തദ്ദേശത്തിൽ ക്രിസ്ത്യൻ ഔട്ട്‌റീച്ച് പാളി; ഇത്തവണ ജാതിതിരിച്ചുള്ള കണക്കെടുക്കാൻ ബിജെപി

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപ് കേരളത്തിലെ ഓരോ മണ്ഡലത്തിലെയും വോട്ടർമാരുടെ ജാതിതിരിച്ചുള്ള കണക്കെടുക്കാൻ ബി.ജെ.പി.. ഓരോ മണ്ഡലത്തിലും ഹിന്ദുമതത്തിലെ വിവിധ ജാതി വിഭാഗങ്ങളിൽ എത്ര വോട്ടർമാരുണ്ടെന്ന കണക്കെടുക്കാൻ സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങളോട് നിർദേശിച്ചു.
ഓരോ പ്രദേശത്തും പ്രവർത്തിക്കുന്ന വിവിധ സമുദായ സംഘടനാ നേതാക്കളുടെ പേരും ഫോൺ നമ്പരും ശേഖരിക്കാനും പറഞ്ഞിട്ടുണ്ട്. ഓരോ സമുദായത്തിന്റെയും സവിശേഷ സ്വഭാവം, ചരിത്രം, ആചാരാനുഷ്ഠാനങ്ങൾ, ആചാര്യന്മാർ, സമുദായത്തിൽനിന്നുള്ള സാമൂഹിക പരിഷ്‌കർത്താക്കന്മാർ എന്നിവരുടെ വിവരങ്ങളും ശേഖരിക്കും. വിവിധ വിഭാഗങ്ങളിൽപ്പെട്ട പ്രമുഖർ, കീ വോട്ടർമാർ തുടങ്ങിയവരുടെ പട്ടികയും തയ്യാറാക്കും. സാമൂഹിക സമ്പർക്കം (സോഷ്യൽ ഔട്ട്‌റീച്ച്) എന്നപേരിൽ സംസ്ഥാന വ്യാപകമായി ഈ പരിപാടി നടക്കും. മുതിർന്ന നേതാവ് കുമ്മനം രാജശേഖരനാണ് സാമൂഹിക സമ്പർക്കത്തിന്റെ ചുമതലക്കാരൻ.
തദ്ദേശ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ ഔട്ട്‌റീച്ച് പാളിയെന്ന് ബി.ജെ.പി.യിൽ വിലയിരുത്തലും വിമർശനവുമുണ്ടായിരുന്നു. ഇതിനുപകരം പട്ടികജാതി, ഒ.ബി.സി. ഔട്ട്‌റീച്ചിന് പ്രാമുഖ്യം നൽകണമെന്ന് ബി.ജെ.പി.ക്കുള്ളിൽ ആവശ്യമുയർന്നിരുന്നു. പട്ടികജാതി സംഘടനകൾക്കു പുറമേ ഹിന്ദു വിഭാഗങ്ങളിലെ ചെറു സമുദായ സംഘടനകളെയടക്കം സമീപിക്കാനാണ് ഉദ്ദേശിക്കുന്നത്.
17 വരെ ഇതിനായി കുമ്മനം വിവിധ പ്രദേശങ്ങളിൽ യാത്ര ചെയ്യും. ഓരോ സ്ഥലത്തും വിശാലമായ ആലോചനാ യോഗങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ യോഗങ്ങളിൽ സമുദായ സംഘടനകളിൽ ഭാരവാഹിത്വമുള്ള ബി.ജെ.പി. നേതാക്കളെ പ്രത്യേകമായി പങ്കെടുപ്പിക്കും. ഒ.ബി.സി., എസ്.സി., എസ്.ടി. മോർച്ചകളുടെ ജില്ലാ, മണ്ഡലം പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ഓരോ സംഘടനാ ജില്ലയുടെയും മണ്ഡലത്തിന്റെയും സാമൂഹിക സമ്പർക്ക ചുമതലയുള്ള ജനറൽ സെക്രട്ടറിമാരെയും വിളിച്ചിട്ടുണ്ട്.
Content Highlights: BJP to Conduct Caste-Based Voter Analysis Across Kerala Constituencies Ahead of Elections