കണ്ണഞ്ചിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റ്; ബിഹാറിലെ BJP ജയത്തിന് ഗുജറാത്തിനേക്കാൾ തിളക്കം, സമവാക്യം മാറ്റിയെഴുതും

ന്യൂഡല്‍ഹി: ബിഹാറില്‍ 101 സീറ്റുകള്‍ വീതമാണ് ബിജെപിയും ജെഡിയുവും തമ്മില്‍ വീതിച്ചെടുത്തത്. ഇതില്‍ ബിജെപി 89 ഇടങ്ങളില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍, നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു 85 സീറ്റുകളിലും വിജയിച്ചു. രണ്ട് ശക്തികളുടെയും ബലത്തില്‍ എന്‍ഡിഎ മുന്നണി 202 സീറ്റുകളില്‍ വിജയിച്ചു. ഏകദേശം 90 ശതമാനത്തിനടുത്താണ് ബിജെപിയുടെ സ്‌ട്രൈക്ക് റേറ്റ്. മത്സരിച്ച 101 സീറ്റുകളില്‍ 12 സീറ്റുകളില്‍ മാത്രമാണ് പരാജയം രുചിച്ചത്. ബിജെപിയെ സംബന്ധിച്ച്, ബിഹാറില്‍ സ്വപ്‌നസമാനമായ നേട്ടമാണിത്.
ബിജെപിയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണിത്. 20 കൊല്ലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറിന്റെ പാര്‍ട്ടിയെപ്പോലും പിന്തള്ളി ഇത്രമേല്‍ സീറ്റുകള്‍ പിടിക്കാന്‍ കഴിഞ്ഞത്തു, സംസ്ഥാനത്തെ പാര്‍ട്ടിയുടെ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ സ്വാധീനമാണ് ഊട്ടിയുറപ്പിക്കുന്നത്. സമീപകാലത്തെ എന്‍ഡിഎയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നുമാണിത്. ഈ ഫലം സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിവരയ്ക്കാന്‍ പോന്നതാണ്.
88.12 ശതമാനമാണ് ബിഹാറില്‍ ബിജെപിയുടെ സ്‌ട്രൈക്ക് റേറ്റ്. 84.16 ശതമാനമാണ് ജനതാദള്‍ യുണൈറ്റഡിന്റേത്. ബിജെപിയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ സ്‌ട്രൈക്ക് റേറ്റുകളിലൊന്നാണിത്. 2022 ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ 182-ല്‍ 156 സീറ്റുകളില്‍ വിജയിച്ചതാണ് ഒരു സംസ്ഥാന തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണത്തിലെ ബിജെപിയുടെ ഏറ്റവും വലിയ വിജയം. 85.7 ആണ് സ്‌ട്രൈക്ക് റേറ്റ്. എന്നാല്‍ ഈ സ്‌ട്രൈക്ക് റേറ്റ് മറികടക്കാന്‍ ബിഹാര്‍ തിരഞ്ഞെടുപ്പിലൂടെ കഴിഞ്ഞു.
Content Highlights: Bihar; NDA Secures Landslide Victory, BJP Leads with Dominant Performance