ചേലക്കരയുടെ ചങ്കിൽ ചെങ്കൊടി തന്നെ; അരൂർ പരീക്ഷണം പാളി രമ്യ, വലിയ മുന്നേറ്റവുമായി ബി.ജെ.പി

ചെഞ്ചായമണിഞ്ഞ് വീണ്ടും ചേലോടെ നില്‍ക്കുകയാണ് ചേലക്കര. അതും തുടര്‍ച്ചയായ ഏഴാം തവണ. ഇത് കെ.രാധാകൃഷ്ണന്റേതു മാത്രമല്ല സി.പി. എമ്മിന്റെ തന്നെ ഉരുക്കുകോട്ടയാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായി ഉപതിരഞ്ഞെടുപ്പ്ഫലം. സർക്കാർ വിരുദ്ധവികാരത്തിന്റെ ഓളത്തിൽ അട്ടിമറി മോഹിച്ച കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടി കൂടിയായി തിരഞ്ഞെടുപ്പ്ഫലം. ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിനേക്കാൾ കുറയ്ക്കാനായി എന്നത് മാത്രമാണ് യുഡിഎഫിന് ആശ്വാസം. പാലക്കാട്ടെയും വയനാട്ടിലെയും പരാജയങ്ങള്‍ക്കിടയില്‍ ചേലക്കര നിലനിര്‍ത്താനായത് എല്‍.ഡി.എഫിനും സര്‍ക്കാരിനും വലിയ ആശ്വാസമാണ്. രണ്ട് വര്‍ഷം അകലെ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ എല്‍.ഡി.എഫിന്റെ ആത്മവിശ്വാസം കൂട്ടുന്നതാണ് ഉപതിരഞ്ഞെടുപ്പ് ജയം. ലോക്സഭാ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയുടെ ക്ഷീണവും മാറ്റുകയും ചെയ്തു ഇതോടെ ഇടതുപക്ഷം.
12122 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ യു.ആര്‍ പ്രദീപ് മണ്ഡലം നിലനിര്‍ത്തിയത്. പ്രദീപിന് 64827 വോട്ടും രമ്യ ഹരിദാസിന് 52626 വോട്ടുമാണ് ലഭിച്ചത്. എതിര്‍സ്ഥാനാര്‍ഥിയായ രമ്യയ്ക്കെതിരേ വോട്ടെണ്ണലിന്റെ ഓരോ റൗണ്ടുകളിലും വന്‍ മുന്നേറ്റമാണ് പ്രദീപ് കാഴ്ചവെച്ചത്. ഒരു ഘട്ടത്തിലും ആ കുതിപ്പ് തടയാന്‍ രമ്യയ്ക്കായില്ല. കോണ്‍ഗ്രസ് ക്യാമ്പ് മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന മേഖലകളില്‍പ്പോലും പ്രദീപിന്റെ തേരോട്ടമായിരുന്നു. തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ജയം നല്‍കിയ ആത്മവിശ്വാസത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി മൂന്നാം സ്ഥാനത്ത് തന്നെയാണെങ്കിലും പ്രകടനം മെച്ചപ്പെടുത്താൻ കഴിഞ്ഞത് ആശ്വാസമായി. എന്നാല്‍, പി.വി.അന്‍വറിന്റെ ഡി.എം.കെ പിന്തുണയ്ക്കുന്ന സ്വതന്ത്രസ്ഥാനാര്‍ഥിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ എന്‍.കെ.സുധീറിന്റെ പ്രകടനം ദയനീയമായിരുന്നു. 3920 വോട്ട് മാത്രമാണ് സുധീറിന് നേടാനായത്.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ കൃത്യമായി ലീഡ് നിലനിര്‍ത്തിയാണ് യു.ആർ പ്രദീപ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ആദ്യറൗണ്ടില്‍ 1890 വോട്ടുകളുടെ ലീഡ് സ്വന്തമാക്കിയ പ്രദീപ് പിന്നീടങ്ങോട്ട് എണ്ണിയ ഓരോ റൗണ്ടിലും ലീഡുയര്‍ത്തി. ഒരു ഘട്ടത്തില്‍പ്പോലും യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് ലീഡ് പിടിക്കാനായില്ല. മണ്ഡലം ഇടതുപക്ഷത്ത് തന്നെ ഉറച്ചുനിൽക്കുന്നതിന്റെ സൂചനകൾ തുടക്കംമുതൽ തന്നെ പുറത്തുവന്നു.
വരവൂര്‍, ദേശമംഗലം, വള്ളത്തോള്‍നഗര്‍, പാഞ്ഞാള്‍ പഞ്ചായത്തുകളിലാണ് ആദ്യ റൗണ്ടുകളില്‍ വോട്ടെണ്ണിയത്. എല്‍.ഡി.എഫിന് ശക്തമായ സ്വാധീനമുള്ള മേഖലകളായതിനാല്‍ എല്‍.ഡി.എഫിന്റെ ലീഡ് പരമാവധി കുറയ്ക്കാനാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിച്ചത്. എന്നാല്‍, പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ യു.ഡി.എഫിന് സാധിച്ചില്ല. എല്ലാ മേഖലകളിലും ഇടതുക്യാമ്പ് പ്രതീക്ഷിച്ചതുപോലെ യു.ആര്‍ പ്രദീപ് വോട്ടുകള്‍ സമാഹരിച്ചു. മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 5834 വോട്ടുകളുടെ ലീഡാണ് യു.ആര്‍ പ്രദീപ് സ്വന്തമാക്കിയത്. നാലാം റൗണ്ടില്‍ അത് 7598 ആയി ഉയര്‍ത്തുകയും ചെയ്തു. അഞ്ചാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ ലീഡ് 8577 ആയി. അതോടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന യു.ഡി.എഫ് മോഹങ്ങൾക്ക് മങ്ങലേറ്റുതുടങ്ങി.
അവസാനറൗണ്ടുകളിൽ വോട്ടെണ്ണുന്ന മേഖലകളില്‍ ലീഡ് തിരിച്ചുപിടിക്കുകയെന്നത് യു.ഡി.എഫിനെ സംബന്ധിച്ച് പ്രയാസവുമായി. പഴയന്നൂര്‍, മുള്ളൂര്‍ക്കര, തിരുവില്വാമല, ചേലക്കര, കൊണ്ടാഴി പഞ്ചായത്തുകളില്‍ വന്‍ ലീഡ് സ്വന്തമാക്കിയാല്‍ മാത്രമേ രമ്യയ്ക്ക് തിരിച്ചുവരവ് സാധ്യമാകുമായിരുന്നുള്ളൂ. എന്നാൽ, അവിടെയും പ്രദീപ് കുതിച്ചു. 2024-ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസിന് ലീഡ് സമ്മാനിച്ച പഞ്ചായത്തുകളായിരുന്നു പഴയന്നൂര്‍, മുള്ളൂര്‍ക്കര, ചേലക്കര എന്നിവ. ഈ മേഖലകളിൽ പ്രദീപ് ആദ്യ ഘട്ടത്തിലുണ്ടാക്കിയ ലീഡ് മറികടക്കാൻ രമ്യയ്ക്ക് സാധിച്ചില്ല. പത്താം റൗണ്ടിലെത്തിയപ്പോള്‍ എല്‍.ഡി.എഫിന്റെ ലീഡ് പതിനൊന്നായിരം കടന്നു. മുഴുവൻ റൗണ്ടുകൾ കഴിഞ്ഞപ്പോൾ ഭൂരിപക്ഷം പന്ത്രണ്ടായിരവും കടന്നു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണന്‍ ചേലക്കരയില്‍ നടത്തിവന്ന വികസനപ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രധാനമായും എല്‍.ഡി.എഫിന്റെ പ്രചാരണം. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രചരണത്തെ നയിച്ചു. സംസ്ഥാന സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നടത്തുന്ന ഇടപെടലുകള്‍ ഉയര്‍ത്തിക്കാട്ടുന്നതോടൊപ്പം കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനങ്ങളും എല്‍.ഡി.എഫ് ഉന്നയിച്ചു. അത് ഇടതുക്യാമ്പ് പ്രതീക്ഷിച്ചപോലെ തന്നെ അനുകൂലവോട്ടായി മാറി. ചരിത്രത്തില്‍ ഇതുവരെയില്ലാത്ത തരത്തിലുള്ള മുന്നൊരുക്കങ്ങളാണ് നടത്തിയതെന്നും പരമാവധി വോട്ടര്‍മാരെ ബൂത്തുകളിലെത്തിച്ച് ജയം ഉറപ്പാക്കാനാകുമെന്നും കണക്കുകൂട്ടിയ യു.ഡി.എഫിന് പക്ഷേ, അടിതെറ്റി. ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന കണക്കുകൂട്ടലില്‍ അത് പരമാവധി അനുകൂലമാക്കിയെടുക്കാനായിരുന്നു യു.ഡി.എഫ് ശ്രമം. എന്നാല്‍ അതൊന്നും വിലപ്പോയില്ല. അനുകൂലസാഹചര്യമെന്ന് വിലയിരുത്തിയിട്ടും അത് മുതലാക്കാനാവാത്തത് നേതൃത്വത്തേയും അങ്കലാപ്പിലാക്കിയിട്ടുണ്ട്.
വികസനപ്രശ്‌നങ്ങള്‍ക്കൊപ്പം തന്നെ വിവാദങ്ങളും ഉപതിരഞ്ഞെടുപ്പില്‍ കത്തിനിന്നിരുന്നു. അന്തിമഹാകാളന്‍ കാവ് വേലയുടെ വെടിക്കെട്ട് മുടങ്ങിയതും തൃശ്ശൂര്‍ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട വിഷയങ്ങളും തിരഞ്ഞെടുപ്പിലെ പ്രധാനചര്‍ച്ചാവിഷയങ്ങളായിരുന്നു. തൃശ്ശൂര്‍ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൃത്യമായ നിലപാടെടുത്തിട്ടുണ്ടെന്ന് പറഞ്ഞ് അത് വിശദീകരിച്ചുമുന്നോട്ടുപോയി. ഇത് ജനം കേട്ടു എന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ്ഫലം. വിവാദവിഷയങ്ങള്‍ക്ക് ഇടതുപക്ഷത്തിനെതിരായ ഒരു വികാരം മണ്ഡലത്തില്‍ ഉണ്ടാക്കാനായില്ലെന്നുവേണം മനസിലാക്കാന്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണവും തുടര്‍ന്ന് സി.പി.എം നേതാവ് പി.പി ദിവ്യ അറസ്റ്റിലായതുമെല്ലാം ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കുമോയെന്ന ആശങ്ക എല്‍.ഡി.എഫിനുണ്ടായിരുന്നു. എന്നാല്‍ അത് ചേലക്കര മണ്ഡലത്തില്‍ ഇടതുമുന്നണിയെ വെട്ടിലാക്കുന്ന തരത്തില്‍ പ്രതിഫലിച്ചില്ല.
മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്ന കെ.രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് പോയ ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ആലത്തൂരില്‍ രാധകൃഷ്ണനോട് പരാജയപ്പെട്ട മുന്‍ എം.പി കൂടിയായ രമ്യ ഹരിദാസിനെ യു.ഡി.എഫ് ഗോദയിലിറക്കിയത് ചേലക്കര തിരിച്ചുപിടിക്കാനുറച്ചാണ്. 2019-ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചേലക്കരയിലെ ഇടതുകോട്ടകളെ വിറപ്പിച്ച ചരിത്രം രമ്യയ്ക്ക് ആവര്‍ത്തിക്കാനാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ 2021-നിയമസഭാ തിരഞ്ഞെടുപ്പിലും 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ ശക്തമായി തിരിച്ചുവന്ന എല്‍.ഡി.എഫ് ഉപതിരഞ്ഞെടുപ്പിലും അതാവര്‍ത്തിക്കുന്നതാണ് കണ്ടത്. മണ്ഡലം ഇടതിന് കൈകൊടുത്തു.
കേരളമൊന്നടങ്കം ആഞ്ഞടിച്ച 2019-ലെ യു.ഡി.എഫ് തരംഗത്തിലാണ് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം വലത്തോട്ടു ചാഞ്ഞത്. നിയമസഭാ മണ്ഡലത്തിലെ കണക്കെടുത്താല്‍ അന്ന് ചുവപ്പുകോട്ടയായ ചേലക്കരയും കോണ്‍ഗ്രസിനൊപ്പം നിന്നു. അന്ന് രമ്യ ഹരിദാസ് അക്ഷരാര്‍ഥത്തില്‍ സി.പി.എമ്മിനെ ഞെട്ടിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അത്ര പരിചയമൊന്നുമില്ലെങ്കിലും രമ്യ പാട്ടുംപാടി ഇടതുകോട്ടകളെ വീഴ്ത്തി. ഒന്നരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അന്ന് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് രമ്യ ഹരിദാസ് എം.പിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന ഏഴ് നിയമസഭാ മണ്ഡലത്തിലും ലീഡെടുത്താണ് അവര്‍ മുന്നേറിയത്. 23,695 വോട്ടുകളുടെ ലീഡാണ് ചേലക്കരയില്‍ നിന്ന് രമ്യ ഹരിദാസ് സ്വന്തമാക്കിയത്. യു.ആര്‍ പ്രദീപ് 2016-നിയമസഭാ തിരഞ്ഞെടുപ്പില്‍ 10,200 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ സ്ഥാനത്താണ് രമ്യ ഇരുപത്തിമൂന്നായിരത്തില്‍പ്പരം ലീഡെടുക്കുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം രമ്യയ്ക്ക് ആ പ്രകടനം തുടരാനായില്ല. കോണ്‍ഗ്രസ് മണ്ഡലമെന്നതില്‍ നിന്ന് ഉറച്ച സി.പി.എം കോട്ടയായി ചേലക്കര നിലനിന്നു എന്നതിന്റെ നേര്‍സാക്ഷ്യം കൂടിയാണ് ഉപതിരഞ്ഞെടുപ്പ് ജയം.
മണ്ഡലരൂപീകരണത്തിന് ശേഷം ആദ്യമായി തിരഞ്ഞെടുപ്പ് നടക്കുന്നത് 1965 ലാണ്. പിന്നീട് 1996 വരെ നടന്ന എട്ട് തിരഞ്ഞെടുപ്പുകളില്‍ ആറിലും വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായിരുന്നു. 1967, 1982 വര്‍ഷങ്ങളില്‍ മാത്രമാണ് സി.പി.എം സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടത്. അങ്ങനെ ഒരു കോണ്‍ഗ്രസ് മണ്ഡലമെന്ന നിലയിലേക്ക് ചേലക്കരയെ വിലയിരുത്തിയ രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കിടയിലേക്കാണ് 96-ല്‍ കെ.രാധാകൃഷ്ണന്‍ മത്സരിക്കാനെത്തുന്നത്. കന്നിയങ്കത്തില്‍ 2323 വോട്ടുകളുടെ ഭൂരിപക്ഷത്തിന് നിയമസഭാ സാമാജികനായി. 2001, 2006, 2011 വര്‍ഷങ്ങളിലും രാധാകൃഷ്ണന്‍ എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എമ്മിന്റെ ഉറച്ച മണ്ഡലം എന്നതിലുപരി രാധാകൃഷ്ണന്റെ കോട്ടയെന്ന് ചേലക്കര വിലയിരുത്തപ്പെട്ടു.
2016-ല്‍ രാധാകൃഷ്ണന്‍ മത്സരത്തില്‍ നിന്ന് പിന്‍മാറിയതിനാല്‍ പകരക്കാരനായി യു.ആര്‍ പ്രദീപാണ് സി.പി.എമ്മിനുവേണ്ടി കളത്തിലിറങ്ങിയത്. 10,200 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ കെ.എ തുളസിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് പ്രദീപ് അന്ന് സി.പിഎമ്മിനായി മണ്ഡലം നിലനിര്‍ത്തിയത്. 2021 ല്‍ വീണ്ടും രാധാകൃഷ്ണനെത്തി. കേരളമൊന്നടങ്കം ആഞ്ഞടിച്ച ഇടതുതരംഗത്തില്‍ 39,400 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ജയിച്ചുകയറിയത്. ഇക്കുറി ആ ഭൂരിപക്ഷം നേടാനായില്ലെങ്കിലും പ്രദീപിന്റെ രണ്ടാമൂഴത്തിലൂടെ മണ്ഡലം നിലനിര്‍ത്താന്‍ ഇടതുപക്ഷത്തിനായി.
ഇരുമുന്നണികള്‍ക്കും പുറമേ മണ്ഡലത്തില്‍ വോട്ടുവര്‍ധിപ്പാക്കാനായത് ബി.ജെ.പിക്കും നേട്ടമാണ്. മണ്ഡലചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ കെ.ബാലകൃഷ്ണനിലൂടെ ബി.ജെ.പി കാഴ്ചവെച്ചത്. 33609 വോട്ടാാണ് ഇക്കുറി ബി.ജെ.പി നേടിയത്. മണ്ഡലത്തിന്റെ ചരിത്രത്തിൽ പാർട്ടി നേടിയ ഏറ്റവും വലിയ വോട്ട്. 1987-മുതല്‍ ഓരോ തിരഞ്ഞെടുപ്പിലും ബി.ജെ.പി ഗണ്യമായി വോട്ട് വര്‍ധിപ്പിച്ചിട്ടുണ്ട്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് ശതമാനം മാത്രമായിരുന്നു പാര്‍ട്ടിയുടെ വോട്ടെങ്കില്‍ 2016-ല്‍ അത് പതിനഞ്ച് ശതമാനമായി ഉയര്‍ന്നു. അന്ന് ബി.ജെ.പിക്കായി മത്സരിച്ച ഷാജുമോന്‍ 23,845 വോട്ടുകള്‍ നേടി. ആ തിരഞ്ഞെടുപ്പില്‍ യു.ആര്‍ പ്രദീപ് വിജയിച്ചത് 10,200 വോട്ടുകള്‍ക്കാണ്. വോട്ടുവര്‍ധിപ്പിക്കുന്നതിനേക്കാള്‍ മണ്ഡലത്തിലെ ജയപരാജയങ്ങളെ നിര്‍ണയിക്കുന്ന തരത്തിലേക്ക് ബി.ജെ.പി വളര്‍ന്നുകഴിഞ്ഞു. 2021-ല്‍ ബി.ജെ.പിയിലെ ഷാജുമോന്‍ വട്ടേക്കാട് 24,045 വോട്ടുകളും നേടി. ഇപ്പോഴിതാ ഉപതിരഞ്ഞെടുപ്പില്‍ കെ ബാലകൃഷ്ണനിലൂടെ മികച്ച മുന്നേറ്റമാണ് ബി.ജെ.പി നടത്തിയത്. രണ്ടുവര്‍ഷത്തിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചുകയറാമെന്ന ബി.ജെ.പിയുടെ ആത്മവിശ്വാസത്തിന് ആക്കം കൂട്ടുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം.
Content Highlights: chelakkara byelection results ur pradeep won ldf