'സുജാത നായന്മാരുടെ വീട്ടിലേ പോകൂ, ജാതി മനസിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവുംവെക്കും'; ജി. സുധാകരൻ

#ന്യൂസ് ഡെസ്ക്
ജി. സുധാകരൻ | ചിത്രം: ബിജു സി., മാതൃഭൂമി | സി.എസ്. സുജാത | ചിത്രം: സുധീർ മോഹൻ, മാതൃഭൂമി
ജി. സുധാകരൻ | ചിത്രം: ബിജു സി., മാതൃഭൂമി | സി.എസ്. സുജാത | ചിത്രം: സുധീർ മോഹൻ, മാതൃഭൂമി

ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണപരിപാടി വേദിയിൽ സിപിഎം നേതാവ് സി.എസ്. സുജാതക്കെതിരെ ജാതി അധിക്ഷേപവുമായി ജി. സുധാകരൻ. അമ്പലപ്പുഴ മണ്ഡലത്തിലെ പറവൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് സുധാകരൻ സുജാതയ്‌ക്കെതിരെ വിവാദപരാമർശം നടത്തിയത്. സുജാത നായന്മാരുടെ വീട്ടിൽ കയറിയിറങ്ങി നടക്കുകയാണ് എന്നടക്കമുള്ള മോശം പരാമർശങ്ങളാണ് സുധാകരൻ നടത്തിയിരിക്കുന്നത്.

'സുജാത നായന്മാരുടെ വീട്ടിലെ പോകൂ. നായർ ആണെന്ന് മനസ്സിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വെച്ചാണ് പോകുന്നത്. ഇവിടെ നായരുടെ വോട്ട് ഒന്നും കിട്ടില്ല.' സുധാകരൻ പറഞ്ഞു. 'അവരുടെ സ്ഥലം കായംകുളം ആണ്, എന്നിട്ട് അമ്പലപ്പുഴ വന്ന് നിൽക്കുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി നായരെയും ധീവരനെയും തെറ്റിക്കാൻ നടക്കുകയാണ്.' സുധാകരൻ ആക്ഷേപിച്ചു.

സഹോദരൻ ഭുവനേശ്വരന്റെ മരണത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകളാണെന്നും ജി. സുധാകരൻ ആരോപിച്ചു. 'സംഭവദിവസം നിർബന്ധിച്ച് ഭുവനേശ്വരനെ കോളേജിലേക്ക് വിട്ടത് സിപിഐഎമ്മുകാർ ആണ്. കൊലചെയ്യപ്പെടാനുണ്ടായ സാഹചര്യത്തിലേക്ക് ഭുവനേശ്വരൻ സ്വാഭാവികമായി എത്തിപ്പെട്ടതല്ല, അയാൾ കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചത് എസ്എഫ്ഐ ഗുണ്ടകൾ ആണ്.' എന്നും സുധാകരൻ ആരോപിച്ചു. പിണറായി വിജയന്റെ വീട്ടിൽ രക്തസാക്ഷി ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് അഭ്യർഥിക്കാനായി മണ്ഡലത്തിലെ ജനങ്ങളുടെ വീടുകളിൽ പോകുന്നതിൽ എന്താണ് തെറ്റെന്നും അതിനെ എങ്ങനെയാണ് ഇത്രയും ദുഷ്ടലാക്കോടെ കാണാനാകുന്നതെന്നും സുജാത പ്രതികരിച്ചു. ജി. സുധാകരന്റെ ഭാഗത്തുനിന്നും ഉണ്ടായത് അങ്ങേയറ്റം ബാലിശമായ പ്രസ്താവനകളാണെന്നും അവർ പറഞ്ഞു.

Content Highlights: G. Sudhakaran made controversial caste-based remarks against C.S. Sujatha during a 2026 election campaign. The remarks targeted the candidate's campaign methods and caste identity. Sudhakaran also accused SFI activists of involvement in his brother's death. C.S. Sujatha dismissed the comments as childish and malicious.