രമേശ് പിഷാരടി തൃപ്പൂണിത്തുറയിൽ കോൺഗ്രസ് സ്ഥാനാർഥിയായേക്കും; സിപിഎമ്മിൽ എം അനിൽകുമാറിന് സാധ്യത

കൊച്ചി: മുൻ മന്ത്രിയും സിറ്റിങ് എം.എൽ.എയുമായ കെ.ബാബു മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ച സാഹചര്യത്തിൽ തൃപ്പൂണിത്തുറയിൽ ചലച്ചിത്ര താരം രമേശ് പിഷാരടി കോൺഗ്രസ് സ്ഥാനാർഥിയായേക്കും. താരവുമായി കോൺഗ്രസ് നേതാക്കൾ ഇത് സംബന്ധിച്ച് പലതവണ ആശയവിനിമയം നടത്തിക്കഴിഞ്ഞു. ബിജെപി ഇതാദ്യമായി ഭരണം പിടിച്ച തൃപ്പൂണിത്തുറ നഗരസഭ ഉൾപ്പെടുന്ന മണ്ഡലം നിലനിർത്തുക കോൺഗ്രസിനും അഭിമാനപ്രശ്നമാണ്.
വിജയസാധ്യത എന്ന ഒറ്റ മാനദണ്ഡത്തിലാണ് പല പേരുകൾക്കൊടുവിൽ രമേശ് പിഷാരടിയിലേക്ക് പാർട്ടി എത്തിയത്. കെ.ബാബു മാറുന്ന സാഹചര്യത്തിൽ ജില്ലയിൽ സാമുദായിക സമവാക്യം പാലിക്കുന്നതിനായി ജില്ലയിലെ മറ്റ് ഏതെങ്കിലും ഒരു സീറ്റിൽ ഈഴവ സ്ഥാനാർഥിയെ കണ്ടെത്തുന്നതോടെ പിഷാരടിയുടെ സ്ഥാനാർഥിത്വ കാര്യത്തിൽ അന്തിമ തീരുമാനമാകും. മിക്കവാറും വൈപ്പിൻ സീറ്റിലായിരിക്കും ഈഴവ സമുദായത്തിൽനിന്ന് ഒരാളെ നിർത്തുക. കഴിഞ്ഞ തവണ മത്സരിച്ച ദീപക് ജോയി നിലവിൽ കൊച്ചി ഡെപ്യൂട്ടി മേയറാണെങ്കിലും ഒന്നാമത്തെ പരിഗണന അദ്ദേഹത്തിന് തന്നെയാണ്. ഡെപ്യൂട്ടി മേയർ മത്സരിക്കേണ്ട എന്ന തീരുമാനം വന്നാൽ സീനിയർ നേതാവായ അജയ് തറയിലിന് നറുക്കുവീണേക്കും.
കൊച്ചി കോർപറേഷനിലെ എട്ട് ഡിവിഷനുകളും തൃപ്പൂണിത്തുറ നഗരസഭയ്ക്ക് പുറമേ മരട് മുൻസിപ്പാലിറ്റിയും കുമ്പളം, ഉദയംപേരൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തൃപ്പൂണിത്തുറ മണ്ഡലം. ഇതിൽ തൃപ്പൂണിത്തുറ നഗരസഭ ബിജെപി ഭരിക്കുന്നു. ആറ് കോർപറേഷൻ ഡിവിഷനുകളിലും ഇത്തവണ എൽഡിഎഫാണ് ജയിച്ചത്. ബാക്കി മരട് മുൻസിപ്പാലിറ്റിയിലും രണ്ട് പഞ്ചായത്തുകളിലും ഭരണം യുഡിഎഫിനാണ്.
ചുവപ്പു കോട്ടയായിരുന്ന തൃപ്പൂണിത്തുറ മണ്ഡലം കെ. ബാബുവിലൂടെയാണ് കോൺഗ്രസ് ദീർഘകാലത്തിന് ശേഷം 1991-ൽ പിടിച്ചെടുത്തത്. പിന്നെ സിപിഎമ്മിലെ പല മുതിർന്ന നേതാക്കൾ മത്സരിച്ചിട്ടും ബാബു തുടർച്ചയായി അഞ്ച് തവണ ജയിച്ചു. എന്നാൽ ബാർ കോഴ വിവാദത്തെ തുടർന്ന് 2016-ൽ ബാബുവിന് അടിപതറി. 4,467 വോട്ടിനാണ് എം. സ്വരാജ്, ബാബുവിനെ വീഴ്ത്തിയത്. എന്നാൽ 2021-ൽ വീണ്ടും കെ.ബാബു അതേ സ്വരാജിനെ തോൽപിച്ച് വീണ്ടും വെന്നിക്കൊടി പാറിച്ചു. പക്ഷേ ഭൂരിപക്ഷം 1,232 വോട്ടായി ചുരുങ്ങി. അതിന് ശേഷം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലും മത്സരിച്ച എം. സ്വരാജ് ഇത്തവണ തൃപ്പൂണിത്തുറയിൽ മത്സരിച്ചേക്കില്ല.
സിപിഎമ്മിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ പ്രഥമ പരിഗണന കൊച്ചി മുൻ മേയർ എം.അനിൽകുമാറിന്റെ പേരിനാണ്. സംസ്ഥാനത്ത് ബിജെപി വേരോട്ടമുണ്ടാക്കിയ മണ്ഡലം കൂടിയായതിനാൽ തൃപ്പൂണിത്തുറയിൽ ഇത്തവണ ഹൈവോൾട്ടേജ് പോരാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്. കഴിഞ്ഞ തവണ മത്സരിച്ച കെ.എസ്. രാധാകൃഷ്ണൻ, ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ അടക്കമുള്ള പേരുകളാണ് ബിജെപി പരിഗണനയിലുള്ളത്. അവരുടെ എ ക്ലാസ് മണ്ഡലത്തിൽ പെടുന്ന സീറ്റാണ് തൃപ്പൂണിത്തുറ.
Content Highlights: actor ramesh pisharody likely to contest in thrippunithura as congress candidate cpm may field m anilkumar