ജെയ്ക്ക് മത്സരിക്കില്ല, ചാണ്ടി ഉമ്മനെതിരേ പൊതുസ്വതന്ത്രനെ തേടി CPM; ഏറ്റുമാനൂരിൽ വാസവൻ

കോട്ടയം: ജില്ലയിൽ തിരഞ്ഞെടുപ്പ് ചർച്ചകൾ ചൂടുപിടിക്കുന്നു. എൽ.ഡി.എഫിൽ മന്ത്രി വി.എൻ. വാസവൻ ഏറ്റുമാനൂരിൽ മത്സരിക്കുമെന്ന് ഉറപ്പാണ്. പുതുപ്പള്ളിയിൽ ആര് മത്സരിക്കണമെന്ന കാര്യത്തിൽ പ്രാഥമിക ചർച്ചകളിലും തീരുമാനമായില്ല.
ഉമ്മൻ ചാണ്ടിക്കെതിരേയും ചാണ്ടി ഉമ്മനെതിരേയും മത്സരിച്ച ജെയ്‌ക് സി. തോമസ് വീണ്ടും മത്സരിക്കാനില്ല. ചാണ്ടി ഉമ്മനെതിരേ ഒരു പൊതു സ്വതന്ത്രനെ മത്സരിപ്പിക്കാനുള്ള സാധ്യത ആരായുന്നുണ്ട്. കരുത്തനായ സ്വതന്ത്രസ്ഥാനാർഥിയെ പരിഗണിക്കുന്നത് ഗുണകരമാകുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ വിലയിരുത്തൽ നടത്താൻ ജില്ലാ സെക്രട്ടേറിയറ്റിനോട് നിർദേശിച്ചിട്ടുണ്ട്.
സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് റെജി സഖറിയ, കർഷകസംഘം ജില്ലാസെക്രട്ടറി കെ.എം. രാധാകൃഷ്‌ണൻ എന്നിവരുടെ പേരുകളാണ് പുതുപ്പള്ളിക്ക് ആദ്യം പരിഗണനയിൽവന്നത്. പക്ഷേ, ഇരുവരും താത്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് സൂചന. പാർട്ടിക്കും മുന്നണിക്കും പുറത്തുനിന്നുള്ള വോട്ടുകളും സമാഹരിക്കുന്ന വ്യക്തിവേണമെന്ന അഭിപ്രായം വന്നതോടെയാണ് പൊതുസ്വതന്ത്രനെക്കുറിച്ച് ചർച്ച വന്നത്.
കോട്ടയത്ത് സംസ്ഥാനക്കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാറിന്റെ പേരിന് തന്നെയാണ് പ്രഥമ പരിഗണന. കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പൂഞ്ഞാർ മണ്ഡലങ്ങളിൽ സിറ്റിങ് എം.എൽ.എ.മാരായ കേരള കോൺഗ്രസ് എമ്മിലെ എൻ. ജയരാജ്, ജോബ് മൈക്കിൾ, അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എന്നിവർതന്നെ മത്സരിക്കും. വൈക്കത്ത് സി.പി.ഐ. യിൽ രണ്ട് ടേം എന്നതിൽ ഇളവ് ലഭിച്ചാൽ സി.കെ. ആശ തന്നെ വീണ്ടും രംഗത്തിറങ്ങും.
പാലായിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി സ്‌ഥാനാർഥിയാകും. കടുത്തുരുത്തിയിൽ സ്‌റ്റീഫൻ ജോർജ്, ജോസ് പുത്തൻകാലാ, സഖറിയാസ് കുതിരവേലി എന്നിവരുടെ പേരുകൾക്കാണ് പ്രഥമ പരിഗണന. മുഖ്യമന്ത്രി പങ്കെടുക്കുന്ന സി.പി.എം. ജില്ലാ കമ്മിറ്റിയോഗം 16-ന് നടക്കും.
അന്നത്തേക്ക് പ്രാഥമികമായി സ്ഥാനാർഥിക്കാര്യത്തിൽ രൂപരേഖ തയ്യാറാക്കിവെക്കണം. കഴിഞ്ഞ ജില്ലാകമ്മിറ്റിയിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് കരുതിയെങ്കിലും അദ്ദേഹം കാഞ്ഞിരപ്പള്ളിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങി.
Content Highlights: jaick c thomas will not contest this time cpm in search of candidate against chandy oommen