താമരത്തണ്ടൊടിച്ചത് വാര്യരോ? തൃശൂർ ഫോർമുല പാലക്കാട്ട് പിഴച്ചതെങ്ങനെ?

സംസ്ഥാന രാഷ്ട്രീയത്തില്‍ ഇന്നേവരെയില്ലാതിരുന്ന ഗതിമാറ്റമാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ വിജയത്തിലൂടെ ബിജപി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ യുഡിഎഫ് തരംഗത്തില്‍ പ്രതീക്ഷയുടെയുടെ ഗോപുരങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ ബിജെപി ആദ്യമായാണ് വിജയിക്കുന്നു എന്ന റെക്കോഡ് സ്വന്തമാക്കുന്നതിന് പുറമെ രാഷ്ട്രീയത്തില്‍ അനുകൂല അന്തരീക്ഷം സൃഷ്ടിക്കാന്‍ പാലക്കാട് വിജയം ബിജെപിയെ സഹായിക്കുമായിരുന്നു. ഇതിന് മുമ്പ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നേമം മണ്ഡലത്തില്‍ ഒ. രാജഗോപാലിലൂടെ ബിജെപി വിജയം നേടിയതൊഴിച്ചാല്‍ പിന്നീട് നടന്ന നിയമസഭാ തിരഞ്ഞടുപ്പുകളിൽ ഒന്നും ബിജെപിക്ക് വിജയം വരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതില്‍നിന്നൊരു മാറ്റമാണ് പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നത്. തൃശ്ശൂര്‍ ലോക്‌സഭാ സീറ്റ് പിടിച്ചെടുത്തതിന് പിന്നാലെ പാലക്കാട് നിയമസഭാ സീറ്റും ബിജെപി വിജയിച്ചിരുന്നുവെങ്കില്‍ അത് സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടാക്കുന്ന അലയൊലി പക്ഷേ, ഏറ്റവുമധികം ബാധിക്കുന്നത് കോണ്‍ഗ്രസിനെയാകുമായിരുന്നു. ഏതായാലും ആ പ്രതിസന്ധിയില്‍ നിന്ന് കരകയറി രാഹുല്‍ മാങ്കൂട്ടത്തിലിലൂടെ തിളക്കമാര്‍ന്ന വിജയമാണ് യുഡിഎഫ് നേടിയെടുത്തത്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം കേരളത്തില്‍ എല്‍ഡിഎഫിന് തിരിച്ചടിയായിരുന്നുവെങ്കിലും കോണ്‍ഗ്രസിന് ഞെട്ടല്‍ സമ്മാനിച്ചാണ് ഫലപ്രഖ്യാപനം കടന്നുപോയത്. സിറ്റിങ് സീറ്റായ തൃശ്ശൂര്‍ ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയിലൂടെ ബിജെപി പിടിച്ചെടുത്തതിന്റെ ഞെട്ടല്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്ന് ഇനിയും വിട്ടുമാറിയിട്ടില്ല. ഈ പശ്ചാത്തലത്തില്‍ വേണം പലക്കാട് തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം നോക്കിക്കാണാന്‍. തൃശ്ശൂരിലേതുപോലെ പാലക്കാടും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ്. അവിടെ ശക്തമായ സംഘടനാ സംവിധാനമുള്ള പാര്‍ട്ടിയാണ് ബിജെപി. അവരെയാണ് ആഭ്യന്തര തര്‍ക്കങ്ങള്‍ക്കിടയിലും യുഡിഎഫിന് നേരിടാനായത്. അടുത്തടുത്ത് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിൽ കേരളത്തില്‍ താരതമ്യേനെ ശക്തികുറഞ്ഞ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മുന്നില്‍ സിറ്റിങ് സീറ്റ് വിട്ടൊഴിയേണ്ടിവരിക എന്ന രാഷ്ട്രീയ വെല്ലുവിളിയാണ് കോണ്‍ഗ്രസ് മറികടന്നത്. 18,000 ത്തിന് മുകളിലുള്ള മികച്ച ഭൂരിപക്ഷം ഈ മധുരം ഇരട്ടിയാക്കുന്നു. 2016ല്‍ ഷാഫി പറമ്പില്‍ നേടിയ 17,483 എന്ന ഭൂരിപക്ഷമാണ് രാഹുല്‍ മറികടന്നത്.
തൃശ്ശൂര്‍ ലോക്‌സഭാ സീറ്റിലെ കുതിപ്പിന് പിന്നാലെ തൃശ്ശൂരില്‍ നടത്തിയതിന് സമാനമായ പ്രവർത്തനമാണ് ബിജെപി പാലക്കാട്ടും നടത്തിയത്. പുതിയ വോട്ടര്‍മാരെ ചേര്‍ക്കലും വീടുകയറി വോട്ട് ചോദിക്കലുമുള്‍പ്പെടെ കൃത്യമായി നടപ്പിലാക്കി. എന്നിട്ടും 2021ലെ പരാജയത്തിന് പകരം വീട്ടാന്‍ കഴിയാതെ പോയത് സംസ്ഥാന നേതൃത്വത്തിനും ജില്ലാ നേതൃത്വത്തിനുമേല്‍പ്പിക്കുന്ന തിരിച്ചടി വലുതാണ്. ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളില്‍ ബിജെപിക്ക് ആകെ വിജയ പ്രതീക്ഷ വാനോളമുണ്ടായിരുന്നത് പാലക്കാടായിരുന്നു. ആ പ്രതീക്ഷയാണ് യുഡിഎഫ് തല്ലിക്കെടുത്തിയത്. 2021ല്‍ ഇ ശ്രീധരന്‍ നേടിയ 50,220 വോട്ടിന്റെ അടുത്തെത്താന്‍ കൃഷ്ണകുമാറിന് സാധിച്ചില്ല. 50,220 വോട്ടാണ് അന്ന് ശ്രീധരന്‍ നേടിയത്. എന്നാല്‍ കൃഷ്ണകുമാറിന് 39,529 വോട്ടു മാത്രമേ നേടാനായുള്ളു. ഈ കനത്ത തിരിച്ചടി ജില്ലയിലെ കൃഷ്ണദാസിന്റെ അപ്രമാധിത്വത്തെയാണ് ചോദ്യം ചെയ്യുന്നത്. ഇനി വോട്ടുചോര്‍ച്ചയുടെ കാര്യത്തില്‍ ആരുടെ മേലെ വിഴുപ്പലക്കലുകളുണ്ടാകുമെന്ന് കണ്ടറിയണം. കൃഷ്ണകുമാറിനെതിരേ പാര്‍ട്ടിയില്‍ ഉള്ള പടലപ്പിണക്കങ്ങള്‍ ഇതോടെ കൂടുതല്‍ പുറത്തുവരുമെന്നുറപ്പ്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പരാജയം സംസ്ഥാന നേതൃത്വത്തിനെതിരെ നിലകൊള്ളുന്നവര്‍ക്ക് ഊര്‍ജമായി മാറും. പാലക്കാട് സീറ്റിന് വേണ്ടി ശോഭാ സുരേന്ദ്രനെ പിന്തുണച്ചിരുന്നവര്‍ സംസ്ഥാന നേതൃത്വത്തിനെതിരേ തിരിയും. മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ടുയര്‍ത്തുന്ന ശോഭാ സുരേന്ദ്രന്‍ നിന്നിരുന്നുവെങ്കില്‍ തീര്‍ച്ചയായും വിജയിക്കുമായിരുന്ന ഒരു മണ്ഡലമായിരുന്നു പാലക്കാടെന്നാണ് ഒരുവിഭാഗം വാദിച്ചിരുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ പിടിവാശിയിലാണ് ശോഭയ്ക്ക് പകരം കൃഷ്ണകുമാര്‍ വന്നത്. ഒരുഘട്ടത്തില്‍ കെ സുരേന്ദ്രന്റെ പേരും മണ്ഡലത്തിലേക്ക് പറഞ്ഞുകേട്ടിരുന്നു. പാലക്കാട്ട് സംസ്ഥാന നേതൃത്വത്തിന് താത്പര്യം കൃഷ്ണകുമാറിനെ ആയിരുന്നു. ജില്ലയിലെ കരുത്തനായ ബിജെപി നേതാവാണ് കൃഷ്ണകുമാര്‍. തിരഞ്ഞെടുപ്പുകളില്‍ വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തുന്ന നേതാവും. ആ സാഹചര്യത്തില്‍ ശോഭയ്ക്ക് പകരം സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച നിര്‍ദ്ദേശം കേന്ദ്ര നേതൃത്വം അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, പാലക്കാട്ടെ പരാജയം സംസ്ഥാന നേതൃത്വത്തിനും കൃഷ്ണകുമാറിനും തിരച്ചടിയാണ്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ സീറ്റിന് വേണ്ടിയുള്ള അവകാശവാദമുന്നയിക്കുന്നതില്‍ കൃഷ്ണകുമാറിനുള്ള ശക്തി കുറയ്ക്കുന്നതാണ് ഈ തിരിച്ചടി.
നേമത്ത് പൂട്ടിയപ്പോള്‍ പാലക്കാട് തുറക്കാമെന്ന് കരുതി
കേരളത്തില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നത് നേമം സീറ്റിലാണ്. അവിടെ ഇടതുപക്ഷത്തെ പരാജയപ്പെടുത്തിയാണ് ഒ.രാജഗോപാലിലൂടെ ബിജെപി വിജയിച്ചത് എന്ന് സാങ്കേതികമായി പറയാമെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയവും അവിടെ നിര്‍ണായകമായി. യുഡിഎഫ് സ്ഥാനാര്‍ഥി ദുര്‍ബലനായപ്പോഴാണ് ബിജെപിക്ക് അവിടെ വിജയിക്കാനായത്. തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകളില്‍ വോട്ട് വിഹിതം ഗണ്യമായി വര്‍ധിപ്പിക്കുന്ന ഒരുസ്ഥലത്ത് യുഡിഎഫ് കാണിച്ച നിസ്സംഗതയുടെ വിലയായിരുന്നു നേമം സീറ്റ് ബിജെപിക്ക് ലഭിച്ചത്. 2021 ല്‍ കെ. മുരളീധരന്‍ സ്ഥാനാര്‍ഥിയായതോടെ ബിജെപിയിലേക്ക് പോയ വലിയൊരു വിഭാഗം വോട്ടുകള്‍ യുഡിഎഫിലേക്ക് തിരികെ വന്നു. അവിടെ സാങ്കേതികമായി വിജയിച്ചത് എല്‍ഡിഎഫിലെ വി. ശിവന്‍കുട്ടിയായിരുന്നുവെങ്കിലും രാഷ്ട്രീയമായവിജയം കെ.മുരളീധരന് അവകാശപ്പട്ടതാണ്. നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുന്നതില്‍ മുരളീധരന്‍ കാണിച്ച സാഹസത്തെ വിലകുറച്ച് കാണാനാകില്ല.
നേമത്ത് അക്കൗണ്ട് പൂട്ടിക്കുന്നതില്‍ പ്രധാന കാരണക്കാരനായ കെ. മുരളീധരന് ബിജെപി തിരിച്ചടി നല്‍കിയത് സഹോദരി പദ്മജയെ കൂടെകൂട്ടിയാണ്. അതിന് പിന്നാലെ മുരളീധരന്‍ മത്സരിച്ച് തൃശ്ശൂര്‍ സീറ്റ് ബിജെപി പിടിച്ചെടുക്കുകയും ചെയ്തു. രാഷ്ട്രീയപരമായി കേരളത്തില്‍ ബിജെപിയുടെ നീക്കങ്ങള്‍ വിജയം കണ്ട തിരഞ്ഞെടുപ്പായിരുന്നു അത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്തിന് പുറമെ ബിജെപി വിജയം പ്രതീക്ഷിച്ച മണ്ഡലമായിരുന്നു പാലക്കാട്. എന്നാല്‍ കോണ്‍ഗ്രസിലെ ഷാഫി പറമ്പിലിനോട് പോരാടി പരാജയപ്പെടാനാണ് ബിജെപിക്ക് യോഗമുണ്ടായത്. ശക്തമായ മത്സരം കാഴ്ചവെച്ച മണ്ഡലമായിരുന്നു പാലക്കാട്. ഒരുവേള ബിജെപി വിജയിച്ചുവെന്ന തോന്നല്‍ പോലും ഉളവാക്കി.
പാലക്കാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വന്നത് വടകരയില്‍ നിന്ന് മുരളീധരന്‍ തൃശ്ശൂര്‍ സീറ്റിലേക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാറിയതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ തീരുമാനത്തെ തുടര്‍ന്നാണെന്നതും ശ്രദ്ധേയമാണ്. പദ്മജ ബിജെപിയിലേക്ക് പോയതുകൊണ്ടാണ് മുരളീധരന്‍ പെട്ടെന്ന് തൃശ്ശൂരിലേക്ക് കളം മാറ്റിച്ചവിട്ടിയത്. ആ മത്സരത്തില്‍ മുരളീധരന്‍ പരാജയപ്പെടുന്നു. മുരളീധരന്‍ തൃശ്ശൂരിലേക്ക് മാറിയതുകൊണ്ടാണ് ഷാഫി പറമ്പിലിനെ കോണ്‍ഗ്രസ് വടകരയിലേക്ക് നിയോഗിച്ചത്. വടകരയില്‍ നിന്ന് ഷാഫി ജയിക്കുകയും , പാലക്കാട് സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു. ഈ സീറ്റില്‍ കൃഷ്ണകുമാറിനെ വിജയിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നെങ്കില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് മേല്‍ നേടുന്ന ആധികാരിക വിജയമാകുമായിരുന്നു അത്. സമര്‍ഥനായ ചെസ് കളിക്കാരന്‍ തന്ത്രങ്ങളൊരുക്കി കരുക്കളെ നീക്കി എതിരാളിയെ കുരുക്കിയിടുന്നതുപോലെയാണ് കേരളത്തില്‍ ബിജെപി കോണ്‍ഗ്രസിനെ നേരിട്ടത്. പക്ഷേ, ബിജെപി പ്രതീക്ഷിച്ചതല്ല ജനം കരുതിവെച്ചത്. ബിജെപിയെ അത്രപെട്ടെന്ന് പൂര്‍ണമായും സ്വീകരിക്കാന്‍ പാലക്കാട്ടുകാര്‍ തയ്യാറായില്ല.
വോട്ടെണ്ണലിനിടെ തുടക്കത്തില്‍ കാണിച്ച മുന്‍തൂക്കം പിന്നീട് കൃഷ്ണകുമാറിന് ലഭിച്ചില്ല. ആദ്യഘട്ടത്തില്‍ പോലും ലിഡ് നിലനിര്‍ത്തിയിട്ടും കോട്ടയെന്ന് കരുതപ്പെട്ട നഗരമേഖലകളില്‍ പോലും ബിജെപിക്ക് സമ്പൂര്‍ണ ആധിപത്യമുണ്ടായില്ല എന്നാണ് കണക്കുകള്‍. നഗരമേഖലയില്‍ ബിജെപി കേന്ദ്രങ്ങളിലും രാഹുല്‍ മാങ്കൂട്ടത്തലിന് വോട്ടുയര്‍ന്നു. വോട്ടെണ്ണല്‍ അഞ്ചാം റൗണ്ടിലേക്ക് വന്നപ്പോള്‍ അണികളില്‍ പ്രതീക്ഷയുയര്‍ത്തി കൃഷ്ണകുമാര്‍ മുന്നിട്ടു നിന്നു. പക്ഷേ, 1000 വോട്ടിന്റെ ലീഡ് പോലും നിലനിര്‍ത്താന്‍ സാധിക്കാതെ വന്നതോടെ പ്രതീക്ഷകള്‍ നേരത്തെ തന്നെ അസ്തമിച്ചിരുന്നു. പിന്നീടങ്ങോട്ട് കൃത്യമായി ലീഡുയര്‍ത്തുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെയാണ് കാണാന്‍ കഴിഞ്ഞത്.
2021ലെ തിരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന 15-ാം സംസ്ഥാന നിയമസഭയില്‍ അംഗമുണ്ടാകണമെന്നത് ബിജെപിയുടെ ആഗ്രഹമായിരുന്നു. വിജയം പ്രതീക്ഷിച്ച പാലക്കാട്, നേമം മണ്ഡലത്തില്‍ അതിന് സാധിച്ചില്ലെങ്കിലും ഉപതിരഞ്ഞെടുപ്പിലൂടെ 15-ാം നിയമസഭയില്‍ അംഗമാകാനുള്ള നീക്കമാണ് ഇത്തവണ നടത്തിയത്. അതും പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. നഗരസഭാ മേഖലയില്‍ മുന്നേറ്റം കൃഷ്ണകുമാര്‍ കാഴ്ചവെക്കാതെ വന്നപ്പോള്‍ തന്നെ ബിജെപി പരാജയം തിരിച്ചറിഞ്ഞിരുന്നു.
പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം, ബിജെപിയെ തകര്‍ത്തത് സന്ദീപ് വാര്യരുടെ നീക്കങ്ങളോ?
സംസ്ഥാനത്ത് ആര്‍എസ്എസിന് ശക്തമായ വേരോട്ടമുള്ള സ്ഥലമാണ് പാലക്കാട്. ആഞ്ഞുപിടിച്ചാല്‍ നിയമസഭയില്‍ സീറ്റ് പിടിക്കാമെന്ന് ബിജെപി മുമ്പ് വിശ്വസിച്ചിരുന്ന മണ്ഡലമായിരുന്നു ഇത്. മറ്റ് സ്ഥലങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ പാര്‍ട്ടി വളര്‍ച്ച കൂടുതല്‍ ഉണ്ടായിരുന്ന സ്ഥലവും പാലക്കാടായിരുന്നു. കോണ്‍ഗ്രസ് വിട്ട് സരിന്‍ എല്‍ഡിഎഫിലേക്ക് പോയതും പാലക്കാട്ടേക്ക് രാഹുല്‍ മാങ്കുട്ടത്തിലിനെ കൊണ്ടുവന്നതിലൂടെ ഉണ്ടായ പ്രാദേശിക എതിര്‍പ്പും കൊണ്ട് ഇടത്- വലത് മുന്നണികള്‍ പ്രതിസന്ധി നേരിട്ടിരുന്ന സമയത്താണ് സംഘടനാ രംഗത്ത് സ്വീകാര്യനായ കൃഷ്ണകുമാറിനെ ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. പാലക്കാട് സീറ്റിന് വേണ്ടി പാര്‍ട്ടിക്കുള്ളിലുണ്ടായ എതിര്‍പ്പുകളെ അതിജീവിക്കാനായി എന്നുള്ളതായിരുന്നു ബിജെപിക്ക് മുന്‍തൂക്കം നല്‍കിയത്. ഇത് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ബിജെപിയ ഏറെ സഹായിച്ചു. സംഘടനയെ യന്ത്രമെന്നപോലെ ഉപയോഗിച്ചു. ചിട്ടയായ പ്രവര്‍ത്തനവുമായി ആര്‍എസ്എസും രംഗത്തിറങ്ങിയിരുന്നു.
ഇത്രയും അനുകൂലമായൊരു സമയത്താണ് കൃഷ്ണകുമാറിനെതിരെയും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെയും വെടിപൊട്ടിച്ച് സന്ദീപ് വാര്യര്‍ രംഗത്ത് വരുന്നത്. അതുവരെ സമാധാനപരമായി പോയിരുന്ന ബിജെപിയുടെ പ്രചരണം അതോടെ കലങ്ങിമറിഞ്ഞു. ബിജെപിക്കുള്ളിലും ആശയക്കുഴപ്പമുണ്ടാക്കാനാണ് സന്ദീപിന്റെ ആരോപണങ്ങള്‍ സഹായിച്ചത്. സന്ദീപിനെ സ്വാഗതം ചെയ്ത് സിപിഐയും സിപിഎമ്മും രംഗത്ത് വന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സന്ദീപ് കോണ്‍ഗ്രസിലേക്ക്‌പോയി. പാര്‍ട്ടി വിടാതിരിക്കാന്‍ സംഘടനാ തലത്തിലും ആര്‍എസ്എസ് നേതൃത്വം മുഖേനെയും അനുനയ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും സന്ദീപ് വഴങ്ങിയിരുന്നില്ല. ഒരുവേള സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനം ബിജെപിക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് കരുതിയിരുന്നത്. കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സരിന്‍ യുഡിഎഫ് ക്യാമ്പിന് നല്‍കിയ പ്രതിസന്ധിയെ സന്ദീപിനെ കോണ്‍ഗ്രസിലെത്തിച്ച് പരിഹരിക്കാമെന്നായിരുന്നു യുഡിഎഫ് കരുതിയത്.
സന്ദീപിനെ പാണക്കാട്ടും സമസ്ത പണ്ഡിതന്‍ ജിഫ്രി തങ്ങളുടെ അടുത്തും കൊണ്ടുപോയി ബിജെപി വിരുദ്ധ ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിലേക്ക് പരമാവധി കൊണ്ടുവരാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. പരമാവധി ബിജെപി രാഷ്ട്രീയത്തെ സന്ദീപിനെ കൊണ്ട് തള്ളിപ്പറയിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. അത് വിജയിച്ചുവെന്ന് വേണം കരുതാന്‍. സരിന്റെ പാര്‍ട്ടിവിടലും പിന്നാലെ ഉണ്ടായ വഖഫ് വിഷയങ്ങളും കള്ളപ്പണം കൊണ്ടുവന്നുവെന്ന ട്രോളി ബാഗ് ആരോപണവും നിലനില്‍ക്കെയാണ് സന്ദീപിനെ കോണ്‍ഗ്രസ് കൂടെക്കൂട്ടിയത്. പാലക്കാട് നഗരസഭാ പരിധിയിലാണ് ബിജെപിയുടെ ശക്തികേന്ദ്രം. ഇവിടെ നഗരസഭാ ഭരണം ബിജെപിയുടെ കൈയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ബിജെപിക്കായിരുന്നു നഗരസഭാ മേഖലയില്‍ ഭൂരിപക്ഷം. ഈ മേഖലകളില്‍ ഷാഫി പറമ്പില്‍ നേടിയതിനേക്കാള്‍ വോട്ട് പിടിക്കാന്‍ രാഹുലിന് സാധിച്ചു. കോണ്‍ഗ്രസിന്റ ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തില്‍ മുന്നേറുകയും എല്‍ഡിഎഫിനും യുഡിഎഫിനും ശക്തിയുള്ള മറ്റ് രണ്ട് പഞ്ചായത്തില്‍ ഒപ്പത്തിനൊപ്പമെത്തുകയും ചെയ്തതോടെ രാഹുല്‍ വിജയമുറപ്പിച്ചു.
നഗരമേഖലയില്‍ പരമാവധി ലീഡ് നേടുകയും പിരായിരിയില്‍ വോട്ട് നില ഉയര്‍ത്തുകയും ചെയ്താല്‍ വിജയമുറപ്പെന്നായിരുന്നു ബിജെപി കണക്കുകൂട്ടല്‍. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തിയതും. എന്നാല്‍ പോളിങ് കണക്കുകള്‍ വന്നപ്പോള്‍ തന്നെ ബിജെപി വിയര്‍ത്തിരുന്നു. ബിജെപി ശക്തികേന്ദ്രങ്ങളെന്ന് കരുതുന്ന നഗരമേഖലകളില്‍ പോളിങ് കുറഞ്ഞത് പാര്‍ട്ടിയെ ആശങ്കയിലാക്കിയിരുന്നു. 2021ല്‍ നഗരസഭാ പരിധിയിലുള്ള ഭൂരിപക്ഷം ഷാഫി പറമ്പില്‍ മത്സരിച്ചപ്പോഴും യുഡിഎഫിന് മറികടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ രാഹുലിന് മുന്നില്‍ ബിജെപിയുടെ ആ കോട്ടയും തകര്‍ന്നുവീണു. പോളിങ് ശതമാനത്തിലെ കണക്കുകളും നോക്കിയാല്‍ നഗരസഭാ പരിധിയില്‍ വോട്ടുകൂടിയിട്ടുണ്ട്. എന്നാല്‍ നഗരത്തിലെ ബിജെപി കേന്ദ്രങ്ങളില്‍ പോളിങ് കുറയുകയും ചെയ്തു. ഇതാണ് തിരിച്ചടിക്ക് കാരണം. മറ്റ് മൂന്നിടത്ത് പോളിങ് കുറഞ്ഞെങ്കിലും അതിന്റെ ആനുകൂല്യം ബിജെപിക്ക് ലഭിച്ചതുമില്ല. നഗരസഭയിലെ മേധാവിത്വത്തിന് പുറമെ സരിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഇടത് വോട്ടില്‍ ഇടിവുണ്ടാക്കുമെന്നും അത് ഗുണം ചെയ്യുമെന്നുമാണ് ബിജെപി കണക്കുകൂട്ടിയത്. 2021ല്‍ ബിജെപി വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ അത് സംഭവിച്ചില്ല.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഏഴാമത്തെ റൗണ്ടുമുതല്‍ രാഹുല്‍ മാങ്കുട്ടത്തിലിനെ മറികടക്കാന്‍ കൃഷ്ണകുമാറിന് സാധിച്ചില്ല. പിരായിരി, കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളില്‍ ബിജെപിക്ക് കാര്യമായ സ്വാധീനമില്ല. അല്‍പ്പം മെച്ചമുള്ളത് പിരായിരിയിലാണ്. പക്ഷേ, പഞ്ചായത്ത് യുഡിഎഫിന്റെ കോട്ടയാണ്. മറ്റ് രണ്ട് പഞ്ചായത്തുകള്‍ ഇടത്- വലത് മുന്നണികള്‍ക്ക് തുല്യശക്തിയുള്ള സ്ഥലങ്ങളാണ്. പിരായിരി പഞ്ചായത്ത് മുതല്‍ ലിഡ് നില കുത്തനെ ഉയര്‍ത്തിയാണ് രാഹുല്‍ മുന്നേറിയത്. 2021ല്‍ ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷം നേടി ആധികാരിക വിജയമാണ് രാഹുല്‍ സ്വന്തമാക്കിയത്. സരിന്റെ സ്ഥാനാര്‍ഥിത്വം ഇവിടെ എല്‍ഡിഎഫിന് തിരിച്ചടി ആകുമെന്നാണ് ബിജെപി കരുതിയിരുന്നത്. അത് ഗുണം ചെയ്യുന്നത് കൃഷ്ണകുമാറിനാണെന്ന് ബിജെപി കരുതി. പക്ഷേ, ഇടത് വോട്ടുകള്‍ കാര്യമായി നഷ്ടപ്പെട്ടില്ല എന്നുള്ളതാണ് ശ്രദ്ധേയം. കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ വോട്ട് എല്‍ഡിഎഫിന് കിട്ടി. 2021ല്‍ 36,433 വോട്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.പി. പ്രമോദിന് ലഭിച്ചത്. ഇത്തവണ സരിന്‍ അത് 37458 ആയി വോട്ടുയര്‍ത്തി.
Content Highlights: BJP dreams fall out, palakkad loss could damage party plans for kerala