പെട്ടിപ്രശ്‌നം; വിരുദ്ധാഭിപ്രായത്തിലൂടെ പുറത്തുവന്നത് സി.പി.എമ്മിനുള്ളിലെ പടലപ്പിണക്കം

പാലക്കാട്: ഉപതിരഞ്ഞെടുപ്പിനു ദിവസങ്ങള്‍മാത്രം ശേഷിക്കെ, 'പെട്ടിപ്രശ്‌ന'ത്തില്‍ത്തട്ടി പാലക്കാട്ട് സി.പി.എമ്മിലെ പടലപ്പിണക്കം മറനീക്കി പുറത്തുവരുന്നു. പാതിരാ റെയ്ഡ് വഴി പോലീസ് ഭരണകക്ഷിയെ പ്രതിസന്ധിയിലാക്കിയെങ്കില്‍, സംഭവത്തില്‍ പാര്‍ട്ടിയിലും ഭിന്നാഭിപ്രായങ്ങളുണ്ടെന്നാണ് വെള്ളിയാഴ്ച കൂടുതല്‍ വ്യക്തമായത്.
പുറമേക്ക് ആവേശം പ്രകടിപ്പിക്കുമ്പോഴും സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ സി.പി.എമ്മിനുള്ളിലുള്ള അതൃപ്തികൂടിയാണ് വെളിവാകുന്നത്. എല്‍.ഡി.എഫ്. ഘടകകക്ഷികള്‍ക്കും പുതിയ പ്രശ്‌നങ്ങളില്‍ അതൃപ്തിയുണ്ടെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.
പെട്ടിപ്രശ്‌നം ദൂരേക്കു വലിച്ചെറിയേണ്ട ഒന്നാണെന്ന സി.പി.എം. സംസ്ഥാനസമിതി അംഗം എന്‍.എന്‍. കൃഷ്ണദാസിന്റെ വെള്ളിയാഴ്ചത്തെ പരാമര്‍ശത്തിനുപിന്നില്‍ വെറും പെട്ടിമാത്രമല്ലെന്നു കരുതുന്നവരാണേറെ. മുന്‍ ഏരിയാ സെക്രട്ടറി എം. നാരായണനെ അനുസ്മരിക്കുന്ന ചടങ്ങുതന്നെ തുറന്നുപറച്ചിലിനു കൃഷ്ണദാസ് വേദിയാക്കിയതും ശ്രദ്ധേയമായി.
കോണ്‍ഗ്രസ്വെച്ച കെണിയില്‍ പാര്‍ട്ടി വീഴരുത് എന്നതുള്‍പ്പെടെയുള്ള പ്രസ്താവനകള്‍ ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിന്റെ വിശദീകരണത്തിനുശേഷവും കൃഷ്ണദാസ് ആവര്‍ത്തിച്ചു. മൂന്നുദിവസമായി സുരേഷ് ബാബു ഉള്‍പ്പെടെയുള്ളവര്‍ പെട്ടിപ്രശ്‌നം ഉയര്‍ത്തുമ്പോഴാണിത്.
താന്‍ പറയുന്നത് പാര്‍ട്ടി നിലപാടാണെന്ന് കൃഷ്ണദാസ് ആവര്‍ത്തിക്കുകയും ചെയ്തു. പിന്നീട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പെട്ടിപ്രശ്‌നംകൂടി ചര്‍ച്ചചെയ്യേണ്ടതുണ്ടെന്ന നിലപാട് തൃശ്ശൂരില്‍ വ്യക്തമാക്കിയത് ജില്ലാനേതൃത്വത്തിന് ഒരളവുവരെ ആശ്വാസമായി.
പാലക്കാട്ടെ പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി നിലനിന്ന വിഭാഗീയത സംസ്ഥാനനേതൃത്വത്തിന്റെ ഇടപെടലോടെ ശമിച്ചുവെന്ന് കരുതിയിരിക്കേയാണ് അത് മറ്റൊരുതലത്തിലേക്കുയരുന്നത്. പെട്ടിപ്രശ്‌നത്തില്‍ തീവ്രനിലപാടുകള്‍ ഇടതുപക്ഷത്തിന് ദോഷമുണ്ടാക്കുമെന്ന് കഴിഞ്ഞദിവസം അവലോകനയോഗത്തില്‍ വിലയിരുത്തലുണ്ടായതായും അറിയുന്നു.
ജില്ലാ സെക്രട്ടറിക്കെതിരേ പറഞ്ഞ് പാലക്കാട് ഏരിയാ കമ്മിറ്റിയംഗം അബ്ദുല്‍ ഷുക്കൂര്‍ പാര്‍ട്ടിവിടുമെന്ന സൂചനനല്‍കി ദിവസങ്ങള്‍ക്കുമുന്‍പ് രംഗത്തുവന്നിരുന്നു. ഷുക്കൂറിനെ തിരിച്ചെത്തിക്കാന്‍ മുന്‍കൈയെടുത്തത് കൃഷ്ണദാസായിരുന്നു.
എന്നാല്‍, മാധ്യമങ്ങള്‍ക്കെതിരേ 'ഇറച്ചിക്കടയ്ക്കുമുന്നിലെ പട്ടികള്‍' എന്ന പ്രയോഗം അദ്ദേഹത്തിനു തിരിച്ചടിയായി. കൃഷ്ണദാസിനെ അന്ന് സംസ്ഥാനസെക്രട്ടറികൂടി തള്ളിയിരുന്നു. ഷുക്കൂറിനെ തിരിച്ചെത്തിച്ചതിന്റെ ക്രെഡിറ്റിനുപകരം തിരിച്ചടിയുണ്ടായതിന്റെ അസംതൃപ്തിയും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നാണ് വിലയിരുത്തല്‍.
ഈ പ്രസ്താവനയിലൂടെ കൃഷ്ണദാസ് സരിന് പാരവെച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞിരുന്നു. പുതിയ പ്രസ്താവനയും എല്‍.ഡി.എഫിന് തിരിച്ചടിയാകുമെന്നു വിലയിരുത്തുന്നവരും കുറവല്ല. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ അലയൊലികള്‍ സംസ്ഥാനസമ്മേളനംവരെ നീളും.
കള്ളപ്പണം: പരാതിയുമായി മുന്നോട്ടുപോകും -സി.പി.എം.
പാലക്കാട് : കള്ളപ്പണംവന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിനല്‍കിയ പരാതിയുമായി മുന്നോട്ടുപോകുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു.
പോലീസന്വേഷണം നടക്കുകയാണ്. പാര്‍ട്ടിനല്‍കിയ പരാതിയും അന്വേഷണത്തിന്റെ ഭാഗമാകും. പരാതികൊടുത്തതിന്റെ അടിസ്ഥാനത്തില്‍ മൊഴിയെടുക്കാന്‍ പോലീസ് വിളിച്ചിട്ടില്ല. വിളിക്കുമെന്ന് കരുതുന്നു. പോലീസ് നടപടിക്ക് മെല്ലെപ്പോക്കില്ലെന്നും സുരേഷ്ബാബു പറഞ്ഞു.
കള്ളപ്പണം വന്നുവെന്നത് യാഥാര്‍ഥ്യമാണ്. സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ അത് സാധൂകരിക്കുന്നു. യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ പറയുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധമാണ്. ചെറിയ ദൂരങ്ങളുടെ വ്യത്യാസത്തില്‍ ഒന്നിലധികംതവണ കാറുമാറിക്കയറിയതായി പറയുന്നു. ഇതെല്ലാം അധോലോകസംഘങ്ങള്‍ ചെയ്യുന്ന കാര്യമാണ്.
കോഴിക്കോട്ടുപോയപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവും ഇക്കാര്യം പുറത്തുപറഞ്ഞില്ല. കോഴിക്കോടിനുള്ള സഞ്ചാരമധ്യേ കാറിലിരുന്നുകൊണ്ട് തത്സമയം ഓണ്‍ലൈനില്‍ വരാമായിരുന്നു. എന്തോ മറച്ചുപിടിക്കാനുണ്ടെന്ന് വ്യക്തം.
കൊടകരയിലെ നാലുകോടി കുഴല്‍പ്പണം ഷാഫിക്ക് കൊടുത്തെന്നാണ് കെ. സുരേന്ദ്രന്‍ പറഞ്ഞത്. ആ പണം ഉപതിരഞ്ഞെടുപ്പില്‍ വരില്ലെന്ന് എന്താണുറപ്പെന്നും സുരേഷ് ബാബു ചോദിച്ചു.
Content Highlights: palakkad byelection and trolly controversy