നീലപ്പെട്ടിയിൽ എത്ര വോട്ട് കൊള്ളും, തർക്കം എത്ര വോട്ട് ചോർത്തും?

തൃശൂരിലെ 'പൂരം കലക്കി'യെന്ന ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ടു നല്‍കിയത് കേരളാ പോലീസിന്റെ ഡയറക്ടര്‍ ജനറല്‍ ഷേക്ക് ദര്‍വേഷ് സാഹിബാണ്. വീഴ്ചയുണ്ടായെന്നു കണ്ടെത്തിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്ന് ക്രമസമാധാനത്തിന്റെ ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആര്‍.അജിത് കുമാറിന് ആ കസേര നഷ്ടമാവുകയും ചെയ്തു. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പിയെ വിജയിപ്പിക്കാനായി സി.പി.എം ഉണ്ടാക്കിയ കരാറിന്റെ ഭാഗമായിട്ടായിരുന്നു പൂരം കലക്കിയത് എന്ന പ്രതിപക്ഷത്തിന്റെ ആരോപണം സര്‍ക്കാരിനുണ്ടാക്കിയ തലവേദന ചില്ലറയല്ല. ഇപ്പോള്‍ പാലക്കാട്ടെ പാതിരാ റെയ്ഡും കള്ളപ്പണപ്പെട്ടിക്കഥയും സര്‍ക്കാരിന് പുതിയൊരു തലവേദന സമ്മാനിക്കുകയാണ്.
ഇന്ന് ഡി.ജി.പിക്ക് പോലീസിനു മേല്‍ മുമ്പത്തെക്കാള്‍ നിയന്ത്രണമുണ്ട് എന്നാണ് കരുതപ്പെടുന്നത്. (മുമ്പ് ഡി.ജി.പിയെക്കാള്‍ അധികാരം കൈയാളിയിരുന്നത് അജിത് കുമാര്‍ എന്ന 'സൂപ്പര്‍ ഡി.ജി.പി' ആയിരുന്നത്രെ.) എന്നിട്ടും പാലക്കാട്ടെപ്പോലെ വളരെ പരിഹാസ്യമായ ഒരു സംഭവം എങ്ങനെ അരങ്ങേറി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക ബുദ്ധിമുട്ടാവും. പോലീസിന്റെ കാര്യക്ഷമതയെ ബാധിക്കുന്നത് രാഷ്ട്രീയ ഇടപെടലുകളാണ് എന്നു വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ഒരു ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു.
Content Highlights: Palakkad by-election Blue Trolley Fake Money Congress CPM Kerala Politics Midnight Raid