ഭൂരിപക്ഷത്തില്‍ LDF ആശങ്ക; പുതിയ വോട്ടില്‍ ജയം പ്രതീക്ഷിച്ച് UDF, 35,000 വോട്ട് കടക്കുമെന്ന് BJP

യു.ആര്‍ പ്രദീപ്, രമ്യ ഹരിദാസ്, കെ.ബാലകൃഷ്ണന്‍ | Photo:Mathrubhumi
യു.ആര്‍ പ്രദീപ്, രമ്യ ഹരിദാസ്, കെ.ബാലകൃഷ്ണന്‍ | Photo:Mathrubhumi

തൃശ്ശൂർ: ചേലക്കരയിലെ വിധിയെഴുത്തിനു പിറ്റേന്ന് പതിവുപോലെ മൂന്നു മുന്നണികളും അവലോകനവും ഏകദേശ കണക്കെടുപ്പും നടത്തി. ജയം എല്ലാ മുന്നണികളും ഉറപ്പാക്കിയെങ്കിലും വലിയ ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ഇതുവരെ കാണാത്ത രീതിയിലുള്ള ഇഞ്ചോടിഞ്ചുള്ള പോരാട്ടമാണ് ഇക്കുറി കണ്ടത്.

കഴിഞ്ഞ നിയമസഭാമത്സരത്തിലെ വലിയ ഭൂരിപക്ഷമാണ് എൽ.ഡി.എഫിന് ഇക്കുറിയും ജയം സുനിശ്ചിതമെന്ന ആത്മവിശ്വാസം നൽകുന്നത്. പാർട്ടി പ്രവർത്തകരിൽ ഏറെ സ്വീകാര്യനായ സ്ഥാനാർഥിയാണ് മറ്റൊരു ഘടകം. പ്രതിച്ഛായ ഒട്ടും കുറയാത്ത വ്യക്തി വീണ്ടും സ്ഥാനാർഥിയാകുമ്പോൾ വോട്ടുനിലയിലും ഭൂരിപക്ഷത്തിലും എന്തിനു ഭയക്കണമെന്നാണ് മുന്നണിയുടെ ചോദ്യം. ആത്മവിശ്വാസം വേണ്ടുവോളമുണ്ടെങ്കിലും ജാഗ്രത വേണമെന്നായിരുന്നു അവസാനഘട്ടത്തിലെ വിലയിരുത്തൽ. അതിനാലാണ് വൻ ഭൂരിപക്ഷം ഉണ്ടാകുമോയെന്ന കാര്യത്തിൽ അല്പം ആശങ്ക.

ഭരണവിരുദ്ധവികാരവും തിരഞ്ഞെടുപ്പുനാളുകളിൽ സി.പി.എമ്മും മുന്നണിയും നേരിട്ട ആരോപണങ്ങളും പ്രതിസന്ധികളും ഒട്ടുംതന്നെ ഉറച്ച വോട്ടുകളെ ബാധിക്കില്ലെന്നാണ് വിധിയെഴുത്തിനു പിറ്റേന്ന് നടത്തിയ അവലോകനത്തിൽ കണ്ടെത്തിയത്. കാലങ്ങളായി മുന്നണിക്കൊപ്പംനിന്ന മണ്ഡലത്തിൽ ചാഞ്ചാട്ടമുണ്ടാകില്ലെന്നും വിലയിരുത്തി.

തിരഞ്ഞെടുപ്പെന്നാണെന്നും സ്ഥാനാർഥിയാരാണെന്നും അറിയുന്നതിന് നാലുമാസം മുൻപേ നടത്തിയ പ്രചാരണ മുന്നൊരുക്കങ്ങൾ മാത്രം മതി വിജയം ഉറപ്പിക്കാനെന്നാണ് യു.ഡി.എഫ്. കേന്ദ്രങ്ങൾ പറയുന്നത്. തിരഞ്ഞെടുപ്പുകഴിഞ്ഞ്‌ നടത്തിയ അവലോകനത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി രമ്യാ ഹരിദാസ് നല്ല ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് വിലയിരുത്തിയത്. ഭരണവിരുദ്ധവികാരം അലയടിക്കുമെന്നും അതെല്ലാം യു.ഡി.എഫിന് അനുകൂലമാകുമെന്നുമാണ് കരുതുന്നത്. അതിലുപരിയായി മണ്ഡലത്തിൽ പുതുതായി ചേർത്ത വോട്ടുകൾ തങ്ങൾക്ക് അനുകൂലമാണെന്നും യു.ഡി.എഫ്. ഉറപ്പിക്കുന്നു.

ഉപതിരഞ്ഞെടുപ്പിനായി പുതുതായി വോട്ടർപ്പട്ടികയിലിടംപിടിച്ച 9,000 പേരിൽ 6,000 പേരെ ചേർത്തത് തങ്ങളാണെന്ന് യു.ഡി.എഫ്. അവകാശപ്പെടുന്നു. ബി.ജെ.പി.ക്ക് മുൻതൂക്കമുള്ള തിരുവില്വാമല പഞ്ചായത്തിലെ 1,055 പുതിയ വോട്ടർമാരിൽ 1,044 പേരെ ചേർത്തതും യു.ഡി.എഫ്. ആണെന്നും അവകാശപ്പെടുന്നുണ്ട്. പോളിങ്ദിവസം ബൂത്തിലേക്ക് ഒഴുകിയെത്തിയ സ്ത്രീസാന്നിധ്യം രമ്യയ്ക്കു മാത്രം അനുകൂലമാണെന്നാണ് വിലയിരുത്തൽ. സ്ത്രീവോട്ടർമാരെ രമ്യ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ലോക്‌സഭാമത്സരത്തിൽ ചേലക്കര നിയമസഭാമണ്ഡലത്തിലെ ഭൂരിപക്ഷം കുറയ്ക്കാനായത് ഇതിനുദാഹരണമാണെന്നും ചർച്ചചെയ്തു.

2021-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ചേലക്കരയിൽനിന്ന് എൽ.ഡി.എഫ്. സ്ഥാനാർഥി കെ. രാധാകൃഷ്ണൻ ജയിച്ചത് 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. എന്നാൽ, 2024-ലെ ലോക്‌സഭാമത്സരത്തിൽ ആലത്തൂരിൽനിന്ന് രാധാകൃഷ്ണൻ ജയിച്ചപ്പോൾ ചേലക്കര നിയമസഭാമണ്ഡലത്തിലെ ഭൂരിപക്ഷം 5,173 ആയിരുന്നു. ഇവിടെ അന്ന് രാധാകൃഷ്ണനെതിരേ മത്സരിച്ച രമ്യയാണ് ഇക്കുറി നിയമസഭയിലേക്ക് മത്സരിച്ചത്. മണ്ഡലത്തിലെ 5,173 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പകുതി നേടിയാൽ വിജയം സുനിശ്ചിതമാണെന്ന് യു.ഡി.എഫ്. കരുതുന്നു. അതിനായുള്ള എല്ലാ അനുകൂലഘടകങ്ങളും ഉണ്ടായിരുന്നെന്നാണ് ഉറപ്പിക്കുന്നത്.

എൻ.ഡി.എ. ചേലക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കുന്നത് തൃശ്ശൂരിൽ സുരേഷ് ഗോപി നേടിയ വിജയത്തെ ആധാരമാക്കിയാണ്. തൃശ്ശൂരിൽ കാഴ്ചവെച്ച അതേ രീതിയിലുള്ള പ്രവർത്തനമാണ് ചേലക്കരയിലും ഉണ്ടായിരുന്നത്. 2019-ൽ തൃശ്ശൂരിൽ 2,93,822 വോട്ടുനേടിയ സുരേഷ് ഗോപി 2024-ൽ 4,12,338 വോട്ട് നേടി. 1,18,516 വോട്ടാണ് മുൻ തിരഞ്ഞെടുപ്പിനെക്കാൾ കൂടിയത്. ഇതേ രീതിയിലുള്ള പ്രവർത്തനം ചേലക്കരയിൽ നടത്തിയെന്നും അതിനാൽ കെ. ബാലകൃഷ്ണന്റെ വിജയം ഉറപ്പാണെന്നും എൻ.ഡി.എ. വിലയിരുത്തി.സ്ത്രീകൾ ധാരാളമായി വോട്ടുചെയ്യാനെത്തിയത് തങ്ങൾക്ക് അനുകൂലമാണെന്നും എൻ.ഡി.എ. അവകാശപ്പെടുന്നുണ്ട്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 24,000 വോട്ട് പിടിച്ച ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 29,000 ത്തോളം വോട്ട് നേടി. ഉറച്ച 30,000 വോട്ടുകള്‍ മണ്ഡലത്തിലുണ്ടെന്നും ഇത്തവണ 35,000 വോട്ട് കടക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം

Content Highlights: chelakkara byelection 2024 ldf udf nda analysis