെടുപ്പു ചരിത്രത്തിന്റെ ഭാഗമായിരുന്ന ഗൗരിയമ്മ 2021-ൽ തിരഞ്ഞെടുപ്പിനു ശേഷമാണ് അന്തരിച്ചത്.

നിയമസഭയ്ക്കും മുന്നേ തുടങ്ങുന്നതാണു ഗൗരിയമ്മയുടെ തിരഞ്ഞെടുപ്പു ചരിത്രം. പുന്നപ്ര-വയലാർ സമരത്തിനു ശേഷം കമ്യൂണിസ്റ്റ് പാർട്ടിയിലേക്കെത്തിയ ഗൗരിയമ്മ 1948-ൽ തിരുവിതാംകൂർ സഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിലാണ് ആദ്യമായി മത്സരിക്കുന്നത്. സ്റ്റേറ്റ് കോൺഗ്രസിന്റെ കൊച്ചയ്യപ്പനോട് തോറ്റായിരുന്നു തുടക്കം. 1952-ലും 54-ലും തിരുക്കൊച്ചി സഭയിലേക്കു വിജയിച്ചായിരുന്നു ജൈത്രയാത്രയുടെ തുടക്കം.

2011-നുശേഷം മത്സരത്തിൽ നിന്നു വിട്ടെങ്കിലും 2021-ൽ വരെ ഗൗരിയമ്മയുടെ സാന്നിധ്യമുണ്ടായിരുന്നു. കൂടുതൽക്കാലം അരൂർ നിയോജക മണ്ഡലത്തിൽനിന്നാണ് ഗൗരിയമ്മ മത്സരിച്ചതെങ്കിലും 1957-ൽ ആദ്യം നിയമസഭയിലെത്തിയതും അവസാനം മത്സരിച്ചതും ചേർത്തല മണ്ഡലത്തിൽനിന്നായിരുന്നു. 1957-ൽ കേരള രൂപവത്കരണത്തിനു ശേഷമുള്ള ആദ്യ നിയമസഭയിലേക്ക് ചേർത്തലയിൽനിന്നു മത്സരിച്ചാണ് സംസ്ഥാന ചരിത്രത്തിലെ ആദ്യവനിതാ മന്ത്രിയായത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എ. സുബ്രഹ്മണ്യൻപിള്ളയെ തോൽപ്പിച്ചായിരുന്നു തുടക്കം.

1960-ൽ നടന്ന രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പിലും ചേർത്തലയിൽ മത്സരിച്ചു. 1957-ലെ പോരാട്ടത്തിന്റെ ആവർത്തനമായിരുന്നു. അപ്പോഴും വിജയം അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായ ഗൗരിയമ്മയ്ക്കു തന്നെയായിരുന്നു. 1964-ൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിനെ തുടർന്നു സി.പി.എമ്മിനൊപ്പം നിന്നു. തുടർന്ന് 1965-ൽ അരൂരിലേക്കു ചുവടുമാറ്റിയപ്പോഴും വിജയം ഗൗരിയമ്മയ്‌ക്കൊപ്പമായിരുന്നു. കോൺഗ്രസിലെ ദേവകീകൃഷ്ണനെ തോൽപ്പിച്ചാണ് അരൂരിൽ തുടങ്ങിയത്. 2006-ൽ നടന്ന തിരഞ്ഞെടുപ്പിൽ എ.എം. ആരിഫിനോടു തോൽക്കുന്നതുവരെ അരൂരിൽ തന്നെയായിരുന്നു.

1977-ൽ സി.പി.ഐ.യിലെ പി.എസ്. ശ്രിനീവാസനോടു തോറ്റെങ്കിലും 80-ൽ വലിയ വിജയത്തോടെ തിരിച്ചുവന്നിരുന്നു. 1994-ൽ സി.പി.എംമ്മി-ൽ നിന്നു വിട്ടെങ്കിലും ജെ.എസ്.എസ് രൂപവത്കരിച്ച് യു.ഡി.എഫ്. ഘടകകക്ഷിയായി 1996-ലും 2001-ലും അരൂരിൽ വിജയിച്ചു. മണ്ഡല പുനർനിർണയത്തിനുശേഷം 2011-ൽ യു.ഡി.എഫിനായി ചേർത്തലയിൽ പോരിനിറങ്ങിയ ഗൗരിയമ്മ സി.പി.ഐ.യിലെ പി. തിലോത്തമനോടു തോറ്റതോടെയാണ് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിന്നു പിന്മാറിയത്.

Content Highlights: Chronicles K.R. Gowri Amma's electoral journey from 1948 to 2011.