വിവാദങ്ങൾക്കപ്പുറം വികസനവും വിഷയം, അതൃപ്തർ നിർണായകം; പാലക്കാടൻ കാറ്റ് വീശുന്നതെങ്ങോട്ട്

കല്പാത്തി രഥോത്സവമടുത്താൽ പാലക്കാട്ട് കാറ്റ് വീശിത്തുടങ്ങും. തുലാമഴയുടെ ശക്തികുറഞ്ഞതിന്റെ ലക്ഷണമാണത്. തുലാം അവസാനത്തെ മൂന്നുനാളുകളിലാണ് രഥോത്സവം. കാറ്റ് കിന്നാരംപറഞ്ഞുതുടങ്ങുമ്പോൾ കല്പാത്തിക്കാർ ഓർമ്മിപ്പിക്കും: ‘തേരുകാറ്റ് വന്താച്ച്.’ പാലക്കാട്ടെ കാർഷികമേഖലയ്ക്കും ചുരംകടന്നുവരുന്ന ഈ കാറ്റ് ഏറെ പ്രധാനമാണ്. പുളിയും മാവുമൊക്കെ പൂക്കുന്ന കാലം. കാറ്റ് വീശിയടിക്കും. കായ്ഫലം നന്നാവാൻ ഈ കാറ്റ് സഹായിക്കും. ഇത്തവണ കാറ്റുവന്നത് തിരഞ്ഞെടുപ്പുചൂടിനൊപ്പം വിവാദങ്ങളുടെ പുകയുംകൊണ്ടാണ്.
കല്പാത്തിയിലെ ഒന്നാംതേരിന്റെ ദിവസമായിരുന്നു വോട്ടെടുപ്പ് തീരുമാനിച്ചിരുന്നത്. കല്പാത്തിയിലും ചുറ്റിനുമുള്ള വോട്ടർമാർക്ക് ബുദ്ധിമുട്ടാകുമെന്ന പരാതികളുടെ അടിസ്ഥാനത്തിൽ വോട്ടെടുപ്പ് 20-ലേക്ക് മാറ്റിവെച്ചതോടെ രാഷ്ട്രീയപ്രവർത്തകർക്കും ചെറിയ ആശ്വാസമായി. പ്രചാരണത്തിന് ഒരാഴ്ചയെങ്കിലും കൂടുതൽ കിട്ടിയത് മത്സരത്തിന്റെ കടുപ്പം കൂട്ടിയിട്ടുമുണ്ട്. ഇനി കാത്തിരിപ്പും കൗതുകവും പാലക്കാടൻ കാറ്റ് ഇത്തവണ ആരെ വാഴ്ത്തും, ആരെയൊക്കെ വീഴ്ത്തുമെന്ന് കണ്ടറിയാനാണ്. ഒരു കാര്യം ഉറപ്പ്, തിരഞ്ഞെടുപ്പുഫലം വന്നുകഴിഞ്ഞാലും സംസ്ഥാനരാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കാൻ പര്യാപ്തമാണ് പ്രചാരണരംഗത്തെ ചർച്ചകളും നീക്കങ്ങളും. വിവാദമൊഴിഞ്ഞ് ഒരുനാൾപോലുമില്ലായിരുന്നു ഇതുവരെയുള്ള പ്രചാരണത്തിൽ.
പാലക്കാട് നഗരസഭയും പാലക്കാട് താലൂക്കിലെ പിരായിരി, കണ്ണാടി പഞ്ചായത്തുകളും ആലത്തൂർ താലൂക്കിലെ മാത്തൂർ ഗ്രാമപ്പഞ്ചായത്തും ഉൾപ്പെടുന്നതാണ് പാലക്കാട് നിയമസഭാമണ്ഡലം. പാലക്കാട് മണ്ഡലത്തിൽ 1,94,706 വോട്ടർമാരിൽ ഭൂരിപക്ഷം വനിതകളാണ്. 1,00,290 സ്ത്രീകളും 94,412 പുരുഷന്മാരും നാല് ട്രാൻജെൻഡർമാരുമെന്നാണ് തിരഞ്ഞെടുപ്പുവിഭാഗത്തിന്റെ കണക്ക്.
ഉപതിരഞ്ഞെടുപ്പ് ആദ്യമായി
കേരളപ്പിറവിക്കുശേഷം 1957-ലെ ആദ്യ നിയമസഭാതിരഞ്ഞെടുപ്പുമുതൽ പാലക്കാട് മണ്ഡലമുണ്ട്. ആദ്യമായാണ് മണ്ഡലം ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ വിജയിച്ച ഷാഫി പറമ്പിൽ കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിൽ വടകരയിൽനിന്ന് വിജയിച്ചതോടെയാണ് നിയമസഭാംഗത്വം രാജിവെച്ചത്. ഇതാണ് ഉപതിരഞ്ഞെടുപ്പിലേക്ക് നയിച്ചത്.
തുടർച്ചയായി പതിനാറുവർഷം ജനപ്രതിധിയായിരുന്ന കല്പാത്തിയിലെ സി.എം. സുന്ദരമാണ് പാലക്കാടിനെ ഏറ്റവും കൂടുതൽക്കാലം നിയമസഭയിൽ പ്രതിനിധീകരിച്ചത്. 2011 മുതൽ മൂന്നുതിരഞ്ഞെടുപ്പുകളിൽ ഷാഫി പറമ്പിലും വിജയിയായി. തിരഞ്ഞെടുപ്പുകളിൽ കൂടുതൽത്തവണ യു.ഡി.എഫിനോട് ചേർന്നുനിന്ന മണ്ഡലമാണെങ്കിലും കഴിഞ്ഞ രണ്ടുതവണയായി പാലക്കാട് നഗരസഭാഭരണം ബി.ജെ.പി.ക്കാണ്. അതേസമയം, കണ്ണാടിയും മാത്തൂരും പോലുള്ള മേഖലകൾ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളുമാണ്. പിരായിരിയിൽ യു.ഡി.എഫിനാണ് മേൽക്കൈ. കഴിഞ്ഞ രണ്ടുനിയമസഭാതിരഞ്ഞെടുപ്പുകളിലായി എൻ.ഡി.എ.യാണ് പാലക്കാട് മണ്ഡലത്തിൽ രണ്ടാംസ്ഥാനത്ത്. എൽ.ഡി.എഫ്. മൂന്നാംസ്ഥാനത്തും. കഴിഞ്ഞതവണ മെട്രോമാൻ ഇ. ശ്രീധരനെ രംഗത്തിറക്കി രാഷ്ട്രീയത്തിനതീതമായ വോട്ടുകൾകൂടി സമാഹരിച്ച് വിജയം ഉറപ്പിക്കാൻ ബി.ജെ.പി.യും എൻ.ഡി.എ.യും ശ്രമിച്ചതോടെ മത്സരം കടുത്തതായി. കഴിഞ്ഞ രണ്ടുതവണയെക്കാളും കുറവ് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷാഫി പറമ്പിൽ ഹാട്രിക് തികച്ചത്. 3859 വോട്ടായിരുന്നു ഭൂരിപക്ഷം. ഷാഫിയുടെ വിജയത്തിനുപിന്നിൽ എൽ.ഡി.എഫ്. വോട്ടുകളാണെന്ന് പിന്നീട് ബി.ജെ.പി. ആരോപണമുയർത്തി. തന്റെ വിജയത്തിന് നല്ല എൽ.ഡി.എഫുകാരും വോട്ടുചെയ്തിട്ടുണ്ടാവുമെന്ന മറുപടിയോടെയാണ് ഷാഫി പറമ്പിൽ ആരോപണത്തെ നേരിട്ടത്.
ലോക്‌സഭാതിരഞ്ഞെടുപ്പ് കഴിയുംമുൻപുതന്നെ കോൺഗ്രസിൽ സ്ഥാനാർഥിയെ സംബന്ധിച്ച് അഭ്യൂഹങ്ങൾ പരന്നുതുടങ്ങിയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരാണ് ഷാഫി പറമ്പിൽ നിർദേശിച്ചതായി പ്രചരിച്ചത്. മുതിർന്ന നേതാവ് കെ. മുരളീധരന്റേതടക്കമുള്ള പേരുകൾ പ്രചരിച്ചിരുന്നെങ്കിലും കോൺഗ്രസ് നേതൃത്വം നിർദേശിച്ചത് രാഹുൽ മാങ്കൂട്ടത്തിലിനെയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വം ഉറപ്പിച്ച് കോൺഗ്രസും യു.ഡി.എഫും മുന്നിലെത്തി. പക്ഷേ, കഥയിലെ ട്വിസ്റ്റുകൾ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.
സ്ഥാനാർഥി നിർണയത്തിലെ എതിർപ്പ്
സ്ഥാനാർഥിപ്രഖ്യാപനത്തിലെ എതിർപ്പുമായി കോൺഗ്രസ് സാമൂഹികമാധ്യമവിഭാഗം കോഡിനേറ്ററും കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തെ കോൺഗ്രസ് സ്ഥാനാർഥിയുമായ ഡോ. പി. സരിനാണ് ആദ്യം രംഗത്തെത്തിയത്. ഡോ. സരിൻ നിലപാട് വ്യക്തമാക്കിയതോടെ എൽ.ഡി.എഫിന്റെ സ്വതന്ത്രസ്ഥാനാർഥിയാകുകയുംചെയ്തു. സരിനുപിന്നാലെ യൂത്ത് കോൺഗ്രസ് നേതാവ് എ.കെ. ഷാനിബും പാർട്ടിവിട്ടു. കോൺഗ്രസിനെതിരേ സരിൻ ഉന്നയിച്ച ‘ഡീൽ’ വിവാദം പുകയുന്നതിനിടെ, കെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംസ്ഥാനനേതൃത്വത്തിന് കൈമാറിയതെന്നുപറയപ്പെടുന്ന കത്ത് പുറത്തുവന്നു. യു.ഡി.എഫ്. കെ. മുരളീധരനെ പ്രചാരണത്തിനിറക്കിയതോടെ കത്തുവിവാദം ഏതാണ്ട് ശമിച്ചു.
അതിനിടയിലാണ് നേതാക്കളും മാധ്യമപ്രവർത്തകരുമെല്ലാം താമസിക്കുന്ന പാലക്കാട്ടെ ഹോട്ടലിൽ നീല ട്രോളിബാഗിൽ യു.ഡി.എഫ്. സ്ഥാനാർഥിക്കായി പണമെത്തിച്ചെന്ന വിവാദം ആരംഭിക്കുന്നത്. അർധരാത്രി ഹോട്ടലിൽ പോലീസ് പരിശോധനയ്ക്കെത്തി. ഹോട്ടൽമുറ്റത്ത് സംഘർഷം നിറഞ്ഞു. നാടകീയനീക്കങ്ങൾക്കൊടുവിൽ കൈപൊള്ളിയത് പോലീസിനാണ്. വനിതാനേതാക്കൾ താമസിച്ച മുറിയിൽ വനിതാപോലീസിന്റെ സാന്നിധ്യമില്ലാതെ പോലീസ് പരിശോധനയ്ക്കെത്തുകയും പിന്നീട് വനിതാപോലീസുകൂടിയെത്തി പരിശോധിച്ചശേഷം സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് എഴുതിനൽകുകയുംചെയ്തതോടെ ആകെ നാണക്കേടായി. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും വിഷയം പുകയുമെന്ന് ഉറപ്പ്.
എൽ.ഡി.എഫ്. സ്ഥാനാർഥിയാവാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളുടെ പേര് ഉയർന്നിട്ടും പ്രഖ്യാപനത്തിന് ഏതാനുംദിവസം കാത്തുനിന്നതിനുപിന്നിലെ കാര്യങ്ങൾ രാഷ്ട്രീയലോകം ചികഞ്ഞു. അതിനിടയിലാണ് ഡോ. സരിൻ എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയാവുന്നത്.
അടുത്തദിവസങ്ങളിൽ വ്യാജവോട്ടുകളെക്കുറിച്ചുള്ള ആരോപണമായിരുന്നു. കോൺഗ്രസും ബി.ജെ.പി.യും പലരുടെയും വോട്ടുകൾ അനധികൃതമായി ചേർത്തെന്ന് ആരോപിച്ചപ്പോൾ കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിലുൾപ്പെടെ ഒറ്റപ്പാലത്തെ വോട്ടറായിരുന്ന സരിൻ പാലക്കാട് നഗരസഭ ഭരിക്കുന്ന ബി.ജെ.പി.യുടെ ഒത്താശയോടെയാണ് വോട്ട് പാലക്കാട്ടേക്ക് മാറ്റിയതെന്ന ആരോപണവുമായി യു.ഡി.എഫും രംഗത്തെത്തി. ബി.ജെ.പി. സംസ്ഥാനസമിതി അംഗമായിരുന്ന സന്ദീപ് വാരിയർ കോൺഗ്രസ് പാളയത്തിലെത്തിയതാണ് പാലക്കാട്ടെ തിരഞ്ഞെടുപ്പുരംഗത്തെ ഏറ്റവും പുതിയ നീക്കം. ഇതൊക്കെ സാധാരണവോട്ടർമാർ എങ്ങനെ സ്വീകരിക്കുമെന്നതും കാത്തിരുന്നുകാണണം.
2021-ലെ വോട്ടുനില
യു.ഡി.എഫ്.
ഷാഫി പറമ്പിൽ 54,079
എൻ.ഡി.എ.
ഇ. ശ്രീധരൻ 50,220
എൽ.ഡി.എഫ്.
സി.പി. പ്രമോദ് 36,433
അതൃപ്തർ നിർണായകമാകും
പാലക്കാട്ടെ ത്രികോണമത്സരത്തിന് ചൂടേറെ എന്നതാണ് പോർക്കളത്തിലുയരുന്ന വിവാദങ്ങൾ നൽകുന്ന സന്ദേശം. യു.ഡി.എഫിൽ സ്ഥാനാർഥിനിർണയത്തെച്ചൊല്ലിയുള്ള അതൃപ്തികളാണ് ആദ്യം കളംനിറഞ്ഞത്. പിന്നീട് ഇടതുമുന്നണിയുടെ ഊഴമായിരുന്നു. സി.പി.എമ്മിൽ മുൻ നഗരസഭാംഗവും ഏരിയാകമ്മറ്റി അംഗവുമായ അബ്ദുൾ ഷുക്കൂർ ഉയർത്തിയ എതിർപ്പും അതിനെത്തുടർന്നുള്ള നേതാക്കളുടെ ഇടപെടലുകളും പ്രതികരണവുമെല്ലാം ചൂടുപടിച്ചു. ബി.ജെ.പി.യിൽ ഒരു വിഭാഗം ആദ്യം അതൃപ്തി പ്രകടമാക്കിയെങ്കിലും പിന്നീട് അവരെയും രംഗത്തിറക്കാൻ നേതൃത്വം ശ്രമിച്ചു. അതിനിടയിലാണ് നിനച്ചിരിക്കാതെ സന്ദീപ് വാരിയരുടെ എതിർശബ്ദം. അപ്രസക്തമെന്നൊക്കെ ബി.ജെ.പി.നേതൃത്വം പറയുന്നുണ്ടെങ്കിലും എത്രമാത്രം ഈ വാദം പ്രസക്തമാണെന്നറിയാൻ അവരും കാത്തിരിക്കേണ്ടിവരും. കഴിഞ്ഞതവണത്തെ ചെറിയ ഭൂരിപക്ഷം കണക്കിലെടുക്കുമ്പോൾ അതൃപ്തരും അവരുടെ നീക്കങ്ങളും എല്ലാവർക്കും നിർണായകമായേക്കാം. മുൻതിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മൂന്നു മുന്നണികളും വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിന് മുൻഗണന നൽകി.
വിവാദങ്ങൾക്കപ്പുറം വികസനവും വിഷയം
വിവാദവിഷയങ്ങൾക്കപ്പുറം അവസാനനാളുകളിൽ മണ്ഡലത്തിന്റെ വികസനവും തിരഞ്ഞെടുപ്പുരംഗത്ത് ചർച്ചയാകുന്നുണ്ട്. വികസനരംഗത്തെ തളർച്ച എൽ.ഡി.എഫ്. പ്രചാരണങ്ങളിൽ മുഴങ്ങുന്നുണ്ട്. എന്നാൽ, അമിത അവകാശവാദങ്ങൾക്കില്ലാതെ മെഡിക്കൽ കോളേജ് അടക്കമുള്ള നേട്ടങ്ങൾ ചൂണ്ടിക്കാണിച്ച് യു.ഡി.എഫ്. പ്രചാരണം നയിക്കുന്നു. സ്ഥാനാർഥി പാലക്കാട് നഗരസഭാ വൈസ് ചെയർമാനായിരിക്കെ ചെയ്ത കാര്യങ്ങൾ വിശദമാക്കി വികസനരേഖയുമായാണ് എൻ.ഡി.എ. വോട്ടർമാരെ അഭിമുഖീകരിക്കുന്നത്. മുന്നണിസ്ഥാനാർഥികൾക്കുപുറമേ ഏഴുപേർകൂടി മത്സരരംഗത്തുണ്ട്. ഇതിൽ മറ്റുരണ്ടു രാഹുൽമാരും ഉൾപ്പെടും. ഉപരിതലത്തിലെ രാഷ്ട്രീയക്കാറ്റുകൾ സൃഷ്ടിക്കുന്ന അടിയൊഴുക്കുകളെ ശ്രദ്ധയോടെ വീക്ഷിക്കുകയാണ് തിരഞ്ഞെടുപ്പുമാനേജർമാർ.
Content Highlights: Palakkad by-election witnesses intense campaigning, controversies, and a three-cornered fight