റെക്കോര്‍ഡ് ഭൂരിപക്ഷം; രാഹുലിനെ തുണച്ചത് ടീം വര്‍ക്കും സന്ദീപ് വാര്യര്‍ ഇഫക്ടും

പാലക്കാട്ടെ പ്രസ്റ്റീജ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വിജയം പ്രവചിച്ചവര്‍ ഏറെയുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ അദ്ദേഹത്തിന്റെ ജയത്തെക്കുറിച്ച് കാര്യമായ സംശയമൊന്നും ആര്‍ക്കും ഉണ്ടായിരുന്നുമില്ല. പക്ഷേ, പോളിങ് ശതമാനം ഏതാണ്ട് അഞ്ചു ശതമാനം കുറഞ്ഞു. അത് കോണ്‍ഗ്രസിനെ എങ്ങനെ ബാധിക്കും എന്നു ചര്‍ച്ചയായി. ഭൂരിപക്ഷം കുറയുമെന്നു കരുതിയവരെ ഞെട്ടിച്ച കണക്കുകളാണ് വോട്ടെണ്ണല്‍ ദിവസം സ്‌ക്രീനില്‍ തെളിഞ്ഞത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെക്കാള്‍ 18,715 വോട്ട് കൂടുതല്‍. 2021-ല്‍ 3,859 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഷാഫി പറമ്പില്‍ ജയിച്ചത്. 2016-ല്‍ ഷാഫിക്ക് കിട്ടിയ 17,483 വോട്ടിന്റെ റെക്കോഡ് മറികടന്ന തിളക്കമാര്‍ന്ന വിജയം രാഹുലിന്.
ടെലിവിഷന്‍ ചര്‍ച്ചകളില്‍ മൂര്‍ച്ചയുള്ള വാദമുഖങ്ങളുമായി കോണ്‍ഗ്രസിനെ പ്രതിരോധിച്ചു താരമായ ഈ പത്തനംതിട്ടക്കാരന്‍ പെട്ടെന്നാണ് യുവനേതാക്കള്‍ക്കിടയില്‍ താരമായി മാറിയത്. ആ താരപ്പകിട്ടു മാത്രമല്ല മിന്നുന്ന ജയം കൈവരിക്കാന്‍ രാഹുലിനെ സഹായിച്ചത്. വടകരയില്‍ ജയിച്ച് പാര്‍ലമെന്റംഗമായതോടെ പാലക്കാട് സീറ്റ് ഒഴിഞ്ഞ ഷാഫി പറമ്പിലിന്റെ ശക്തവും നിര്‍ലോഭവുമായ പിന്തുണ ആദ്യന്തം അദ്ദേഹത്തിനു കിട്ടി. സതീശന്‍ പറഞ്ഞതുപോലെ, ഒന്നാന്തരം ടീം വര്‍ക്ക്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ സി.പി.എമ്മും ബി.ജെ.പിയും ഷാഫിയെ ടാര്‍ഗറ്റ് ചെയ്യുകയും ചെയ്തു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ ജില്ലാ കോണ്‍ഗ്രസിലെ ഒരു വിഭാഗവും എതിര്‍പ്പ് പരസ്യമാക്കിയിരുന്നു. നാട്ടുകാരെ ഒഴിവാക്കി പുറത്തു നിന്നയാളെ സ്ഥാനാര്‍ത്ഥിയാക്കിയത് ഷാഫിയാണെന്നാരോപിച്ച് ഡോ.പി.സരിന്‍ പാര്‍ട്ടി വിട്ടു, പിറ്റേന്ന് ഇടതുമുന്നണിയില്‍ ചേര്‍ന്നു. ജയിച്ചത് രാഹുല്‍ ആണെങ്കിലും ഷാഫിയുമുണ്ടായിരുന്നു മത്സരത്തില്‍ എന്നര്‍ത്ഥം.
Content Highlights: Rahul Mamkootathil palakkad byelection result