പെട്ടിവിവാദം മുൻപും, അന്ന് പെട്ടത് കെ. കരുണാകരന്‍; ആയുധമാക്കിയത് സ്വന്തംപാര്‍ട്ടിക്കാര്‍

കരുണാകരന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ | Photo: Mathrubhumi
കരുണാകരന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ | Photo: Mathrubhumi

കോഴിക്കോട്: പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആളിക്കത്തുകയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട പെട്ടി വിവാദം. നീലപ്പെട്ടിയില്‍ പണം കടത്തിയെന്ന ആരോപണം ആദ്യം എല്‍.ഡി.എഫും ബി.ജെ.പിയും രാഹുലിനെതിരേ രാഷ്ട്രീയ ആയുധമാക്കിയെങ്കിലും ഇത് തിരിഞ്ഞുകൊത്താന്‍ തുടങ്ങിയതോടെ ആരോപണമുന്നയിച്ചവര്‍തന്നെ പെട്ടിയില്‍ നിന്ന് പുറത്തുകടക്കാൻ പാടുപെടുകയാണ്. ബിജെപി വിവാദത്തില്‍നിന്ന് പതിയെ പിന്‍വാങ്ങുകയും സി.പി.എം ഒറ്റപ്പെടുകയും ചെയ്തു.

സി.പി.എമ്മിനുള്ളില്‍ നിന്നുതന്നെ വിഷയത്തിൽ വിരുദ്ധാഭിപ്രായം ഉയര്‍ന്നതോടെ തടിയൂരാൻ ശ്രമിച്ചിട്ടും സാധിക്കാത്ത നിലയിലാണ് പാർട്ടി. ഒടുവില്‍ തിരഞ്ഞെടുപ്പിലുടനീളം ഇത് ചര്‍ച്ചയാവുകതന്നെ ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പാര്‍ട്ടിനിലപാട് വ്യക്തമാക്കിയതോടെ വിവാദം അത്ര പെട്ടെന്ന് കെട്ടടങ്ങില്ലെന്നാണ് സൂചന. ഇതോടെയാണ് പഴയ ഒരു പെട്ടിക്കഥയിലേക്ക് കേരളം രാഷ്ട്രീയം തിരിഞ്ഞുനോക്കുന്നത്.

ഇന്ന് പെട്ടിവിവാദം ഉയർത്തിയത് സിപിഎം ആണെങ്കിൽ അന്ന് സ്വന്തം നേതാവ്, സാക്ഷാല്‍ കരുണാകരനെതിരേ കോൺഗ്രസുകാർ തന്നെയായിരുന്നു പെട്ടിവിഷയം ഉയര്‍ത്തിക്കൊണ്ടുവന്നത്. എന്നാൽ ഇത് വൈകാതെ സ്വയം കെട്ടടങ്ങുകയും ചെയ്തു. കരുണാകരനെ എന്നും വിഷമിപ്പിച്ച ആ പെട്ടിക്കഥ എന്താണെന്ന് നോക്കാം.  

കെ.കരുണാകരന്‍ | Photo :PG Unnikrishnan\ Mathrubhumi

1992 ജൂണ്‍ മൂന്നിന് പുലര്‍ച്ചെ കരുണാകരന്‍ സഞ്ചരിച്ച സ്റ്റാന്‍ഡേര്‍ഡ് 2000 കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടത്തില്‍പെട്ടു. കരുണാകരനു തലയ്ക്കായിരുന്നു പരിക്ക്. എന്നാല്‍, കാറപകടം വലിയ രാഷ്ട്രീയ വിവാദമായി. അപകടം നടന്നയുടന്‍ കാര്‍ സംഭവ സ്ഥലത്തുനിന്ന് നീക്കംചെയ്തതാണ് വിവാദത്തിനു തിരികൊളുത്തിയത്. 

കാറില്‍ മൂന്നു പെട്ടികളുണ്ടായിരുന്നെന്നും അതുകൊണ്ടാണ് കാര്‍ ധൃതിവച്ചു മാറ്റിയതെന്നുമായിരുന്നു ആരോപണം. പെട്ടിക്കുള്ളില്‍ പണമാണെന്നെല്ലാമുള്ള ആക്ഷേപമുയര്‍ന്നു. ആരോപണങ്ങള്‍ കരുണാകരന്‍ നിഷേധിച്ചെങ്കിലും കരുണാകരനെതിരെ ഇക്കാര്യം ആയുധമാക്കിയത് പ്രതിപക്ഷമായിരുന്നില്ല. പാര്‍ട്ടിയിലെ തന്നെ എതിര്‍ഗ്രൂപ്പുകാരായിരുന്നു.

പരിക്കേറ്റ കരുണാകരന്‍ ചികിത്സയ്ക്കായി ആദ്യം ഡല്‍ഹിക്കും പിന്നീട് അമേരിക്കയ്ക്കും പോയി. അപ്പോഴും വിവാദങ്ങള്‍ കെട്ടടങ്ങിയിരുന്നില്ല. അന്നത്തെ പല മാധ്യമങ്ങളും ഇത് വലിയ വാര്‍ത്തയാക്കി. പെട്ടിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യമുയർന്നു. എന്നാൽ, ഇതിനേക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്ന് അന്ന് നിലപാടെടുത്തത് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി വി.എസ് അച്യുതാനന്ദനായിരുന്നുവെന്നതും ചരിത്രം.  

1991-ല്‍ മുഖ്യമന്ത്രിയായപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് 2000 ആയിരുന്നു കരുണാകരന്റെ കാര്‍. പിന്നീട് ഇത് മാറ്റി ബെന്‍സിലാക്കി യാത്ര. സ്റ്റാന്‍ഡേര്‍ഡില്‍നിന്ന് ബെന്‍സിലേക്കുള്ള കരുണാകരന്റെ മാറ്റം കേരളത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഗതി തിരിച്ചുവിട്ട മാറ്റംകൂടിയായിരുന്നു.

കരുണാകരന്‍ വിവാദത്തില്‍പ്പെട്ട കാലത്ത് സോഷ്യല്‍മീഡിയ ഉണ്ടായിരുന്നില്ല. വാര്‍ത്തകള്‍ വന്നതുപോലും വളരെക്കുറച്ച് പത്രങ്ങളില്‍ മാത്രമായിരുന്നു. എന്നിട്ടുപോലും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഈ വിവാദം ഇന്നും മുഴങ്ങി നില്‍ക്കുകതന്നെ ചെയ്യുന്നു.

നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പാലക്കാട്ടെ പോലീസ് മിന്നല്‍ റെയ്ഡ് നടത്തിയതില്‍ ഉണ്ടായ സംഘര്‍ഷം: ഫോട്ടോ: പി.പി രതീഷ് \ മാതൃഭൂമി

ഇതുകഴിഞ്ഞ് 32 വർഷങ്ങൾക്ക് ശേഷം മറ്റൊരു പെട്ടിവിവാദത്തിന് കേരള രാഷ്ട്രീയം സാക്ഷ്യംവഹിക്കുകയാണ്. വിവാദം സി.പി.എമ്മിനെ കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലേക്കെത്തിച്ചു. കൂടാതെ, വിഷയത്തില്‍ വിരുദ്ധ നിലപാട് സ്വീകരിച്ചത് പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങൾ മൂലമാണെന്ന കോൺഗ്രസിന്‍റെ പ്രചാരണവും തിരിച്ചടിയായി.

ചുരുക്കിപ്പറഞ്ഞാല്‍, കോൺഗ്രസിനെതിരേ കൊണ്ടുവന്ന വിഷയം സിപിഎമ്മിനുതന്നെ തിരിച്ചടിയാകുന്ന സാഹചര്യം. ഷേക്‌സ്പിയറിന്റെ ഹാംലറ്റില്‍ പറയുംപോലെ 'ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നു' എന്ന ധ്വനിയുണ്ടാക്കിയാണ് ഈ പെട്ടിവിവാദം തിരഞ്ഞെടുപ്പ് ഗോദയില്‍ കത്തിനില്‍ക്കുന്നത്.

Content Highlights: k karunakaran trolly controversy and palakkad trolly controversy