സന്ദീപ് വാര്യരല്ല പാലക്കാട്ടെ വിഷയം, അദ്ദേഹം ഉന്നയിച്ചതൊന്നും ഒരു പ്രശ്നമേയല്ല -അനിൽ ആന്റണി

പാലക്കാട്: ബി.ജെ.പി സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യർ പാർട്ടി നേതൃത്വവുമായി പിണങ്ങിനിൽക്കുന്നത് ഈ തിരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട വിഷയമല്ലെന്ന് ബി.ജെ.പി ദേശീയ വക്താവ് അനിൽ ആന്റണി. പത്തുവയസുമുതൽ സംഘപ്രവർത്തകനാണ് സന്ദീപ് വാര്യർ. ദേശീയതയിൽ ഊന്നിനിന്നുകൊണ്ട് പ്രവർത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം. വിഷമങ്ങളുണ്ടായിരിക്കാം. എന്നാൽ മുതിർന്ന പല നേതാക്കളും സന്ദീപുമായി സംസാരിച്ചുവരികയാണെന്നും അനിൽ പാലക്കാട്ട് മാതൃഭൂമി ന്യൂസിനോടുപറഞ്ഞു.
തിരഞ്ഞെടുപ്പ് 20-ാം തീയതിയിലേക്ക് നീട്ടിയതുകാരണം സന്ദീപ് വാര്യർ അതിനുമുൻപ് ബി.ജെ.പിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അനിൽ ആന്റണി പ്രതികരിച്ചു. മറ്റ് രണ്ട് മുന്നണികൾവെച്ചുനോക്കുമ്പോൾ സന്ദീപ് വാര്യർ ഉന്നയിച്ച വിമർശനങ്ങൾ ഒരു വിഷയമേയല്ല. സി.പി.എമ്മിന് ഒരു സ്ഥാനാർത്ഥിയെ നിർത്താൻപോലും സാധിച്ചില്ല. അവരുടെ സ്ഥാനാർത്ഥി സരിൻ മൂന്നാഴ്ച മുൻപുവരെ വലിയ കോൺഗ്രസുകാരനായിരുന്നുവെന്നും അനിൽ പറഞ്ഞു.
"രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് സ്ഥാനാർത്ഥിയായതിൽ പലവട്ടം എം.പിയും എം.എൽ.എയുമൊക്കെയായ ഒരുപാട് സീനിയർ നേതാക്കൾ പ്രതിഷേധമുയർത്തിയിട്ടുണ്ട്. അതൊക്കെ വെച്ചുനോക്കുമ്പോൾ ബി.ജെ.പിയിലുള്ള പ്രശ്നങ്ങൾ പ്രശ്നങ്ങളേയല്ല. അച്ചടക്ക ലംഘനത്തേക്കുറിച്ച് പറയുന്നില്ല. ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയാണ് ബി.ജെ.പി. കേന്ദ്രം ഭരിക്കുന്ന പാർട്ടിയാണ്. ഏത് സ്ഥാനാർത്ഥിയായാലും പ്രധാനമന്ത്രിയടക്കമുള്ള സെൻട്രൽ ഇലക്ഷൻ കമ്മിറ്റിയാണ് തീരുമാനിക്കുന്നത്. തീരുമാനമെടുത്തുകഴിഞ്ഞാൽ അതനുസരിച്ച് എല്ലാവരും പ്രവർത്തിക്കുകയാണ് വേണ്ടത്." അനിൽ ആന്റണിയുടെ വാക്കുകൾ.
പാലക്കാടുള്ള എല്ലാ പ്രവർത്തകരും പ്രചാരണത്തിനിറങ്ങണം. സന്ദീപ് വാര്യർക്കെതിരെ അച്ചടക്കനടപടിയുണ്ടാവുമോയെന്ന് തീരുമാനിക്കുന്നത് സംസ്ഥാന നേതൃത്വമാണ്. സന്ദീപ് വാര്യരല്ല ഇവിടത്തെ വിഷയം.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇ.ശ്രീധരനെപ്പോലെയൊരാൾ ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥിയായപ്പോൾ സി.പി.എം കോൺഗ്രസിന് വോട്ടുമറിച്ച് അദ്ദേഹത്തെ പരാജയപ്പെടുത്തുകയായിരുന്നു. അതുകൊണ്ട് നഷ്ടമുണ്ടായത് പാലക്കാട്ടെ ജനങ്ങൾക്കാണ്. അതുമാറ്റാനുള്ള അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.
Content Highlights: BJP National Spokesperson Anil Antony on Sangeeth Warrier: No Issue in Palakkad Election