മുസ്ലിം-യാദവ വോട്ടുസമവാക്യം പൊളിച്ചെഴുതി മഹിളാ-യുവജന വോട്ടെന്ന പുതിയ എം-വൈ സമവാക്യം

#സ്വന്തം ലേഖകന്‍
പട്‌നയില്‍ വിജയമാഘോഷിക്കുന്ന എൻഡിഎ വനിതാ പ്രവര്‍ത്തകര്‍ |ഫോട്ടോ:AP
പട്‌നയില്‍ വിജയമാഘോഷിക്കുന്ന എൻഡിഎ വനിതാ പ്രവര്‍ത്തകര്‍ |ഫോട്ടോ:AP

ന്യൂഡല്‍ഹി: മഹാസഖ്യത്തിന്റെ മുസ്ലിം, യാദവ വോട്ടുസമവാക്യം പൊളിച്ചെഴുതി മഹിളാ-യുവജന വോട്ടെന്ന പുതിയ എം-വൈ സമവാക്യം ഉരുത്തിരിഞ്ഞ ജനവിധിയാണ് ബിഹാറിലുണ്ടായിരിക്കുന്നത്. പരമ്പരാഗത ജാതി രാഷ്ട്രീയ ചര്‍ച്ചകളില്‍നിന്നു മാറിയുള്ള വോട്ടിങ് പാറ്റേണ്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ തെളിയുന്നുണ്ട്. നിതീഷ് കുമാറും ലാലു പ്രസാദ് യാദവും പയറ്റിയിരുന്ന സമവാക്യങ്ങള്‍ക്ക് കാലോചിതമായി ബിജെപിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന നവീകരണമാണ് പുതിയ എം-വൈ സമവാക്യം. നിതീഷിന്റെ വിശ്വാസ്യതയും രാഷ്ട്രീയാടിത്തറയും മുതല്‍ക്കൂട്ടാക്കി കക്ഷിരാഷ്ട്രീയഭേദമന്യേ സ്ത്രീ വോട്ടുകള്‍ പെട്ടിയിലാക്കാനായത് ആ സോഷ്യല്‍ എന്‍ജിനീയറിങ്ങിലൂടെയാണ്. മുമ്പ് തിരഞ്ഞെടുപ്പ് പ്രചാരണം ജാതി സമവാക്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നെങ്കില്‍ ഇത്തവണ സ്ത്രീ വോട്ടര്‍മാര്‍ക്കുള്ള ക്ഷേമപദ്ധതികളെ വട്ടമിട്ടായിരുന്നു. തൊഴിലില്ലായ്മയടക്കം വിമര്‍ശനങ്ങളുടെ അമ്പെയ്ത്തുകളുമുണ്ടായിരുന്നെങ്കിലും എതിര്‍പ്പുകള്‍ പലയിടത്ത് ചിതറിപ്പോയത് രാഷ്ട്രീയമായി എന്‍ഡിഎയ്ക്ക് ഗുണമായി.

ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് സെപ്റ്റംബറില്‍ എന്‍ഡിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രി മഹിളാ തൊഴില്‍ പദ്ധതിയായിരുന്നു ഇത്തവണ പ്രചാരണ ചര്‍ച്ചകളിലെ ശ്രദ്ധാകേന്ദ്രം. വരുമാന മാര്‍ഗമുണ്ടാക്കാന്‍ കുടുംബത്തിലെ ഒരു സ്ത്രീക്ക് 10,000 രൂപ നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചപ്പോഴേ ഹിറ്റായി. ഒരുകോടിയിലേറെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളില്‍ ആദ്യ ഗഢുവായി പണമെത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്. പദ്ധതിയുടെ ഭാഗമായി രണ്ടുലക്ഷം രൂപവരെ ലഭിക്കും. സര്‍ക്കാരിന്റെ ജീവിക വനിതാ സ്വാശ്രയ സംഘങ്ങളും സജീവമായിരുന്നു. മദ്യനിരോധനവും ഒരുപിരിധിവരെ പ്രതിഫലിച്ചു.

സ്ത്രീകള്‍ക്ക് പുറമെ കന്നിവോട്ടര്‍മാരെയടക്കം യുവജനതയെ ഒപ്പം നിര്‍ത്താനും പാര്‍ട്ടികള്‍ മത്സരിച്ചു. ജനസംഖ്യയില്‍ പകുതിയിലേറെ ഇപ്പോള്‍ 35 വയസില്‍ താഴെയാണ്. യുവാക്കള്‍ക്ക് ഒരു കോടി തൊഴില്‍ എന്‍ഡിഎ വാഗ്ദാനം ചെയ്തപ്പോള്‍ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയായിരുന്നു മഹാസഖ്യത്തിന്റെ വാഗ്ദാനം. കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ പ്രതിച്ഛായയും അവരെ സ്വാധീനിച്ചിട്ടുണ്ടാകാം.

ഒരര്‍ഥത്തില്‍ സ്ത്രീശാക്തീകരണത്തിന്റെ വിളംബരവുമാണ് ഇത്തവണത്തെ ബിഹാര്‍ ഫലം. 1962-ന് ശേഷം ഏറ്റവുമുയര്‍ന്ന വനിതാ പങ്കാളിത്തമാണ് ഇത്തവണ വോട്ടെടുപ്പിലുണ്ടായത്; 71.6 ശതമാനം. കുടുംബത്തിലെ പുരുഷന്മാര്‍ പറയുന്നത് കേട്ട് വോട്ടുചെയ്തിരുന്ന കാലമല്ലിതെന്നും വോട്ടുരീതിയിലെ മാറ്റങ്ങള്‍ തെളിയിക്കുന്നു. പ്രതിശീര്‍ഷ വരുമാനം ആറായിരം രൂപയില്‍ത്താഴെ മാത്രമുള്ള സംസ്ഥാനത്ത് 10,000 രൂപ ഒറ്റയടിക്ക് അക്കൗണ്ടിലെത്തിയതിന്റെ പ്രതിഫലനം വലുതാണ്. മറ്റുസംസ്ഥാനങ്ങളില്‍ ജോലിക്കുപോകുന്ന കുടിയേറ്റത്തൊഴിലാളികള്‍ ഗ്രാമങ്ങളിലേക്ക് അയച്ചുനല്‍കിയിരുന്നതിനെക്കാള്‍ വലിയ തുകയാണ് സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ടില്‍കിട്ടിയത്. പലയിടത്തും ഗൃഹനാഥകള്‍ ആ പണംകൊണ്ട് സംരഭങ്ങളാരംഭിച്ച് ഭര്‍ത്താക്കന്മാര്‍ക്കും ആണ്‍മക്കള്‍ക്കും തൊഴില്‍നല്‍കി. പ്രത്യക്ഷത്തില്‍ ഫലംകണ്ട ഈ ക്ഷേമപദ്ധതിക്ക് മുന്നില്‍ മഹാസഖ്യത്തിന്റെ വാഗ്ദാനങ്ങളുടെ നിറംമങ്ങിപ്പോയി. ആര്‍ജെഡിയും വനിതകള്‍ക്കായി ക്ഷേമപദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും വോട്ടര്‍മാര്‍ നിതീഷിനെയാണ് വിശ്വസിച്ചതെന്ന് ഫലം തെളിയിക്കുന്നു.

സ്ത്രീവോട്ട് കൂടിയപ്പോള്‍ നേട്ടം എന്‍ഡിഎയ്ക്ക്

നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറിലേറെ മണ്ഡലങ്ങളില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ വോട്ടുചെയ്തുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍. ഇവിടങ്ങളില്‍ എന്‍ഡിഎ സഖ്യം നേട്ടമുണ്ടാക്കിയെന്ന് ഫലം സൂചിപ്പിക്കുന്നു. 53-55 ശതമാനം സ്ത്രീകള്‍ വോട്ടുചെയ്ത എട്ടുജില്ലകളിലെ 53 മണ്ഡലങ്ങളില്‍ ജെഡിയു 24 ശതമാനത്തോളം വോട്ടുനേടിയെന്ന് പാര്‍ട്ടിതിരിച്ചുള്ള വിശകലനത്തില്‍ തെളിയുന്നു. ബിജെപിക്ക് 21 ശതമാനത്തോളവും ആര്‍ജെഡിക്ക് 22 ശതമാനത്തോളവും വോട്ടുകിട്ടി. അതേസമയം സ്ത്രീകളുടെ പോളിങ് പുരുഷന്മാരെക്കാള്‍ കുറഞ്ഞ 13 ജില്ലകളിലെ 69 മണ്ഡലങ്ങളില്‍ ആര്‍ജെഡിക്കാണ് മേല്‍ക്കൈ. ആര്‍ജെഡി 24 ശതമാനത്തോളം വോട്ടുനേടിയപ്പോള്‍ ജെഡിയുവിന് 19 ശതമാനവും ബിജെപിക്ക് 21 ശതമാനവും വോട്ടാണ് ലഭിച്ചത്. സ്ത്രീപങ്കാളിത്തമനുസരിച്ച് വോട്ടില്‍ വ്യതിയാനമുണ്ടായെന്ന് കണക്കുകളില്‍ വ്യക്തമാണ്.

Content Highlights: Bihar Election Verdict: How Women and Youth Reshaped the Political Landscape