ഇടുക്കി നിയമസഭ സീറ്റ് വിട്ടുനൽകില്ല; ഉറച്ച് കേരള കോൺഗ്രസ്, വിട്ടുവീഴ്ചയില്ലെന്ന് നേതാക്കൾ

#ന്യൂസ് ഡെസ്‌ക്
കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് | Photo: Mathrubhumi
കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് | Photo: Mathrubhumi

തൊടുപുഴ: ഇടുക്കി നിയമസഭ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം കേരള കോൺഗ്രസ് നേതാക്കളും. വിജയ സാധ്യതയുള്ള മണ്ഡലം കോൺഗ്രസിന് വിട്ടുനൽകേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ഇവരുടെ വിലയിരുത്തൽ.

ഇടതുതരംഗം അലയടിച്ച 2021-ൽ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥി പരാജയപ്പെട്ടെങ്കിലും ഇപ്പോൾ അതല്ല അവസ്ഥ. ജില്ലയിൽ ഭരണവിരുദ്ധ വികാരമുണ്ട്. കൂടാതെ ഭൂപ്രശ്നങ്ങൾ ഉൾപ്പെടെയുള്ളവ ഉയർത്തിക്കാട്ടി മണ്ഡലത്തിലെ സിറ്റിങ് എം.എൽ.എ.യായ മന്ത്രി റോഷി അഗസ്റ്റിനെതിരേ പ്രചാരണം നടത്താനും കേരള കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ടെന്ന് നേതാക്കൾ വിലയിരുത്തുന്നു. മണ്ഡലം ഏറ്റെടുക്കണമെന്ന് കോൺഗ്രസിൽ മുറവിളി ഉയരുന്നത് തത്കാലം ചെവിക്കൊള്ളേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം. വിഷയത്തിൽ ചർച്ചയുണ്ടായാൽ സീറ്റ് വിട്ടുനൽകില്ലെന്ന നിലപാട് ശക്തമായി ഉന്നയിക്കണമെന്നാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്.

അപ്പോൾ മൂന്ന് സീറ്റിൽ തോറ്റതോ?

ഇടുക്കിയിൽ 'കൈപ്പത്തി' ചിഹ്നത്തിൽ ജനസമ്മതനായ സ്ഥാനാർഥി മത്സരിച്ചാൽ വിജയം ഉറപ്പാണെന്നാണ് കോൺഗ്രസ് പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ഇവിടെ റോഷി അഗസ്റ്റിനോട് പരാജയപ്പെട്ടതും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാൽ, മത്സരിച്ച മൂന്ന് മണ്ഡലങ്ങളിലും 2021-ൽ പരാജയപ്പെട്ട കോൺഗ്രസ്, ഇടുക്കിയുടെ കാര്യത്തിൽ പിടിവാശി കാണിക്കുന്നതിൽ കേരള കോൺഗ്രസ് പ്രവർത്തകർക്ക് എതിർപ്പുണ്ട്. രണ്ട് പതിറ്റാണ്ടായി ജില്ലയിൽ കോൺഗ്രസ് എം.എൽ.എ.മാരില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. മുമ്പ് കേരള കോൺഗ്രസ് മത്സരിച്ച് ജയിച്ചിരുന്ന ഉടുമ്പൻചോല, കോൺഗ്രസ് ഏറ്റെടുത്തിരുന്നു. ഇപ്പോൾ അവിടെ കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചിട്ട് കാൽനൂറ്റാണ്ടായി. ഇതും കേരള കോൺഗ്രസ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഇത്തവണ ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ എല്ലാ സീറ്റിലും ജയിക്കാൻ കഴിയുമെന്നും അനാവശ്യ പിടിവാശി ആരും കാണിക്കരുതെന്നുമാണ് പൊതുവേയുള്ള അഭിപ്രായം.

കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് എം.ജെ.ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ, ഉന്നതാധികാര സമിതിയംഗം നോബിൾ ജോസഫ് എന്നിവരുടെ പേരുകളാണ് ഇടുക്കിയിൽ കേരള കോൺഗ്രസ് സ്ഥാനാർഥികളായി കേൾക്കുന്നത്. ഇടുക്കി സീറ്റിൽ മത്സരിക്കാൻ തയ്യാറെടുക്കാൻ ഡി.സി.സി.ക്ക് സംസ്ഥാന നേതൃത്വം നിർദേശം നൽകിയതായിട്ടുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ, അങ്ങനെ നിർദേശം വന്നിട്ടില്ലെന്നും ഇടുക്കിയുടെ കാര്യം ചർച്ചചെയ്ത് തീരുമാനിക്കുമെന്നാണ് കോൺഗ്രസ് ജില്ലാ നേതാക്കൾ പറയുന്നത്.

Content Highlights: Kerala Congress leaders insist on retaining the Idukki Assembly seat, citing strong prospects and current political sentiment. Congress demands are being overlooked.