'ചാവേറായിപ്പോയി, തൃശ്ശൂരിലേക്ക് പഠിച്ചശേഷം മാറിയാൽമതിയായിരുന്നു; 2026-ൽ മത്സരിച്ചാൽ വട്ടിയൂർക്കാവിൽ'

#പി.മുരളീധരന്‍
കെ. മുരളീധരന്‍ | Photo: Mathrubhumi
കെ. മുരളീധരന്‍ | Photo: Mathrubhumi

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഡി.സി.സി. മുന്നോട്ടുവെച്ചിരുന്ന പേര് കെ. മുരളീധരന്റേത് ആയിരുന്നു എന്ന വാര്‍ത്തകള്‍ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ഇത് തെളിയിക്കുന്ന കത്തും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലഭിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിനും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ പ്രചാരണത്തിന് വാള്‍പോസ്റ്ററുകള്‍ തയ്യാറാക്കിയ ശേഷമായിരുന്നു പാര്‍ട്ടി തീരുമാനപ്രകാരം അദ്ദേഹത്തിന് തൃശ്ശൂരിലേക്ക് മാറേണ്ടിവന്നത്. തൃശ്ശൂരിലെ പൊടുന്നനെയുള്ള സ്ഥാനാര്‍ഥിത്വത്തെ കുറിച്ചും പാലക്കാട്ടെ മാറ്റത്തെ കുറിച്ചും കെ. മുരളീധരന്‍ സംസാരിക്കുന്നു. 


? ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായി പാലക്കാട് ഡി.സി.സി. അങ്ങയുടെ പേര് ശുപാര്‍ശ ചെയ്തത് താങ്കളോടു സംസാരിച്ച ശേഷമായിരുന്നോ

എന്റെ പേര് നിര്‍ദ്ദേശിക്കുന്നുണ്ടെന്ന് പാലക്കാട് ഡി.സി.സി പറഞ്ഞിരുന്നു. അതു വേണ്ട എന്നും മത്സരിക്കാനുള്ള താല്‍പര്യം എനിക്കില്ല എന്നും ഞാന്‍ പറഞ്ഞു. പക്ഷേ, അങ്ങനെയല്ല, വിജയിക്കാന്‍ നല്ല സാധ്യതയുണ്ട്. അതുകൊണ്ട് ഞങ്ങള്‍ പേര് ശുപാര്‍ശ ചെയ്യുകയാണ് എന്ന് അവര്‍ പറഞ്ഞു. ഒടുവില്‍ ഞാന്‍ അതില്‍ ഇടപെടുന്നില്ല, നിങ്ങള്‍ എങ്ങനെ എന്നുവെച്ചാല്‍ പ്രൊസീഡ് ചെയ്തോളാന്‍ പറഞ്ഞു. പിന്നീട് കത്തയച്ചിട്ട് അതിന്റെ കോപ്പി എനിക്ക് വാട്സാപ്പില്‍ തന്നു സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച ഉടനെ ആ കത്തിന്റെ കോപ്പി ഞാന്‍ എന്റെ വാട്സാപ്പില്‍ നിന്നും ഡിലീറ്റ് ചെയ്തു, ഒരുതരത്തിലും വാര്‍ത്ത പുറത്തു പോകാതിരിക്കാനായി. കത്ത് എനിക്കും അയച്ച വിവരം ഞാന്‍ ആരോടും പറഞ്ഞിട്ടുമില്ല.

? വടകരയിലെ സിറ്റിങ് എം.പിയായിരുന്ന താങ്കളെ അവിടെനിന്ന് തൃശ്ശൂരിലേക്ക് മാറ്റിയത് താങ്കളോട് ചോദിച്ചിട്ടായിരുന്നോ? താങ്കളുടെ പൂര്‍ണസമ്മതത്തോടെയാണോ തൃശ്ശൂരിലേക്ക് വന്നത്

ഒരിക്കലുമല്ല. ഞാന്‍ വടകരയില്‍ വര്‍ക്ക് തുടങ്ങിയതാണ്. വാള്‍ പോസ്റ്റര്‍ അടിച്ചിരുന്നു, അവ ഒട്ടിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആ സമയത്താണ് തൃശ്ശൂരാണ്, ഇങ്ങനെ ചില കാര്യങ്ങളുണ്ട്, ഒരു ബാലന്‍സിങ് വേണം എന്ന് എന്നോട് പറഞ്ഞത്. വടകര തന്നെയായിരുന്നു എനിക്ക് താല്‍പര്യം. ഞാന്‍ അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചതല്ലേ, അവിടെ ജയിക്കും എന്ന് നല്ല ഉറപ്പുണ്ടായിരുന്നു.

? അവസാനനിമിഷത്തെ മാറ്റം താങ്കള്‍ക്ക് പ്രശ്നമായോ

അതെ

? ഷാഫി പറമ്പിലിന്റെ സ്ഥാനാര്‍ഥിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു

കെ.പി.സി.സി പ്രസിഡന്റ്  പറഞ്ഞാല്‍ അത് ശരിയായിരിക്കും. എനിക്ക് ഇതിനെ കുറിച്ച് അറിയില്ല. കെ.പി.സി.സി. പ്രസിഡന്റ് അങ്ങനെ പറഞ്ഞ സ്ഥിതിക്ക് അതില്‍ വാസ്തവം ഉണ്ടാകും. ശരിയല്ലാത്ത കാര്യങ്ങള്‍ ഒന്നും അദ്ദേഹം പറയില്ലല്ലോ.

? പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റും പറയുന്ന കാര്യങ്ങള്‍ പൊരുത്തപ്പെടാതെ വരുന്നു

പാര്‍ട്ടിയുടെ അവസാനവാക്ക് കെ.പി.സി.സി. പ്രസിഡന്റ് ആണ്. പാര്‍ട്ടി നേതാക്കളുമായി ആലോചിച്ച് അദ്ദേഹം ഒരു തീരുമാനം എടുത്താല്‍ അത് അന്തിമമാണ്.

? 2004-ല്‍ താങ്കള്‍ വി.ബാലറാമിനെ രാജിവെപ്പിച്ച് വടക്കാഞ്ചേരിയില്‍ മത്സരിച്ചു. ബാലറാമിനെ കോഴിക്കോട്ടുനിന്നും ലോക്സഭയിലേക്ക് മത്സരിപ്പിച്ചു. അങ്ങനെയുള്ള ഒരാള്‍ക്ക് നോമിനി രാഷ്ട്രീയത്തെ കുറ്റപ്പെടുത്താനാവുമോ?  

എങ്ങനെ എങ്ങനെ? ഞാന്‍ ആരുടെയും നോമിനിയായി വന്നതല്ല, ഞാന്‍ പാര്‍ട്ടി നോമിനി ആയി വന്നതാണ്. ഞാന്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് മാറിയപ്പോള്‍ പകരം വേറെ ആരുടെ പേരും പറഞ്ഞില്ല. തീരുമാനം പാര്‍ട്ടിക്ക് വിട്ടുകൊടുക്കുകയാണ് ചെയ്തത്. വടകരയില്‍ നിന്നും മാറിയപ്പോഴും പകരം ആര് എന്നതിന് ഒരു പേരും ഞാന്‍ പറഞ്ഞില്ല.

Photo: Mathrubhumi 

? വിഷമം പിടിച്ച സീറ്റുകളില്‍ കോണ്‍ഗ്രസ് താങ്കളെ ഒരു ചാവേറായിട്ട് ഉപയോഗിക്കുകയാണ് എന്ന തോന്നല്‍ ഉണ്ടോ

പാര്‍ട്ടി പറയുന്നത് ഞാന്‍ അനുസരിച്ചു, അത്രയേ ഉള്ളൂ.

? അതില്‍ ഒരു വിഷമവുമില്ല എന്നാണോ
 
ചാവേറായിപ്പോയി. തൃശ്ശൂരില്‍ വസ്തുതകള്‍ പഠിച്ചിട്ടു മാറിയാല്‍ മതിയായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. പക്ഷേ സംഭവം കൈവിട്ട് പോയല്ലോ.

? അവസരം കിട്ടിയാല്‍ വട്ടിയൂര്‍ക്കാവില്‍ മാത്രമേ മത്സരിക്കൂ എന്ന് പറഞ്ഞത് അതുകൊണ്ടാണോ

ആരോഗ്യം അനുവദിച്ചാല്‍ 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാത്രമേ മത്സരിക്കാന്‍ താല്‍പര്യമുള്ളൂ. നിയമസഭയില്‍ മത്സരിക്കാന്‍ അവസരം കിട്ടുകയാണെങ്കില്‍ അത് വട്ടിയൂര്‍ക്കാവില്‍ ആയിരിക്കും.

? പൂരം കാര്യമായി കലങ്ങിയില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത്

അതാണ് ഞങ്ങള്‍ തുടക്കം മുതല്‍ തന്നെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നു പറയുന്നത്. പൂരം കലക്കിയെന്ന് മുഖ്യമന്ത്രി നിയമസഭയ്ക്ക് അകത്തു പറഞ്ഞു, പുറത്തു മാറ്റി പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണത്തില്‍ കുറഞ്ഞ ഒരു അന്വേഷണവും സത്യം പുറത്തുകൊണ്ടുവരാന്‍ സഹായിക്കില്ല.

? പൂരം കലക്കല്‍ വിവാദവും പാലക്കാട്ടെ കത്ത് വിവാദങ്ങളും ഏതെങ്കിലും തരത്തില്‍ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുമോ

യു.ഡി.എഫിന് ഇതുകൊണ്ട് ഒരു ക്ഷീണവും ഉണ്ടാകില്ല.

? പാലക്കാട് ഡി.സി.സിയിലെ ഉരുള്‍പൊട്ടലിനെ പറ്റി എന്താണ് വിചാരിക്കുന്നത്

പാര്‍ട്ടി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും. പാര്‍ട്ടി ജയിക്കണമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. നിയോജകമണ്ഡലം യു.ഡി.എഫിന് വളരെ അനുകൂലവുമാണ്. അതുകൊണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്തായാലും വിജയിക്കും,  അതുറപ്പാണ്.

? ഉപതിരഞ്ഞെടുപ്പുകള്‍ മൂന്നില്‍ മൂന്നും യു.ഡി.എഫ് ജയിക്കും എന്ന് പ്രതിപക്ഷനേതാവ് പറയുന്നു

വയനാട്ടിലെ ഭൂരിപക്ഷം വര്‍ധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പാലക്കാട് ഞങ്ങള്‍ നല്ല വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും. ചേലക്കര കുറച്ചുകാലമായി ഞങ്ങളുടെ കയ്യിലല്ല. അത് പിടിച്ചെടുക്കാന്‍ പരമാവധി ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്.

Photo: Mathrubhumi 

? ചാരക്കേസില്‍ കുടുങ്ങി ഏറെ മനഃപ്രയാസം അനുഭവിച്ച ആളാണ് താങ്കളുടെ പിതാവ് കെ. കരുണാകരന്‍. അദ്ദേഹത്തെ ആ കേസില്‍ കുടുക്കാന്‍ ശ്രമിച്ചവരെ കുറിച്ച് എന്തുകൊണ്ടാണ് ഒന്നും മിണ്ടാത്തത്

ഏതായാലും കെ. കരുണാകരന്‍ ഇനി തിരിച്ചു വരില്ല. കേസില്‍ ആരോപണം നേരിട്ടവരില്‍ നീതി കിട്ടാത്ത ഒരേയൊരാള്‍ താനാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. കേസിനെ തുടര്‍ന്ന് നഷ്ടപ്പെട്ടതൊന്നും അദ്ദേഹത്തിന് മരണം വരെ തിരിച്ചു കിട്ടിയില്ല. അതുമാത്രമേ ഞാനും പറയുന്നുള്ളൂ.

? കെ. മുരളീധരന്റെ രാഷ്ട്രീയഭാവിയെ തുരങ്കം വയ്ക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നതായി പറയുന്നുണ്ടല്ലോ

എന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായി, ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. സീറ്റ് മാറ്റുന്ന നേരത്ത് വസ്തുതകള്‍ പഠിക്കാതെ എടുത്ത് ചാടിയതു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

? അത് തൃശ്ശൂരിന്റെ കാര്യം. കോണ്‍ഗ്രസ് നേതാവ് എന്ന നിലയ്ക്ക് അങ്ങയുടെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നവരുണ്ടോ

അതിനെക്കുറിച്ച് ഒന്നും അഭിപ്രായം പറയുന്നില്ല. എല്ലാം കാലം തെളിയിക്കേണ്ടതാണ്.

Content Highlights: k muraleedharan on palakkad byelection vadakara candidature interview