തിരഞ്ഞെടുപ്പിൽ ചൂടും പുകയും പകർന്ന് പാതിരാ റെയ്ഡ്; ട്രോളിബാഗ് ആരുടെ ശുക്രദശ, ആർക്കൊക്കെ കണ്ടകശനി?

നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പാലക്കാട്ടെ പോലീസ് മിന്നല്‍ റെയ്ഡ് നടത്തിയതില്‍ ഉണ്ടായ സംഘര്‍ഷം: ഫോട്ടോ: പി.പി രതീഷ് \ മാതൃഭൂമി
നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പാലക്കാട്ടെ പോലീസ് മിന്നല്‍ റെയ്ഡ് നടത്തിയതില്‍ ഉണ്ടായ സംഘര്‍ഷം: ഫോട്ടോ: പി.പി രതീഷ് \ മാതൃഭൂമി

പാലക്കാട്: കഥയും തിരക്കഥയും സംവിധായകനും ഉണ്ടെങ്കിലും ഇല്ലെങ്കിലും വരുംനാളുകളില്‍ പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തും കേരള രാഷ്ട്രീയത്തിലും വഴിത്തിരിവാകും പാലക്കാട്ടെ പാതിരാ റെയ്ഡ്

ഒരു നീല ട്രോളിബാഗിനെക്കുറിച്ചുള്ള സന്ദേശം പോലീസ് മേധാവിക്കെത്തിയതോടെയാണ് പോലീസ് അതിവേഗം കെ.പി.എം. റീജന്‍സിയിലെത്തുന്നത്. ഹോട്ടലിലെ താമസക്കാരുടെ പട്ടിക ശേഖരിച്ച് 12 മുറികളിലായിരുന്നു പരിശോധന. ബുധനാഴ്ച വൈകീട്ട് നീല ട്രോളി ബാഗുമായി കെ.എസ്.യു. സംസ്ഥാന ഭാരവാഹിയായ ഫെനി നൈനാന്‍ ഹോട്ടലിന്റെ ഇടനാഴിയിലൂടെ കടന്നുവരുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തു. എന്നാല്‍, ട്രോളിബാഗില്‍ എന്തായിരുന്നെന്ന് തെളിയിക്കേണ്ട ബാധ്യത അന്വേഷണസംഘത്തിനാവും. ഡീല്‍ വിവാദവും കത്ത് വിവാദവും പ്രവര്‍ത്തകരുടെ അതൃപ്തിയുമെല്ലാം ചൂടന്‍ ചര്‍ച്ചയായ പ്രചാരണരംഗത്ത് കൂടുതല്‍ ചൂടും പുകയും പകരുന്നതാവും പാതിരാ റെയ്ഡ് പ്രശ്‌നം.

ട്രോളിബാഗ് വിവാദം സി.പി.എമ്മും ബി.ജെ.പി.യും വീണുകിട്ടിയ അവസരമായി വിനിയോഗിക്കാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടിക്കകത്തെ ആഭ്യന്തരപ്രശ്‌നങ്ങള്‍ തത്കാലം മാറ്റിവെച്ച് പ്രവര്‍ത്തകരെ രംഗത്തിറക്കാന്‍ പ്രശ്‌നം കോണ്‍ഗ്രസിനെ സഹായിച്ചു. പ്രശ്‌നം യു.ഡി.എഫ്. രാഷ്ട്രീയനേട്ടമായി തത്കാലം കാണുന്നുവെന്നതാണ് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ 'ശുക്രദശ' പ്രയോഗം നല്‍കുന്ന സൂചന. നേരത്തേ, ഷാഫി പറമ്പിലുമായി ഉടക്കിനിന്നിരുന്ന സദ്ദാം ഹുസൈനടക്കമുള്ള പ്രവര്‍ത്തകര്‍ എസ്.പി. ഓഫീസ് മാര്‍ച്ചിനെത്തിയത് ഇതിനെ ബലപ്പെടുത്തി.

ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും കടുത്തഭാഷയില്‍ പ്രതികരിച്ച ബി.ജെ.പി. നേതൃത്വത്തെ മറികടന്ന് സി.പി.എം. പ്രശ്‌നത്തില്‍ കൂടുതലായി ഇടപെട്ട് തുടങ്ങിയിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി റെയ്ഡ് വിവരമറിഞ്ഞ് ബി.ജെ.പി. സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍, പാര്‍ട്ടി നേതാവ് വി.വി. രാജേഷ് തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഹോട്ടലിലെ മുഴുവന്‍ മുറികളും പരിശോധിക്കണമെന്നും സി.സി.ടി.വി. ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. ഇ. കൃഷ്ണദാസ് വരണാധികാരിക്ക് ചൊവ്വാഴ്ച രാത്രിതന്നെ പരാതി നല്‍കിയിരുന്നു.

എം.പി. മാരായ വി.കെ. ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍ തുടങ്ങിയവരും ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം, സി.പി.എം. പാലക്കാട് ജില്ലാകമ്മിറ്റി അംഗം നിതിന്‍ കണിച്ചേരി തുടങ്ങിയവരും ചൊവ്വാഴ്ച രാത്രി സ്ഥലത്തെത്തിയിരുന്നു.

ഡീല്‍ വിവാദവും കത്ത് വിവാദവും പ്രവര്‍ത്തകരുടെ അതൃപ്തിയുമെല്ലാം ചൂടന്‍ ചര്‍ച്ചയായ പ്രചാരണരംഗത്ത് കൂടുതല്‍ ചൂടും പുകയും പകരുന്നതാവും പാതിരാ റെയ്ഡ് പ്രശ്‌നം

Content Highlights: palakkad hotel raid and by election