മകനെതിരായ ആരോപണം; പാർട്ടി അനുവദിച്ചാൽ വെള്ളാപ്പള്ളിക്കെതിരേ നിയമനടപടിയെന്ന് യു. പ്രതിഭ

#പ്രത്യേക ലേഖകൻ
വെള്ളാപ്പള്ളി നടേശൻ, യു. പ്രതിഭ | Photo: Mathrubhumi
വെള്ളാപ്പള്ളി നടേശൻ, യു. പ്രതിഭ | Photo: Mathrubhumi

ആലപ്പുഴ: തന്റെ മകനെതിരേ അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ പാർട്ടി അനുവദിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് കായംകുളം മുൻ എം.എൽ.എ. യു. പ്രതിഭ. പാർട്ടി ജില്ലക്കമ്മിറ്റി യോഗത്തിൽ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അവർ.

തിരഞ്ഞെടുപ്പുകാലത്ത് വെള്ളാപ്പള്ളി ആക്ഷേപമുന്നയിച്ചിട്ട് പാർട്ടി പ്രതികരിച്ചില്ലെന്നും താൻ പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്നുപറഞ്ഞ് ജില്ലാ സെക്രട്ടറി തന്നെ ആക്ഷേപിച്ചുവെന്നും പ്രതിഭ കുറ്റപ്പെടുത്തി.

രണ്ടുവർഷമായി എതിർപക്ഷത്തേക്കു പോകാൻ തയ്യാറെടുക്കുകയായിരുന്ന ജി. സുധാകരനെതിരേ പാർട്ടി മൃദുസമീപനമാണു സ്വീകരിച്ചതെന്ന് യോഗത്തിൽ വിമർശമുണ്ടായി. അദ്ദേഹത്തിന് വികസന നായകൻ എന്ന പരിവേഷമുണ്ടായത് ഒന്നാം പിണറായി സർക്കാരിന്റെ മികച്ച പ്രവർത്തനം മൂലമാണ്. പാർട്ടി ഉണ്ടാക്കിക്കൊടുത്ത പ്രതിച്ഛായയാണത്. അതേ പ്രതിച്ഛായ അദ്ദേഹം ഇത്തവണ പാർട്ടിക്കെതിരേ ഉപയോഗിച്ചു.

രണ്ടുവർഷമായി അദ്ദേഹത്തെ സഹിക്കുകയായിരുന്നു. നടപടിയെടുക്കണമെന്ന് ബന്ധപ്പെട്ട കമ്മിറ്റികൾ നേരത്തേ ആവശ്യപ്പെട്ടപ്പോൾ പാർട്ടി ജില്ലാ നേതൃത്വം ഗൗരവമായി കണ്ടില്ല. ഒരു വർഷംമുൻപ് അദ്ദേഹം കോൺഗ്രസ് വേദിയിൽ പ്രസംഗിക്കാൻ പോയപ്പോൾത്തന്നെ നടപടിയെടുക്കേണ്ടതായിരുന്നു. എങ്കിൽ, തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള കാലുമാറ്റം പാർട്ടിയെ ബാധിക്കില്ലായിരുന്നുവെന്ന് വിവിധ നേതാക്കൾ പറഞ്ഞു. ജി. സുധാകരൻ കുട്ടിച്ചാത്തനാണോയെന്ന് ഒരംഗം ചോദിച്ചത് ചിരിപരത്തി.

ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ എ. പദ്മകുമാറിനെതിരേ നടപടിയെടുക്കാൻ വൈകിയത് ജനങ്ങളിൽ സംശയമുണ്ടാക്കി. മന്ത്രി വീണാ ജോർജിന്റെ പെരുമാറ്റം സഖാവിനു ചേർന്നതായിരുന്നില്ല. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആക്രമിക്കപ്പെട്ടുവെന്ന അവരുടെ വാദം നാടകമായാണ് ജനത്തിനു തോന്നിയത്. വ്യവസായമന്ത്രി പി. രാജീവിന്റെ ഓഫീസും തദ്ദേശമന്ത്രി എം.ബി. രാജേഷിന്റെ ഓഫീസും സാധാരണക്കാരുമായി ബന്ധമില്ലാത്തതുപോലെ പ്രവർത്തിച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പത്രസമ്മേളനങ്ങളിലെ ചിരിയും ഗോഷ്ടി കാണിക്കലും ജനത്തെ വെറുപ്പിച്ചുവെന്ന് ഒരംഗം പറഞ്ഞു.

സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കണമെന്നാണ് ഒരാൾ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരേ ആക്ഷേപം ഉയർന്നപ്പോൾ കൃത്യമായി പ്രതിരോധിക്കാൻ സെക്രട്ടേറിയറ്റംഗങ്ങളായ മന്ത്രിമാർക്കുപോലും കഴിഞ്ഞില്ല. എം. സ്വരാജിനെപ്പോലുള്ളവരെ നന്നായി ഉപയോഗിക്കാൻ പാർട്ടി തയ്യാറാകണമെന്ന് ഒരാൾ പറഞ്ഞു.

25-30 വർഷത്തിനിടെ ആലപ്പുഴ ജില്ലക്കമ്മിറ്റിയിൽ ഇത്ര തുറന്ന ചർച്ച നടന്നിട്ടില്ലെന്ന് മുതിർന്ന നേതാക്കൾ പറഞ്ഞു. ഈ രീതി രണ്ടോ മൂന്നോ വർഷംമുൻപ് ചെയ്തിരുന്നെങ്കിൽ ഭരണം നഷ്ടപ്പെടില്ലായിരുന്നു. വ്യാഴാഴ്ച മുതൽ ഏരിയ കമ്മിറ്റികൾ ചേരും. ജില്ലാഘടകത്തിലെ ചർച്ചകൾ അവിടെ റിപ്പോർട്ട് ചെയ്യും. അവിടെ ഇതിലും കൂടുതൽ വിമർശങ്ങൾക്കു സാധ്യതയുണ്ട്.

Content Highlights: U Prathibha threatens legal action against Vellappally Natesan., Internal criticism regarding G Sudhakaran's delayed disciplinary action., Allegations of poor performance and detachment by state ministers., Dissatisfaction with party leadership's public communication and handling of controversies., Historic open discussion within the Alappuzha district committee regarding administrative failure.