മാറാടും തലശ്ശേരിയും ഇനിയും പറയും; UDF വന്നാൽ ജമാഅത്തെ ആഭ്യന്തര വകുപ്പിനെ സ്വാധീനിക്കും- എ.കെ. ബാലൻ

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങളെ സംബന്ധിച്ച് ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്താൻ സിപിഎമ്മിന് കഴിയുമെന്ന് മുതിർന്ന നേതാവ് എ.കെ. ബാലൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അത് ബോധ്യപ്പെടുത്താൻ ഞങ്ങൾക്ക് (സിപിഎമ്മിന്) കഴിയും. ആ ബോധ്യപ്പെടുത്തലിന്റെ ഭാഗമായാണ് ഞങ്ങൾ മാറാടും തലശ്ശേരിയും ഓർമപ്പെടുത്തുന്നത്. വർഗീയതയുടെ മൂർധന്യതയിലെത്തിയ മനസ്സിന്റെ ഉടമകൾക്കേ അത് പറയാനേ പാടില്ലെന്ന നിലപാട് എടുക്കാൻ പറ്റൂ. ഇങ്ങനെ അവർ പറയുന്നതിന്റെ കാരണം മറ്റൊന്നാണ്. മാറാട് പറഞ്ഞാൽ, തലശ്ശേരി പറഞ്ഞാൽ സ്വഭാവികമായും സിപിഎമ്മിന്റെ ഇടപെടലും പിണറായി വിജയന്റെ ഇടപെടലും പറയാൻ നിർബന്ധിതമാവും. അതവർക്ക് ഇഷ്ടമല്ലെന്നും ബാലൻ പറഞ്ഞു.
വർഗീയശക്തികളുടെ സഹായത്തോടെ ആര് അധികാരത്തിൽ വന്നാലും ഭരണത്തിൽ അവരുടെ സ്വാധീനമുണ്ടാവുമെന്നും ബാലൻ പറഞ്ഞു. ജമാഅത്തെയുടെ സഹായത്തോടെ യുഡിഎഫ് ആണ് അധികാരത്തിൽ വരുന്നതെങ്കിൽ ഭരണത്തെ പൊതുവിൽ സ്വാധീനിക്കാൻ ജമാഅത്തെയ്ക്ക് സാധിക്കും. മാത്രവുമല്ല, ആഭ്യന്തരത്തിലും ജമാഅത്തെ സ്വാധീനിക്കും. വർഗീയ ശക്തികൾ അധികാരത്തിൽ വന്നാലുണ്ടാകുന്ന, അവരുടെ സ്വാധീനത്തിൽ ഒരു സർക്കാർ അധികാരത്തിൽ വന്നാൽ ഉണ്ടാകുന്ന ആപത്തിനെ സംബന്ധിച്ച് ഒരു പൊതുപ്രവർത്തകൻ പൊതുസമൂഹത്തിന് മുന്നിൽ പ്രകടിപ്പിക്കുന്ന ആശങ്കയ്ക്കപ്പുറം താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ബാലൻ കൂട്ടിച്ചേർത്തു.
Content Highlights: ak balan on vellappally natesan controversial statements