ഒന്നാം പിണറായി സര്‍ക്കാരിന് ശേഷം നടന്നത് 13 ഉപതിരഞ്ഞെടുപ്പുകൾ; ലാഭമാര്‍ക്ക് നഷ്ടമാര്‍ക്ക്

രാഹുല്‍ മാങ്കൂട്ടത്തില്‍, പ്രിയങ്ക ഗാന്ധി, യു.ആർ. പ്രദീപ്‌
രാഹുല്‍ മാങ്കൂട്ടത്തില്‍, പ്രിയങ്ക ഗാന്ധി, യു.ആർ. പ്രദീപ്‌

അഞ്ചുവര്‍ഷം കൂടുമ്പോഴുള്ള ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തിനപ്പുറം ഏറെ ആവേശകരവും ഒരു ഭാഗ്യപരീക്ഷണവും കൂടിയാണ് മുന്നണികള്‍ക്ക് ഉപതിരഞ്ഞെടുപ്പുകൾ. സംസ്ഥാനത്തെ രാഷ്ട്രീയ ചര്‍ച്ചകള്‍ മുഴുവന്‍ ഒന്നോ രണ്ടോ മണ്ഡലങ്ങളിലേക്ക് ഒതുങ്ങുന്നത് കൊണ്ട് ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊണ്ടും വിവാദങ്ങള്‍ക്കൊണ്ടും നിറയുന്നതുമാണ് ഉപതിരഞ്ഞെടുപ്പ് കാലം. അതിന് ഇത്തവണയും മാറ്റമുണ്ടായില്ല.

ലോക്​സഭയ്ക്കൊപ്പം നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും നിയമസഭയ്ക്കൊപ്പം ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളും കേരളത്തില്‍ നടന്നിരുന്നുവെങ്കിലും രണ്ടിടത്തേക്കുമായി ഉപതിരഞ്ഞെടുപ്പുകള്‍ മാത്രമായി നടക്കുന്നത് ആദ്യമായി 2024 ല്‍ ആണെന്ന പ്രത്യേകതയുണ്ട്. 2016 ല്‍ ആദ്യ പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതുവരെ 13 ഉപതിരഞ്ഞെടുപ്പുകളാണ് കേരളത്തില്‍ നടന്നത്. മുന്നെണ്ണം ലോക്സഭയിലേക്കും പത്തെണ്ണം നിയമഭയിലേക്കുമാണ്. ഇതില്‍ ആര്‍ക്കാണ് ലാഭ നഷ്ടമെന്ന് ചോദിച്ചാല്‍ ലാഭത്തില്‍ മുന്നില്‍ നില്‍ക്കുന്നത് എല്‍.ഡി.എഫിനാണെന്ന് പറയേണ്ടി വരും.

2016 ന് ശേഷം  2017-വേങ്ങര, 2018-ചെങ്ങന്നൂര്‍, 2019-പാല, മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് ഇപ്പോള്‍ പാലക്കാട്, ചേലക്കര എന്നിവിടങ്ങളിലായിരുന്നു ഇതുവരെ നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ നടന്നത്. ലോക്സഭയിലേക്കാണെങ്കില്‍ 2017 ലും 2021 ലും മലപ്പുറത്തും ഇത്തവണ വയനാടും ഉപതിരഞ്ഞെടുപ്പ് നടന്നു.

ഇക്കാലയളവില്‍ നിയമസഭാ മണ്ഡലങ്ങളിലെ സിറ്റിങ് സീറ്റുകളില്‍ മൂന്നെണ്ണം യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ ഒരു സിറ്റിങ് സീറ്റ് മാത്രമാണ് യു.ഡി.എഫിന് എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചെടുക്കാനായത്. 2019 ല്‍ മാത്രമാണ് ഉപതിരഞ്ഞെടുപ്പ് വഴി മൂന്ന് സീറ്റുകളും യു.ഡി.എഫിന് നഷ്ടമായത്. വട്ടിയൂര്‍ക്കാവിലും കോന്നിയിലും പാലയിലും. എന്നാല്‍ അതേ വര്‍ഷം അരൂര്‍ സീറ്റ് എല്‍.ഡി.എഫിനും നഷ്ടമായി.

2019 ല്‍ കെ.എം മാണിയുടെ മരണത്തെ തുടര്‍ന്നായിരുന്നു പാല മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. പക്ഷേ, കെ.എം മാണിയുടെ സ്വന്തം മണ്ഡലം അത്തവണ എല്‍.ഡി.എഫിനൊപ്പം നിന്നു. ഒരു പക്ഷേ, യു.ഡി.എഫിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെയുള്ള ഏറ്റവും വലിയ നഷ്ടവുമായി പാലായുടേത്. കാരണം 1967 മുതല്‍ 2016 വരെ നീണ്ട 12 തവണ മാണി കൈവശം വെച്ചിരുന്ന മണ്ഡലമാണ് അത്തവണ ഉപതിരഞ്ഞെടുപ്പലൂടെ അവര്‍ക്ക് നഷ്ടമായത്. പകരം എല്‍.ഡി.എഫിലെ മാണി സി കാപ്പന്‍ വിജയിച്ചു കയറുകയും ചെയ്തു. യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ജോസ് ടോം കുന്നേലിനെതിരേ 2943 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് മാണി സി.കാപ്പന്‍ പാലയുടെ വിജയിയായത്. 2021 ല്‍ ഒരിക്കല്‍ കൂടെ തിരഞ്ഞെടുപ്പ് നടന്നതോടെ മാണി സി.കാപ്പന് വിജയമാവര്‍ത്തിക്കാനുമായി.  

യു.ഡി.എഫിന് വലിയ നഷ്ടം 2019 ല്‍ കോന്നിയിലും സംഭവിച്ചു. തുടര്‍ച്ചയായി അഞ്ചു തവണ കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശ് നിലനിര്‍ത്തിയിരുന്ന മണ്ഡലം അത്തവണ സി.പി.എമ്മിന്റെ കെ.യു ജനീഷ് കുമാറിനൊപ്പം നിന്നു. അടൂര്‍പ്രകാശ് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്നായിരുന്നു വര്‍ഷം കോന്നിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. പക്ഷേ,  യു.ഡി.എഫ് സ്ഥാനാര്‍ഥി പി.മോഹന്‍രാജിനെതിരേ 9953 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജനീഷ് കുമാര്‍ വിജയിച്ചു കയറുകയായിരുന്നു. 2021 ല്‍ ഒരിക്കല്‍ കൂടെ തിരഞ്ഞെടുപ്പ് നടന്നതോടെ ജനീഷിനും വിജയമാവര്‍ത്തിക്കാനായി.

സമാന സാഹചര്യമായിരുന്നു 2019 ല്‍ വട്ടിയൂര്‍ക്കാവിലുമുണ്ടായിരുന്നത്. കെ.മുരളീധരന്‍ വടകരയില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയായിരുന്നു വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 2011 ലും 2016 ലും വട്ടിയൂര്‍ക്കാവില്‍ നിന്ന് മുരളീധരൻ വിജയിച്ചു കയറിയിരുന്നുവെങ്കിലും 2019 ല്‍ ഉപതിരഞ്ഞെടുപ്പ് നടന്നതോടെ മണ്ഡലം കൈവിട്ടുപോയി. തിരുവനന്തപുരം മേയറായിരുന്ന സി.പി.എമ്മിന്റെ വി.കെ പ്രശാന്ത് വിജയിച്ചു കയറുകയും ചെയ്തു. യു.ഡി.എഫിന്റെ കെ.മോഹന്‍കുമാറിനെതിരേ 14465 വോട്ടിന്റെ ഭുരിപക്ഷമാണ് അത്തവണ പ്രശാന്തിന് ലഭിച്ചത്. 2021 ല്‍ വിജയമാവര്‍ത്തിക്കുകയും ചെയ്തു. ഇതേ വര്‍ഷം പക്ഷേ, എല്‍.ഡി.എഫിന് നഷ്ടപ്പെട്ടത് അരൂര്‍ മണ്ഡലമാണ്.

സിറ്റിംഗ് എം.എല്‍.എ ആയിരുന്ന എ.എം ആരിഫ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് 2019 ല്‍ അരൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പക്ഷേ, എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന മനു സി പുളിക്കലിനെതിരേ 2079 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫിന്റെ ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചു കയറുകയായിരുന്നു. 1967 ലും 1970 ലും 1980 മുതല്‍ 2001 വരെ തുടര്‍ച്ചയായും കെ.ആര്‍ ഗൗരിയമ്മയും 2006 മുതല്‍ 2016 വരെ തുടര്‍ച്ചയായി എ.എം ആരിഫും വിജയിച്ചിരുന്ന മണ്ഡലം 2019 ല്‍ കൈവിട്ടുപോയത് എല്‍.ഡി.എഫിനെ സംബന്ധിച്ചോടത്തോളം വലിയ തിരിച്ചടിയായി മാറിയെങ്കിലും 2021 ല്‍ മണ്ഡലം തിരിച്ചുപിടിക്കാനായി എന്നത് ആശ്വാസമായിരുന്നു.

2019 ല്‍ വട്ടിയൂര്‍ക്കാവിനുശേഷം ആദ്യമായണ് പാലക്കാടും ചേലക്കരയിലും നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ നടന്നത്. പക്ഷേ, ഇതില്‍ ഏറ്റവും ആശങ്കപ്പെട്ടത് കോണ്‍ഗ്രസും യു.ഡി.എഫുമായിരുന്നു. കാരണം പാലക്കാട് മണ്ഡലമായിരുന്നു. ഷാഫിയെ മൂന്ന് തവണ തുടര്‍ച്ചയായി ജയിപ്പിച്ച പാലക്കാട് ഒരു ഉപതിരഞ്ഞെടുപ്പിലൂടെ നഷ്ടപ്പെടുത്തിയാല്‍ അതിന് നേതൃത്വം തന്നെ ഉത്തരം പറയേണ്ടി വരുമായിരുന്നു. ഷാഫി  പ്രധാന കുറ്റക്കാരനുമാവുമായിരുന്നു. രാഹുല്‍ ഷാഫിയുടെ നോമിനേറ്റഡ് സ്ഥാനാര്‍ഥിയെന്ന ആരോപണവും ഉയര്‍ന്നുവന്നിരുന്നു. ഇതേ കാരണം പറഞ്ഞ് കോണ്‍ഗ്രസിനുള്ളില്‍ രാജികളുമുണ്ടായി, സരിന്റെ കൂറുമാറ്റം പോലും ഇക്കാരണം പറഞ്ഞായിരുന്നു. പക്ഷേ, റെക്കോഡ് ഭൂരിപക്ഷത്തില്‍ രാഹുല്‍ വിജയിച്ച് കയറിയതോടെ ഈ ആരോപണങ്ങളെയെല്ലാം തച്ചുടക്കാന്‍ യു.ഡി.എഫിന്  സാധിച്ചു. ഇതിനിടെ  ചേലക്കരയിലെ കാല്‍നൂറ്റാണ്ട് കാലത്തോളമുള്ള സീറ്റ് വ്യക്തമായ ഭൂരിപക്ഷത്തോടെ നിലനിര്‍ത്താനായി എന്നത് സി.പി.എമ്മിനെ സംബന്ധിച്ചും ആശ്വാസമാണ്.  

കേരള രാഷ്ട്രീയ ചരിത്രത്തില്‍ ലോക്സഭയിലേക്ക് ഇതുവരെ പത്ത് ഉപതിരഞ്ഞെടുപ്പുകള്‍ നടന്നെങ്കിലും ഒന്നാം പിണറായി സര്‍ക്കാരിന് ശേഷം മുന്നാമത്തേതാണ് നടക്കുന്നത്. ഇതില്‍ മലപ്പുറത്ത് മാത്രം രണ്ട് തവണ നടന്നു. 2017 ലും 2021 ലും ഇതിന് ശേഷം ഇപ്പോഴാണ് വയനാട്ടില്‍ നടക്കുന്നത്. ലീഗ് നേതാവായിരുന്ന ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്നായിരുന്നു 2017 ല്‍ മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടന്നത്. പി.കെ കുഞ്ഞാലിക്കുട്ടി അന്ന് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച് കയറുകയും ചെയ്തു. അന്ന് 171023 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. 2019 ല്‍  കുഞ്ഞാലിക്കുട്ടി തന്നെ വീണ്ടും മത്സരിച്ച് 2,60,153 വമ്പന്‍ ഭൂരിപക്ഷം നേടിയെങ്കിലും 2021 ല്‍  ഉപതിരഞ്ഞെടുപ്പ് നടന്നു. കുഞ്ഞാലിക്കുട്ടി നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിച്ചതായിരുന്ന കാരണം. അത്തവണ എം.പി അബ്ദുസമദ് സമദാനിയാണ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയത്. എല്‍.ഡി.എഫിന്റെ വി.പി സാനുവിനെതിരേ വിജയിക്കാനായെങ്കിലും ഭൂരിപക്ഷം 114692 എന്നതിലേക്ക് കുത്തനെ ഇടിഞ്ഞു.

ഇതിനുശേഷം ഇപ്പോഴാണ് രാഹുല്‍ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ച് വിജയിച്ചത് കൊണ്ട് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 2019 ല്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയപ്പോള്‍ 431770 എന്ന ചരിത്ര ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ വിജയം. 2024 ല്‍ വീണ്ടും വയനാട്ടില്‍ നിന്ന് മത്സരിച്ചപ്പോള്‍ പക്ഷേ, ഭൂരിപക്ഷം 364422 എന്ന സഖ്യയിലേക്കെത്തി. ഉപതിരഞ്ഞെടുപ്പില്‍ രാഹുലിന് പകരം പ്രിയങ്കയെത്തിയപ്പോള്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാമെന്നാണ് യുഡിഫും കോണ്‍ഗ്രസും കണക്കുകൂട്ടിയതെങ്കില്‍ പോളിങ് നന്നേ കുറയുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ഇത്  യു.ഡി.എഫിനെ ആശങ്കയിലുമാക്കിയിരുന്നു. പക്ഷേ, ഈ ആശങ്കകളെയെല്ലാം അസ്ഥാനത്താക്കുന്നതായി പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് ഫലം.404619 ആണ് പ്രിയങ്കയുടെ ഭൂരിപക്ഷം. ഇതോടെ രാഹുലിന്റെ 2024 ലെ ഭൂരിപക്ഷത്തെപ്പോലും മറികടക്കുകയും ചെയ്തു.


 

Content Highlights: ...