ലോകബാങ്കിന്റെ 14,000 കോടിരൂപ ബിഹാര്‍ തിരഞ്ഞെടുപ്പിനായി വകമാറ്റി; നിതീഷ് സര്‍ക്കാരിനെതിരേ ആരോപണം

#ന്യൂസ് ഡെസ്ക്
നിതീഷ് കുമാർ | Photo: ANI
നിതീഷ് കുമാർ | Photo: ANI

പട്‌ന: ലോകബാങ്കിന്റെ 14,000 കോടിരൂപയുടെ ഫണ്ട് നിതീഷ് കുമാര്‍ സര്‍ക്കാര്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുവേണ്ടി വകമാറ്റിയെന്ന ഗുരുതര ആരോപണവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി (ജെഎസ്പി). സൗജന്യങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടിയാണ് ഫണ്ട് വകമാറ്റിയതെന്ന് ജെഎസ്പി ദേശീയ അധ്യക്ഷന്‍ ഉദയ് സിങ്, ശനിയാഴ്ച മാധ്യമങ്ങളോടു പറഞ്ഞു.

പൊതുപണം ഉപയോഗിച്ച് ജനങ്ങളുടെ വോട്ട് 'വാങ്ങാന്‍', ജൂണ്‍മുതല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ 40,000 കോടിരൂപ ധൂര്‍ത്തടിച്ചു. മുന്‍പെങ്ങുമില്ലാത്ത വ്യാപ്തി ഇതിനുണ്ട്. ലോകബാങ്കില്‍നിന്ന് വായ്പയായി ലഭിച്ച 14,000 കോടിരൂപ പോലും ആനുകൂല്യങ്ങള്‍ക്കും സൗജന്യങ്ങള്‍ക്കുമായി വകമാറ്റി ചെലവഴിച്ചു, ഉദയ് സിങ് പറഞ്ഞു.

ജന്‍ സുരാജ് പാര്‍ട്ടിയുടെ ഒരു വിഭാഗം വോട്ടുകള്‍ എന്‍ഡിഎയ്ക്ക് ലഭിച്ചതായും ഉദയ് സിങ് പറഞ്ഞു. ആര്‍ജെഡി അധികാരത്തിലെത്തിയാല്‍ ജംഗിള്‍ രാജ് മടങ്ങിയെത്തുമെന്ന ഭയത്തെത്തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങിയ ജെഎസ്പിക്ക് ഒരു സീറ്റില്‍പോലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Content Highlights: prashant kishore jsp alleges nitish kumar government diverted 14,000 crore world bank fund for bihar polls