പി.സരിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വം സി.പി.എം. - ബി.ജെ.പി. രണ്ടാം ഡീല്‍- കെ..മുരളീധരന്‍

കെ മുരളീധരന്‍ | ഫോട്ടോ: മാതൃഭൂമി
കെ മുരളീധരന്‍ | ഫോട്ടോ: മാതൃഭൂമി

പാലക്കാട്: പി. സരിന്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സി.പി.എം.-ബി.ജെ.പി. രണ്ടാം ഡീലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സ്വതന്ത്രനെ ഇറക്കിയത് സി.പിഎമ്മിന് വോട്ട് മറിക്കാനാണെന്നും അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു. വയനാട്ടിൽ കോണ്‍ഗ്രസ് കുറഞ്ഞത് അഞ്ചു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ സ്വാധീനം കേരളത്തില്‍ മൊത്തം പാര്‍ട്ടിയ്ക്ക് ഉണര്‍വ്വ് ഉണ്ടാക്കാന്‍ സഹായിക്കുമെന്നതിന് സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാടിനെ സംബന്ധിച്ച് ഷാഫി വന്നപ്പോള്‍ ബഹളം ഉണ്ടായിരുന്നു. എ.വി ഗോപിനാഥൊക്കെ ബഹളമുണ്ടാക്കിയിരുന്നു.  ഫ്രഷായിട്ട് ഒരു സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കുമ്പോള്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടാകും .അത് പാലക്കാടിന്റെ വീര്യത്തെ ബാധിക്കില്ല.

പാര്‍ട്ടി സ്ഥാനാര്‍ഥി ജയിച്ചു കാണണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും ജനവും ഒക്കെ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയൊരു സന്ദര്‍ഭത്തില്‍ വേറെ സ്ഥാനാര്‍ത്ഥിയില്ലേയെന്ന ചോദ്യത്തിന് പ്രസക്തിയില്ല. പക്ഷെ ആളുകള്‍ പാര്‍ട്ടി വിടുന്നത് കഴിയുന്നത്ര തടയാന്‍ ശ്രമിക്കേണ്ടതാണ്. സരിന്‍ കൂടെ പോയപ്പോള്‍ കൈപ്പത്തിയില്‍ മത്സരിച്ച മൂന്നാമത്തെയാളാണ് പാര്‍ട്ടി വിട്ടുപോകുന്നത്. ഒരാള്‍ പോകുമ്പോള്‍ ഒരു കുടുംബത്തിന്റെ വോട്ടാണ് പോകുന്നത്. അതു തടയാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക്‌ പാലക്കാട് ജില്ലയില്‍ നല്ല സ്വാധീനമുള്ള ജില്ലയാണ്, അതില്ലെന്ന് പറഞ്ഞൂട, പക്ഷെ, അവര്‍ക്ക് പാലക്കാട് അസംബ്ലിയില്‍ സംഘടനാ സംവിധാനം ദുര്‍ബ്ബലമാണ്. ഉള്ള ശക്തി ബി.ജെ.പിക്കാണ്‌, എന്നാല്‍ ബി.ജെ.പിയിലുണ്ടായ വിഭാഗീയത തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അങ്ങനെ നോക്കുമ്പോള്‍ തിരഞ്ഞെടുപ്പ് യു.ഡി.എഫ്.- എല്‍.ഡി.എഫ്. മത്സരമായി മാറാം. എന്തായാലും യു.ഡി.എഫ്. സേഫാണ്. വ്യക്തമായ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മുരളീധരന്‍ അവകാശപ്പെട്ടു. 

'കഴിഞ്ഞ അസംബ്ലിയില്‍ മെട്രോമാന്‍ ഇ. ശ്രീധരനെ ആരും ബി.ജെ.പിക്കാരനായി കണ്ടില്ല. 3800 എന്നത് ബി.ജെ.പി.- കോണ്‍ഗ്രസ് വ്യത്യാസമായി കാണാന്‍ കഴിയില്ല. മെട്രോമാന്റെ കഴിവിനുള്ള  അംഗീകാരമായി നിഷ്പക്ഷ വോട്ടന്മാര്‍ വോട്ട് ചെയ്തു. ബി.ജെ.പിക്ക്‌ വിജയസാധ്യത കാണുമ്പോള്‍ ഇടതുപക്ഷത്തിനോട് ആഭിമുഖ്യമുള്ള വോട്ടർമാർ യു.ഡി.എഫിന് വോട്ട് ചെയ്യാറുണ്ട്. യു.ഡി.എഫിനോട് താത്പര്യമുള്ള വോട്ടർമാർ ബി.ജെ.പി. ജയിക്കുമെന്ന് തോന്നുമ്പോള്‍ എല്‍.ഡി.എഫിനും ചെയ്യാറുണ്ട്. അത് സംസ്ഥാനത്തിന്റെ ഡീലിന്റെ ഭാഗമല്ല.- അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഞാന്‍ വട്ടിയൂര്‍കാവില്‍ നില്‍ക്കുമ്പോള്‍ മത്സരം ബി.ജെ.പിയും യു.ഡി.എഫും തമ്മിലായപ്പോള്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്ന ഒരു വിഭാഗം എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഞാന്‍ പരസ്യമായി പറഞ്ഞ കാര്യമാണ്. അങ്ങനെയാണ് ഞാന്‍ ജയിച്ചത്. എന്നാല്‍ അവിടെയാരും ഡീല്‍ ഉണ്ടാക്കിയില്ല. സ്വയം ജനങ്ങള്‍  അറിഞ്ഞു ചെയ്തതാണ്. അതിനെ ഡീലായി വിശേഷിക്കാന്‍ പറ്റില്ല. ബി.ജെ.പി. ജയിക്കുമെന്നാവുമ്പോൾ മതേതര വോട്ടുകള്‍ സ്വഭാവികമായി ഒരുമിക്കാറുണ്ട്, അത് ഭാവിയില്‍ ഉണ്ടാകും. ഇപ്പോള്‍ പാലക്കാട് ബി.ജെ.പി. ഒരു ഘടകമല്ല.

തൃശൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍  മതേതര വോട്ടുകളുടെ യോജിപ്പ് കണ്ടിട്ടില്ല. അതില്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥ്വം ഒരു ഘടകമായിരിക്കാം. അദ്ദേഹത്തെ ആരും ആര്‍.എസ്.എസുകാരനായി കാണുന്നില്ല. എങ്കിലും ആ പ്രവണതയ്ക്ക് മാറ്റം ഉണ്ടായിട്ടുണ്ട്. തൃശൂരും തിരുവനന്തപുരത്തും നേതൃത്വം അറിഞ്ഞുള്ള ഡീല്‍ ഉണ്ടാക്കിയിട്ടുണ്ട്. അല്ലെങ്കില്‍ ഇത്രയും ഇടതുപക്ഷ വോട്ടുകള്‍ ഒലിച്ചുപോകില്ല. സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തിൽ സംശയമുള്ളത് സ്വതന്ത്രചിഹ്നത്തില്‍ മത്സരിക്കുമ്പോഴാണ്. സരിന്‍ തന്നെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാമെന്ന് പറഞ്ഞതാണ്. അതില്‍ നിന്നെല്ലാം സിപി.എം വോട്ടുകള്‍ക്ക് ഷിഫ്റ്റുണ്ടാകുമോയെന്ന് സംശയിക്കുന്നുണ്ട് . പാലക്കാട് ബി.ജെ.പിയെടുത്തോളൂ ചേലക്കരയില്‍ ഞങ്ങളെ ശല്യം ചെയ്യാതിരുന്നാല്‍ മതിയെന്ന ഡീലുണ്ടോയെന്ന് സംശയമുണ്ടെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

Content Highlights: Congress leader K. Muraleedharan alleges that the independent candidate in Palakkad is part of a CPM