ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല, അൻവർ സ്ഥാനാർഥിത്വം ഉറപ്പിച്ച മട്ടിൽ, ശ്രദ്ധ ബേപ്പൂരിലേക്ക്

കോഴിക്കോട്: നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപുതന്നെ സംസ്ഥാനം ഉറ്റുനോക്കുന്ന മണ്ഡലമായി ബേപ്പൂർ. ആഴ്ചകൾക്കുമുൻപേതന്നെ പി.വി. അൻവർ ബേപ്പൂർ മണ്ഡലത്തിലുണ്ട്. ഔദ്യോഗികപ്രഖ്യാപനം വന്നിട്ടില്ലെങ്കിലും മണ്ഡലത്തിലെ സ്ഥാനാർഥിത്വം ഉറപ്പിച്ചമട്ടാണ്. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരേയാവും മത്സരമെന്നതാണ് ബേപ്പൂരിനെ ശ്രദ്ധേയമാക്കുന്നത്. പതിറ്റാണ്ടുകളായി ബേപ്പൂർ മണ്ഡലം ഇടതിനൊപ്പമാണ്.
കഴിഞ്ഞദിവസം കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, അൻവർ മണ്ഡലത്തിൽനിന്ന് ജയിക്കുമെന്നുപറഞ്ഞതോടെയാണ് ചർച്ചകൾക്ക് ചൂടുപിടിച്ചത്. തനിക്ക് അത്തരത്തിൽ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അൻവർ വ്യക്തമാക്കിയെങ്കിലും മണ്ഡലത്തിൽ അദ്ദേഹം കേന്ദ്രീകരിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിക്കുനേരേയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് അൻവർ ഇടതുപക്ഷം വിടുന്നത്. അതിന്റെ തുടർച്ചയായാണ് മന്ത്രി റിയാസിനെതിരേയുള്ള മത്സരത്തെയും കാണുന്നത്. മുഹമ്മദ് റിയാസിലൂടെ മുഖ്യമന്ത്രിക്കെതിരേയെന്ന പ്രചാരണതന്ത്രമാണ് അൻവർ പ്രയോഗിക്കുന്നത്. കേരളത്തിലെ മറ്റുമണ്ഡലങ്ങളിൽനിന്ന് വ്യത്യസ്തമായ സമീപനമാണിത്.
ഇത്തരം തന്ത്രങ്ങളൊന്നും വിലപ്പോവില്ലെന്നും നിലപാടുകളിൽ ഉറച്ചുള്ള മുന്നേറ്റമുണ്ടാക്കുമെന്നുമാണ് ഇടതുപാളയത്തെ വിലയിരുത്തൽ. വ്യക്തിപരമായ മത്സരമല്ല തിരഞ്ഞെടുപ്പെന്നും സുരക്ഷിതമായ മണ്ഡലമാണെന്നുമുള്ള ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം. മണ്ഡലത്തിൽ നടത്തിയ ഇടപെടലുകളും കരുത്താകുമെന്ന് അവർ ഉറപ്പിക്കുന്നു.
2021-ൽ മന്ത്രി റിയാസ് 28,747 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബേപ്പൂരിൽനിന്ന് ജയിച്ചത്. യു.ഡി.എഫിൽ പി.എം. നിയാസായിരുന്നു എതിർസ്ഥാനാർഥി. 2016-ൽ വി.കെ.സി. മമ്മദ് കോയയുടെ ഭൂരിപക്ഷം 14,363 വോട്ടായിരുന്നു. എളമരം കരീമിന് 2011-ൽ 5316 വോട്ടും 2006-ൽ 19,618 വോട്ടുമായിരുന്നു ഭൂരിപക്ഷം. 1977-ൽ കോൺഗ്രസിൽനിന്ന് എൻ.പി. മൊയ്തീൻ ബേപ്പൂരിൽനിന്ന് ജയിച്ചിരുന്നു. പിന്നത്തെ തിരഞ്ഞെടുപ്പിൽ കോൺ. (യു) സ്ഥാനാർഥിയായ മൊയ്തീൻ ഇടതുപക്ഷ ഐക്യമുന്നണിക്കൊപ്പവും ജയിച്ചു.
2019-ലെയും 2024-ലെയും ലോക്സഭാതിരഞ്ഞെടുപ്പുകളിൽ ബേപ്പൂരിൽ എൽ.ഡി.എഫിന് വോട്ടുചോർച്ചയുണ്ടായിട്ടുണ്ട്. യഥാക്രമം 10,423 വോട്ടിന്റെയും 19,561 വോട്ടിന്റെയും മേൽക്കൈ യു.ഡി.എഫിനുണ്ടായി. തദ്ദേശതിരഞ്ഞെടുപ്പിലും ഇടതുകോട്ടകളിൽ വിള്ളലുണ്ടായി. ഈ കണക്കാണ് യു.ഡി.എഫ്. ആത്മവിശ്വാസത്തിനുപിന്നിൽ.
ഫറോക്ക്, രാമനാട്ടുകര നഗരസഭകൾ, കോർപ്പറേഷന്റെ ചില ഭാഗങ്ങൾ, കടലുണ്ടി പഞ്ചായത്ത് എന്നിവ ഉൾപ്പെടുന്നതാണ് ബേപ്പൂർ മണ്ഡലം. രണ്ട് നഗരസഭകളും ഭരിക്കുന്നത് യു.ഡി.എഫാണ്. കടലുണ്ടി എൽ.ഡി.എഫും. കോർപ്പറേഷനിൽ കൂടുതൽ ഇടതുവാർഡുകളാണെങ്കിലും യു.ഡി.എഫും ബി.ജെ.പി.യും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബേപ്പൂരിൽ കഴിഞ്ഞതവണ ബി.ജെ.പി. സ്ഥാനാർഥി കെ.പി. പ്രകാശ് ബാബുവിന് 26,267 വോട്ടാണ് കിട്ടിയത്.
Content Highlights: Bpepur constituency is abuzz with speculation over P.V. Anwar`s potential candidacy against Minister P.A. Muhammed Riyas, marking a significant electoral battle.