സത്യത്തിനുവേണ്ടിയുള്ള രാഹുലിന്റെ പോരാട്ടം മനസിലാക്കിയത് വയനാട്ടുകാര്‍ മാത്രം - പ്രിയങ്ക ഗാന്ധി

പ്രിയങ്ക ഗാന്ധി  | photo: ani
പ്രിയങ്ക ഗാന്ധി | photo: ani

വയനാട്: സത്യത്തിനുവേണ്ടിയുള്ള രാഹുലിന്റെ പോരാട്ടം വയനാട്ടുകാര്‍ മാത്രമാണ് മനസിലാക്കിയതെന്ന് സഹോദരിയും വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ പ്രിയങ്ക ഗാന്ധി. ഞായറാഴ്ച മാനന്തവാടിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. സഹോദരനും നിലവില്‍ റായ്ബറേലി എം.പിയുമായ രാഹുല്‍ ഗാന്ധിയും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ വയനാട്ടില്‍ എത്തിയിരുന്നു. 

വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കുവേണ്ടി രാഹുല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ നന്നായി സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. 'തിരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുലിനെതിരായി വലിയ തോതിലുള്ള വിദ്വേഷപ്രചാരണങ്ങളാണ് നടന്നത്. എന്നാല്‍ നിങ്ങള്‍, വയനാട്ടുകാര്‍ അദ്ദേഹത്തിനൊപ്പം നിന്നു. രാഹുല്‍ സത്യത്തിനും ശരിക്കും വേണ്ടിയാണ് പോരാടുന്നതെന്ന് നിങ്ങള്‍ മാത്രമാണ് വിശ്വസിച്ചത്', പ്രിയങ്ക പറഞ്ഞു. 

വയനാട്ടിലെ മെഡിക്കല്‍ കോളേജിനുവേണ്ടിയും തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് വേണ്ടിയും രാഹുല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മേല്‍ വലിയതോതില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം ഇനി എന്റേതുകൂടിയാണ്. ഞാന്‍ ആ ലക്ഷ്യത്തിനുവേണ്ടി വയനാടുകാര്‍ക്കുവേണ്ടി പോരാടും. വയനാട്ടിലെ റോഡുവികസനവും വന്യമൃഗശല്യവും എല്ലാം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുമെന്നും പ്രിയങ്ക പറഞ്ഞു. 

'പാര്‍ലമെന്റില്‍ ഈ വിഷയങ്ങളെല്ലാം രാഹുല്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ള സര്‍ക്കാരിനെ പോലെയല്ല കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത്. അധികാരത്തില്‍ തുടരുക എന്നത് മാത്രമാണ് നരേന്ദ്രമോദിയുടെ ലക്ഷ്യം. ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ പ്രധാനമന്ത്രി തയ്യാറാല്ല. കോടീശ്വരന്മാരായ ബിസിനസുകാരായ സുഹൃത്തുക്കള്‍ക്ക് വേണ്ടി മാത്രമാണ് മോദി പ്രവര്‍ത്തിക്കുന്നത്,' പ്രിയങ്ക കുറ്റപ്പെടുത്തി. 

Content Highlights: wayanad byelection 2024 priyanka gandhi speech