ഷാഫീ, ഞാനിപ്പുറത്തുണ്ട്.. എപ്പോഴും അപ്പുറത്ത് തന്നെ ഉണ്ടാവണമെന്ന് മറുപടി; ചൂടുപിടിച്ച് പാലക്കാട്

ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും, പി സരിൻ | Photo: മാതൃഭൂമി, Screengrab/ Mathrubhumi News
ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും, പി സരിൻ | Photo: മാതൃഭൂമി, Screengrab/ Mathrubhumi News

പാലക്കാട്: കൈനല്‍കാന്‍ വിമുഖത കാണിച്ചപ്പോള്‍ 'ഞാനിപ്പുറത്തുണ്ട്' എന്ന് പറഞ്ഞ പാലക്കാട്ടെ ഇടതുപക്ഷ സ്ഥാനാര്‍ഥി സരിനും'എപ്പോഴും അപ്പുറത്ത് തന്നെ ഉണ്ടാകണം' എന്ന് മറുപടി നല്‍കിയ ഷാഫി പറമ്പില്‍ എംപിയും തമ്മിലുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയുടെ വീഡിയോ പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. സരിനെതിരേ പരിഹാസവുമായി യു.ഡി.എഫും. ഷാഫി പറമ്പിലിന്റെ പ്രവൃത്തിയില്‍ വിമര്‍ശനവുമായി എല്‍ഡിഎഫ് കേന്ദ്രങ്ങളും രംഗത്തെത്തി. സംഭവം തിരഞ്ഞെടുപ്പില്‍ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം സജീവ ചര്‍ച്ചാ വിഷയമായി ഉയരുകയാണ്.

സ്ഥാനാര്‍ഥി വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചു കൊണ്ടായിരുന്നു കോണ്‍ഗ്രസ് മീഡിയ വിങ് കണ്‍വീനര്‍ ആയിരുന്ന പി. സരിന്‍ പാര്‍ട്ടി വിട്ടത്. ശേഷം പാലക്കാട് മണ്ഡലത്തില്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിവരുമായി പി സരിന്‍ നേര്‍ക്കു നേര്‍ വരുന്ന അവസരം ഇന്നാണ് ഉണ്ടായത്. പാലക്കാട്ടെ ബിജെപി നേതാവ് നടേശന്റെ മകളുടെ വിവാഹച്ചടങ്ങിലാണ് ഇവര്‍ ഒന്നിച്ചെത്തിച്ചത്. സരിന്‍ പേര് വിളിച്ചിട്ടും രാഹുല്‍ കൈകൊടുക്കാതെ പോകുകയായിരുന്നു. അതേസമയം, രാഹുലും ഷാഫി പറമ്പിലും മുന്‍ കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥിന് ഹസ്തദാനം നടത്തുകയും ആലിംഗനം ചെയ്യുകയും ചെയ്തു.

സരിന്‍ പലതവണ രാഹുലിന്റെ പേര് വിളിക്കുന്നതും വീഡിയോയില്‍ കാണാം. കൂടെ ഉണ്ടായിരുന്ന ഷാഫിയോട് താന്‍ ഇപ്പുറത്തുണ്ട് എന്ന് പറയുമ്പോള്‍ ആ അപ്പുറത്ത് തന്നെ ഉണ്ടാകണം എന്ന് പറഞ്ഞ് മുഖം തിരിച്ചു പോകുന്ന ഷാഫിയേയും ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തെ പരിഹസിച്ചു കൊണ്ട് വിടി ബല്‍റാമും ഫേസ്ബുക്കില്‍ കുറിച്ചത്; ജോജുവിന്റെ തഗ്ഗ് ഡയലോഗിന് ശേഷം മറ്റൊന്ന് എന്നായിരുന്നു.

വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇക്കഴിഞ്ഞ ദിവസം റിവ്യൂവര്‍ ആദര്‍ശ് സംവിധായകന്‍ ജോജുവിനോട് പറഞ്ഞ തഗ്ഗ് ഡയലോഗിന് ശേഷം ഇന്നിതാ മറ്റൊന്ന്.
'ഷാഫീ.. ഷാഫീ.. ഞാനിപ്പുറത്ത് ഉണ്ട്.'
ഷാഫി: 'ആ എപ്പോഴും അപ്പുറത്ത് തന്നെ ഉണ്ടാവണം'
എജ്ജാതി ടൈമിംഗ് - എന്നായിരുന്നു വി.ടി. ബല്‍റാമിന്റെ പോസ്റ്റ്.

അതേസമയം വിവാഹച്ചടങ്ങിനിടെ പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി ഡോ.പി.സരിനുനേരെ മുഖം കൊടുക്കാതിരുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിന്റേയും ഷാഫി പറമ്പില്‍ എം.പിയുടേയും നടപടിയെ വിമര്‍ശിച്ച് മന്ത്രി എം.ബി. രാജേഷ് രംഗത്തെത്തി. പരസ്പരം എതിര്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു എന്നത്, കണ്ടാല്‍ മിണ്ടാത്ത ശത്രുതയാകുമോ എന്ന് അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയെ ശത്രുവായി കാണുന്ന രാഷ്ട്രീയ സംസ്‌കാരം നിന്ദ്യമാണ്. സരിന്‍ ചെയ്തത് ശരിയായ നടപടിയാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlights: p sarin shafi parambil shake hand row fb debate