ചവറയിൽ തീപാറുന്നു: ഷിബു-സുജിത്ത് മത്സരത്തിന് ചവറ വേദിയാകുന്നത് രണ്ടാംതവണ; നിർണായകഘടകമായി രാജേഷും

#ന്യൂസ് ഡെസ്ക്
കെ.ആർ. രാജേഷ്, സുജിത് വിജയൻപിള്ള, ഷിബു ബേബി ജോൺ (ഫയൽചിത്രം)
കെ.ആർ. രാജേഷ്, സുജിത് വിജയൻപിള്ള, ഷിബു ബേബി ജോൺ (ഫയൽചിത്രം)

കൊല്ലം: ആർ.എസ്.പി. എന്ന രാഷ്ട്രീയപ്പാർട്ടിയുടെ ആസ്ഥാനം കൊല്ലമാണെങ്കിൽ ‘തലസ്ഥാനം’ ചവറയാണ്. പതിറ്റാണ്ടുകളായി പിന്തുടർച്ച കാത്തുപോന്ന ഒട്ടേറെ ആർ.എസ്.പി. കുടുംബങ്ങളുണ്ടിവിടെ. പക്ഷേ, കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും ആർ.എസ്.പി.ക്ക് ചവറയിൽ തോൽവിയായിരുന്നു ഫലം. നിയമസഭയിൽ അംഗങ്ങളില്ലാത്ത ആർ.എസ്.പി.ക്ക് ഇത്തവണ ചവറയിൽ വിജയിച്ചേ മതിയാകൂ.

പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണിന് നിലനിൽപ്പിനായുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. 2016-ൽ എൻ. വിജയൻപിള്ളയോടും കഴിഞ്ഞതവണ മകൻ ഡോ. സുജിത്ത് വിജയൻപിള്ളയോടും ഷിബു പരാജയപ്പെട്ടു. കഴിഞ്ഞതവണ നിസ്സാര വോട്ടുകൾക്കായിരുന്നു പരാജയം. കേരള കിസിഞ്ജർ എന്നറിയപ്പെട്ട മുൻമന്ത്രി ബേബി ജോൺ ആറുതവണ മത്സരിക്കുകയും ആറുവട്ടവും വിജയിക്കുകയും ചെയ്ത മണ്ഡലമാണ് ചവറ.

1977-ൽ മണ്ഡലം രൂപംകൊണ്ടശേഷം 2016-ലാണ് ആദ്യമായി ആർ.എസ്.പി. പരാജയപ്പെടുന്നത്. സി.എം.പി.യുടെ പേരിൽ മത്സരിച്ച എൻ. വിജയൻപിള്ളയ്ക്കും ആർ.എസ്.പി. ബന്ധമുണ്ടായിരുന്നു. കോൺഗ്രസിലെത്തുംമുൻപ്‌ അദ്ദേഹം ആർ.എസ്.പി.ക്കാരനായിരുന്നു. ഷിബു-സുജിത്ത് മത്സരത്തിന് രണ്ടാംതവണയാണ് ചവറ വേദിയാകുന്നത്.

എൻ.ഡി.എ.സ്ഥാനാർഥിയായി മത്സരിക്കുന്ന ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ. രാജേഷും മുൻ ആർ.എസ്.പി.ക്കാരനാണ്. ആ അർഥത്തിൽ ആർ.എസ്.പി. ബന്ധമുള്ള മൂന്നുപേരുടെ പോരാട്ടമാണ്, ഇക്കുറി ചവറയിൽ. 2001, 2006, 2011 തിരഞ്ഞെടുപ്പുകളിൽ വിചിത്രമായ മത്സരത്തിനാണ് ചവറ സാക്ഷിയായത്.

രണ്ടായി പിളർന്ന ആർ.എസ്.പി. ഗ്രൂപ്പുകൾ പരസ്പരം മത്സരിച്ചു. 2001-ൽ വി.പി. രാമകൃഷ്ണപിള്ളയെ തോൽപ്പിച്ച് ഷിബു ബേബിജോൺ സഭയിലെത്തി. 2006-ലും 2011-ലും ഷിബു ബേബിജോൺ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവർ പരസ്പരം ഏറ്റുമുട്ടി. 2006-ൽ പ്രേമചന്ദ്രനും 2011-ൽ ഷിബു ബേബിജോണും വിജയിച്ചു. രണ്ടുപേരും മന്ത്രിമാരാകുകയും ചെയ്തു.

എൻ. വിജയൻപിള്ളയോടും സുജിത്ത് വിജയൻപിള്ളയോടുമുള്ള നാട്ടുകാരുടെ സ്നേഹമാണ് എൽ.ഡി.എഫിന്റെ തുറുപ്പുചീട്ട്. അഞ്ചുവർഷം മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളും എൽ.ഡി.എഫ്. മുന്നോട്ടുവയ്ക്കുന്നു. മണ്ഡലത്തിൽ നിറഞ്ഞുനിന്ന സുജിത്ത് പാർട്ടിക്കോ മുന്നണിക്കോ എന്തെങ്കിലും തരത്തിലുള്ള പേരുദോഷമുണ്ടാക്കിയിട്ടില്ല. പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി ഇക്കാര്യം പറയുകയും ചെയ്തിരുന്നു.

ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ വലിയ മേൽക്കൈയിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ അഞ്ച് ഗ്രാമപ്പഞ്ചായത്തുകളിൽ നാലിലും യു.ഡി.എഫാണ് വിജയിച്ചത്. ജില്ലാപഞ്ചായത്തിലെ രണ്ട് ഡിവിഷനുകളിൽ രണ്ടും നേടി. ബ്ലോക്ക് പഞ്ചായത്തിലും യു.ഡി.എഫിനായിരുന്നു ജയം. കൊല്ലം കോർപ്പറേഷനിലെ ഏഴു വാർഡുകൾ ചവറ മണ്ഡലത്തിലുണ്ട്. ഇവിടെ മൂന്നിടത്തും യു.ഡി.എഫ്. വിജയിച്ചു. ഇത്‌ ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

വികസനത്തിനും രാഷ്ട്രീയത്തിനുമൊപ്പം സാമുദായിക സമവാക്യങ്ങളും ചവറയിൽ മുഖ്യമാണ്. സ്ഥാനാർഥിയെ തീരുമാനിക്കാൻ അല്പം വൈകിയെങ്കിലും എൻ.ഡി.എ.യും ശക്തമായി മത്സരരംഗത്തുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിൽ എൻ.ഡി.എ. മികച്ച നേട്ടമുണ്ടാക്കിയിരുന്നു. ചവറയിൽ ഉൾപ്പെടുന്ന കോർപ്പറേഷനിലെ രണ്ട് ഡിവിഷനുകളിൽ അവർ വിജയിച്ചു. തെക്കുംഭാഗം-മൂന്ന്, നീണ്ടകര-രണ്ട്, ചവറ-ഒന്ന് എന്ന നിലയിൽ ഗ്രാമപ്പഞ്ചായത്തിലും നേട്ടമുണ്ടാക്കി. ഇത്‌ നിയമസഭാതിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. എൻ.ഡി.എ. പിടിക്കുന്ന വോട്ട് നിർണായകമാകാൻ സാധ്യതയുണ്ട്.

Content Highlights: Shibu Baby John faces a crucial survival battle in his traditional constituency. Second consecutive electoral clash between Shibu Baby John and Sujith Vijayan Pillai. UDF relies on local body election leads, while LDF highlights development projects. NDA's performance in 2026 is expected to influence the final seat outcome. Historical context of RSP's influence and internal splits in Chavara.