ക്ലിക്കാകുമോ രാജീവ് ചന്ദ്രശേഖർ ലൈൻ; തിരഞ്ഞെടുപ്പുഫലം ബി.ജെ.പി. നേതൃത്വത്തിന് നിർണായകം

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പി. സംസ്ഥാനനേതൃത്വത്തിന്റെ ഭാവിക്കും നിർണായകം. നാലു സീറ്റെന്ന് പാർട്ടി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഒരു സീറ്റെങ്കിലും നേടിയില്ലെങ്കിൽ നേതൃമാറ്റമെന്ന ആവശ്യം ഉയർന്നേക്കാം. കോൺഗ്രസിലേതുപോലെ ചുമതലക്കാരാരും വനവാസപ്രഖ്യാപനമൊന്നും നടത്തിയിട്ടില്ലെങ്കിലും നേതൃത്വത്തോട് അമർഷമുള്ളവർ നേതൃമാറ്റ ആവശ്യം ഉയർത്തിയേക്കാം.
രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തോട് പാർട്ടിയിൽ ഇതേവരെ ആരും പരസ്യമായ എതിർപ്പ് പറഞ്ഞിട്ടില്ല. അമിത്ഷായുടെ പിന്തുണയോടെയായിരുന്നു അദ്ദേഹത്തിന്റെ വരവ് എന്നതാണ് കാരണം. സംഘപ്രവർത്തനത്തിന്റെ ദീർഘപാരമ്പര്യമുണ്ടായിട്ടും കേരളത്തിൽ നിയമനിർമാണസഭകളിൽ അതിനൊത്തവിധം പ്രാതിനിധ്യം നേടാൻ കഴിഞ്ഞില്ലെന്നായിരുന്നു അമിത്ഷായുടെ വിമർശനം. അതു നേടുകയെന്ന ദൗത്യമാണ് രാജീവ് ചന്ദ്രശേഖറിനെ ഏൽപ്പിച്ചത്.
പാർട്ടിക്കും മുന്നണിക്കും സാധ്യതയുള്ളയിടത്ത് പരമാവധി ശ്രദ്ധിച്ച് ഫലമുണ്ടാക്കുക എന്നതാണ് രാജീവ് ചന്ദ്രശേഖർ തദ്ദേശതിരഞ്ഞെടുപ്പിൽ സ്വീകരിച്ച രീതി. തിരുവനന്തപുരം കോർപ്പറേഷനിലും പാലക്കാട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളിലും നേട്ടമുണ്ടാക്കി. സമാനരീതിയിൽ നിയമസഭാ തിരഞ്ഞെടുപ്പിലും ശക്തികേന്ദ്രങ്ങളിൽ പരമാവധി ശ്രദ്ധിച്ചായിരുന്നു പ്രവർത്തനം. തൃപ്പൂണിത്തുറ, റാന്നി പോലുള്ള ശക്തികേന്ദ്രങ്ങൾ ഘടകകക്ഷികൾക്കും നൽകിയതുപക്ഷേ, ബി.ജെ.പി.ക്കുള്ളിൽ വിമർശനത്തിനിടയാക്കി.
കേരളത്തിൽ ന്യൂനപക്ഷ വോട്ടുകളിൽ ഒരുഭാഗംകൂടി സമാഹരിച്ചാലേ സീറ്റ് പിടിക്കാൻ കഴിയൂ എന്ന വിലയിരുത്തലിൽനിന്നാണ് ക്രിസ്ത്യൻ ഒൗട്ട് റീച്ചിന് തുടക്കമിട്ടത്. ക്രിസ്ത്യൻ നേതാക്കളെ പാർട്ടിയിലെത്തിച്ചും മത്സരിപ്പിച്ചും അത് നടപ്പാക്കി. കന്യാസ്ത്രീകളുടെ അറസ്റ്റ്, വിദേശസംഭാവന നിയന്ത്രണനിയമഭേദഗതി എന്നിവയിൽ ബി.ജെ.പി. സംസ്ഥാനനേതൃത്വത്തിന്റെ നിലപാട് സഭകൾക്കൊപ്പമായിരുന്നു. പക്ഷേ, ഇതും വിമർശനവിധേയമായി.
കേരളരാഷ്ട്രീയത്തിന്റെ എ.ബി.സി.ഡി. അറിയാത്ത പ്രവർത്തനം എന്നായിരുന്നു ടി.പി. സെൻകുമാറിനെപ്പോലുള്ളവരുടെ കുറ്റപ്പെടുത്തൽ. എന്നാൽ, നിയമസഭയിലെ അക്കൗണ്ട് വീണ്ടും തുറക്കുകയും രണ്ടോ അതിൽക്കൂടുതലോ സീറ്റ് നേടുകയും ചെയ്താൽ രാജീവിന്റെ ലൈൻ അംഗീകാരം നേടും.
Content Highlights: BJP's 2026 election performance is critical for the current state leadership's tenure., Rajeev Chandrasekhar's leadership is under scrutiny regarding seat-sharing and election outcomes., The party strategy shifted to focus on Christian outreach and specific strongholds., Internal dissent exists despite support from national leadership., Success in the 2026 assembly polls is essential to validate the party's current political line.