BJPയിൽ ഉറച്ചുനിൽക്കുന്നവർക്ക് തിരഞ്ഞെടുപ്പിൽ വിട്ടുനിൽക്കാനാകില്ല; സന്ദീപിന് മറുപടിയുമായി കൃഷ്ണകുമാർ

സന്ദീപ് വാര്യര്‍, കൃഷ്ണകുമാര്‍| Photo: Mathrubhumi
സന്ദീപ് വാര്യര്‍, കൃഷ്ണകുമാര്‍| Photo: Mathrubhumi

പാലക്കാട്: പാലക്കാട്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് പറഞ്ഞ സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി ബി.ജെ.പി. സ്ഥാനാര്‍ഥി സി. കൃഷണകുമാര്‍. സംഘടനയോട് ആത്മാര്‍ഥതയുള്ള, സംഘടനയില്‍ ഉറച്ചുനില്‍ക്കുന്ന ഒരാള്‍ക്കും തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പാലക്കാട്ട് പറഞ്ഞു. 

അമ്മ മരിച്ച സമയത്ത് വീട്ടില്‍ വരികയോ ഫോണില്‍ വിളിക്കുകയോ ചെയ്തില്ലെന്ന സന്ദീപ് വാര്യരുടെ ആരോപണത്തിനും കൃഷ്ണകുമാര്‍ മറുപടി നല്‍കി. സന്ദീപിന്റെ അമ്മ മരിച്ച സമയത്ത് താന്‍ സ്ഥലത്തുണ്ടായിരുന്നില്ല. സന്ദീപിനെ ഫോണില്‍ വിളിച്ചിരുന്നു. ഉത്തമബോധ്യമുണ്ട്, കൃഷ്ണകുമാര്‍ പറഞ്ഞു. അപമാനം നേരിട്ട പാലക്കാട്ടേക്ക് ഇല്ലെന്ന സന്ദീപിന്റെ നിലപാടിനേക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു ബി.ജെ.പി പ്രവര്‍ത്തകനും ഒരു അപമാനവും സഹിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മറുപടി. ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കൊപ്പം ബിജെപിയുടെ നേതാക്കളും സംസ്ഥാന നേതൃത്വവും ജില്ലാനേതൃത്വവും ഒക്കെയുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട സന്ദീപിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് കണ്ടിട്ടില്ല. അദ്ദേഹം തന്റെ സഹപ്രവര്‍ത്തകനാണ്. സന്ദീപിന് എന്തെങ്കിലും വിഷമങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തോട് സംസാരിച്ച് പരിഹാരം കാണും. ബൂത്ത് തലം മുതല്‍ പോസ്റ്റര്‍ ഒട്ടിച്ചു വളര്‍ന്നയാളാണ് താനെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. 

പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചും കൃഷ്ണകുമാറിനോടുള്ള അതൃപ്തി പരസ്യമാക്കിയും സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. 

Content Highlights: c krishnakumar reply to sandeep varier