ബിജെപി നേതാക്കൾ ഹിന്ദി പഠിക്കേണ്ടിവരും; നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ ഇതരസംസ്ഥാന നേതാക്കളും

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.യുടെ പ്രവർത്തനം നിരീക്ഷിക്കാൻ കേരളത്തിന് പുറത്തുനിന്നുള്ള എം.എൽ.എ.മാരും നേതാക്കളും. ലോക്സഭാ മണ്ഡലം അടിസ്ഥാനത്തിൽ മണ്ഡലത്തിനുകീഴിലുള്ള നിയോജകമണ്ഡലങ്ങളിൽ നിരീക്ഷകരെത്തി റിപ്പോർട്ട് തേടും. ഇതര സംസ്ഥാനങ്ങളിലുള്ളവരായതിനാൽ മണ്ഡലം നേതാക്കളടക്കം അത്യാവശ്യം ഇംഗ്ലീഷും ഹിന്ദിയും അറിഞ്ഞിരിക്കണമെന്ന സ്ഥിതിയായി.
പ്രധാനമായും ബി.ജെ.പി.യുടെ 'എ' ക്ലാസ് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളും സാഹചര്യങ്ങളും പഠിക്കാനാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദേശപ്രകാരം കേരളത്തിനു പുറത്തുള്ള ബി.ജെ.പി. എം.എൽ.എ.മാർക്ക് ചുമതല നൽകിയിട്ടുള്ളത്. കർണാടകം, ഝാർഖണ്ഡ് തുടങ്ങിയ മണ്ഡലങ്ങളിലെ നേതാക്കൾക്കടക്കം കേരളത്തിൽ ചുമതലയുണ്ടെന്നാണ് വിവരം.
സെൻട്രൽ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഭാഗമായി ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട, പരിശീലനം ലഭിച്ച നേതാക്കളാണ് കേരളത്തിലെ പ്രചാരണത്തിനും ചുക്കാൻ പിടിക്കുന്നത്. ഇതിനോടകം സംസ്ഥാനത്തെ ഏതാനും 'എ' ക്ലാസ് മണ്ഡലങ്ങളിൽ നിരീക്ഷകരെത്തി റിപ്പോർട്ട് തേടിയതിനൊപ്പം മണ്ഡലം ഭാരവാഹികൾക്ക് പഠനക്ലാസുകളും നടത്തിയിട്ടുണ്ട്. നിലവിലെ രാഷ്ട്രീയസാഹചര്യം, വോട്ടുനില, തദ്ദേശസ്ഥാപനങ്ങളിലെ സീറ്റുനില തുടങ്ങിയ വിവരങ്ങൾ നേതാക്കൾ ചോദിച്ചറിയുന്നുണ്ട്.
കേരളത്തിൽ എൻ.ഡി.എ. മുന്നണിയുണ്ടെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഘടകകക്ഷികൾ മത്സരിച്ച മണ്ഡലങ്ങളിൽ വേണ്ടത്ര ഏകോപനമുണ്ടായില്ലെന്ന പരാതിയുണ്ടായിരുന്നു.
ഇതെല്ലാം പരിഹരിക്കുംവിധം എല്ലാ നിയോജകമണ്ഡലങ്ങളിലും സെൻട്രൽ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നീരീക്ഷകരെത്തുമെന്നാണ് വിവരം.
Content Highlights: Central Election Committee members to monitor Kerala assembly polls. Non-Kerala leaders and MLAs will observe NDA`s performance, requiring basic English & Hindi knowledge.