വിലപേശി നേടിയ 29 സീറ്റുകളില്‍ 22ലും ലീഡ്, 'യുവ ബിഹാറി'യായി നിലയുറപ്പിച്ച് ചിരാഗ് പസ്വാന്‍

#ന്യൂസ് ഡെസ്ക്
ചിരാ​ഗ് പാസ്വാൻ | ഫോട്ടോ: പി.ടി.ഐ
ചിരാ​ഗ് പാസ്വാൻ | ഫോട്ടോ: പി.ടി.ഐ

പട്ന: 2025ലെ ബിഹാർ തിരഞ്ഞെടുപ്പ് എൻഡിഎയുടെ തൂത്തുവാരലിൻ്റെയും ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറിൻ്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശക്തമായ കൂട്ടുകെട്ടിൻ്റെയും പേരിലാകും ഓർമിക്കപ്പെടുക. അതോടൊപ്പം സോഷ്യലിസ്റ്റ് ഇതിഹാസങ്ങളുടെ കാലഘട്ടത്തിന് ശേഷം ഒരു യുവനേതാവ് സംസ്ഥാനത്ത് തൻ്റേതായ ഇടം കണ്ടെത്തിയ സമയമായും ഇത് അടയാളപ്പെടുത്തും. പ്രമുഖർ നിറഞ്ഞ എൻഡിഎയിൽ 29 മണ്ഡലങ്ങൾ ലഭിക്കാൻ കനത്ത വിലപേശൽ നടത്തിയ ലോക് ജൻശക്തി പാർട്ടിക്ക് (രാം വിലാസ്) പാർട്ടി അധ്യക്ഷൻ ചിരാഗ് പസ്വാൻ 22 സീറ്റുകളിൽ മുന്നിലെത്തിയാണ് കഴിവ് തെളിയിച്ചിരിക്കുന്നത്. 2024 ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച അഞ്ച് സീറ്റുകളിലും പാർട്ടി വിജയിച്ചതിന് പിന്നാലെയാണ് ഈ നേട്ടം എന്നത് ചിരാഗിന്‍റെ  രാഷ്ട്രീയ മൂലധനം വർധിപ്പിക്കും.

2020-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ലോക് ജൻശക്തി പാർട്ടി (എൽജെപി) ഏതാണ്ട് എഴുതിത്തള്ളപ്പെട്ടിരുന്നുവെന്നതും ഈ ഘട്ടത്തിൽ പ്രത്യേകം ഓർമിക്കേണ്ടിയിരിക്കുന്നു. 2020-ൽ നിതീഷ് കുമാറുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് അന്നത്തെ അവിഭക്ത എൽജെപി തനിച്ച് മത്സരിച്ചത്.  നിതീഷ് കുമാറിനോടുള്ള എതിര്‍പ്പിന്റെ പേരില്‍ മുന്നണി വിട്ടെങ്കിലും എന്‍ഡിഎയുടെ ഭാഗമായ ജെഡിയുവിന്റെ സ്ഥാനാര്‍ഥികള്‍ക്കെതിരെ ആളുകളെ നിര്‍ത്തി മത്സരിപ്പിച്ചാണ് ചിരാഗ് തന്റെ പ്രതികാരം തീര്‍ത്തത്. ആ തിരഞ്ഞെടുപ്പില്‍ ജെഡിയു ദയനീയമായി പിന്നോട്ടുപോവുകയും ബിജെപി മുന്നണിയിലെ വലിയ കക്ഷിയാകുകയും ചെയ്തിരുന്നു. 130-ൽ അധികം സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒന്നിൽ മാത്രമാണ് ചിരാഗിന്‍റെ  പാർട്ടി വിജയിച്ചത്.

ബിഹാർ രാഷ്ട്രീയത്തിലെ അതികായനായി കണക്കാക്കപ്പെടുന്ന രാം വിലാസ് പസ്വാൻ്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാനുള്ള വ്യക്തിപ്രഭാവമോ രാഷ്ട്രീയ തന്ത്രജ്ഞതയോ ചിരാഗിന് ഇല്ലെന്ന് പല രാഷ്ട്രീയ നിരീക്ഷകരും ആ സമയത്ത് കരുതിയിരുന്നു.  പക്ഷെ കഠിനമായ പോരാട്ടത്തിലൂടെ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ചിരാഗ് പസ്വാൻ.

ഇന്ത്യയിലെ രാഷ്ട്രീയ മാനദണ്ഡങ്ങൾ അനുസരിച്ച് 43 വയസ് തീരെ ചെറുപ്പമായാണ് കണക്കാക്കപ്പെടുന്നത്. സ്വയം 'യുവ ബിഹാറി' എന്ന് വിശേഷിപ്പിച്ചാണ് ചിരാഗ് നിലയുറപ്പിച്ചത്. അതോടൊപ്പം ദളിത് പ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കുന്ന തൻ്റെ പാർട്ടിയുടെ അടിസ്ഥാന ആശയങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്തു. ചിരാഗും അദ്ദേഹത്തിൻ്റെ പാർട്ടിയും നടത്തിയ കഠിനാധ്വാനം 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഫലം കണ്ടു. പാർട്ടി മത്സരിച്ച അഞ്ച് മണ്ഡലങ്ങളിലും വിജയിക്കുകയും ശ്രദ്ധ നേടുകയും ചെയ്തു.

ഈ വിജയം ഉണ്ടായിരുന്നിട്ടും എൻഡിഎയിലെ പ്രധാന കക്ഷികളായ ബിജെപിയും ജെഡിയുവും നിയമസഭാ തിരഞ്ഞെടുപ്പിൽ 20-ൽ കൂടുതൽ എൽജെപിക്ക് (ആർവി) വിട്ടുനൽകാൻ വിമുഖത കാണിച്ചതായാണ് റിപ്പോർട്ടുകൾ. തുടർന്ന് ചിരാഗ്, പ്രശാന്ത് കിഷോറിൻ്റെ ജൻ സുരാജ് പാർട്ടിയുമായി ചർച്ചകൾ നടത്തി സമ്മർദ്ദം ചെലുത്തി. ഒടുവിൽ ഭരണസഖ്യത്തിൽ നിന്ന് 29 മണ്ഡലങ്ങൾ നേടിയെടുത്തു. ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി താൻ അവകാശവാദം ഉന്നയിക്കുമെന്നും തിരഞ്ഞെടുപ്പിന് മുമ്പ് ചിരാഗ് സൂചന നൽകിയിരുന്നു.

ബിഹാർ തിരഞ്ഞെടുപ്പിന് ശേഷമുള്ള തന്റെ അടിയന്തര മുൻഗണനകൾ 2027 ലെ ഉത്തർപ്രദേശ്, പഞ്ചാബ് തിരഞ്ഞെടുപ്പുകളാണെന്നും 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാലാം തവണയും തിരഞ്ഞെടുക്കപ്പെടുന്നത് കാണാൻ ആഗ്രഹിക്കുന്നതായും അതിന് ശേഷം 2030 ലെ തിരഞ്ഞെടുപ്പിനായി ഒരുങ്ങുമെന്നും ചിരാഗ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. എൻഡിഎ പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായ ഫലമാണ് വരുന്നതെങ്കിൽ മറ്റൊരു കക്ഷിയുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൊണ്ട് ചിരാഗ് മോദിയോടുള്ള തൻ്റെ അചഞ്ചലമായ കൂറ് ആവർത്തിച്ചിരുന്നു.

"ഞാൻ പ്രിയങ്കാജിയുമായി സംസാരിക്കാറുണ്ട്, എൻ്റെ പ്രധാനമന്ത്രി ഉള്ളിടത്തോളം കാലം ഞാൻ മറ്റൊരിടത്തേക്കും പോകില്ലെന്ന് അടിവരയിട്ട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ അർപ്പണബോധവും സ്നേഹവും അതുപോലെ നിലനിൽക്കുന്നു. ഞാൻ അദ്ദേഹത്തെ വളരെയധികം സ്നേഹിക്കുന്നു," ചിരാഗ് വ്യക്തമാക്കുകയും ചെയ്തു.